ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സ്: സ്വര്‍ണം സമ്മാനിച്ച് ഷീന
ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സ്: സ്വര്‍ണം സമ്മാനിച്ച് ഷീന
Monday, May 4, 2015 11:49 PM IST
മംഗളൂരു: 19-ാമതു ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സിന്റെ മൂന്നാം ദിനം കേരളത്തിന് ഒരു സ്വര്‍ണവും ഒരു വെങ്കലവും. ട്രിപ്പിള്‍ ജംപില്‍ എം.വി. ഷീന സ്വര്‍ണം നേടിയപ്പോള്‍ ഇതേയിനത്തില്‍ തന്നെ ശില്പ ചാക്കോ വെങ്കലം നേടി. ഈയിനത്തിലെ ദേശീയ റിക്കാര്‍ഡ് ജേതാവായ മലയാളി താരം മയൂഖ ജോണി മത്സരത്തിനിറങ്ങിയിരുന്നില്ല. ഹൈജംപില്‍ ആര്‍മിയുടെ മലയാളി താരം സി. ശ്രീനിഷ് വെങ്കലം നേടി. 60 പോയിന്റുമായി കേരളം മൂന്നാം സ്ഥാനത്തു തുടരുകയാണ്. കര്‍ണാടകയും (84) ആര്‍മി(68)യുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

അതേസമയം മറ്റിനങ്ങളില്‍ കേരളത്തിന് നിരാശയായിരുന്നു ഫലം. ഹൈജമ്പില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന ശ്രീനിത് മോഹന്‍ നാലാമതായാണു ഫിനിഷ് ചെയ്തത്. 20 കിലോമീറ്റര്‍ നടത്തത്തില്‍ എം.അബ്ദുള്‍ ജലീല്‍, പോള്‍വോള്‍ട്ടില്‍ ബിനീഷ് ജേക്കബ്, വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ എം.പി.സഫീദ എന്നിവര്‍ അഞ്ചാമതായും പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ എം.എസ്. ജിജീഷ് ഒമ്പതാമതായാണു ഫിനിഷ് ചെയ്തത്.

മീറ്റിന്റെ അവസാനദിവസമായ ഇന്നു നടക്കുന്ന 400 മീറ്റര്‍ ഫൈനലില്‍ സുവര്‍ണതാരങ്ങളായ ടിന്റു ലൂക്ക, ആര്‍.അനു എന്നിവര്‍ ഇന്നു മത്സരിക്കുന്നുണ്ട്. 4-400 മീറ്ററിലും ടിന്റു മത്സരിക്കും. 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ പിന്റോ മാത്യു, ട്രിപ്പിള്‍ ജമ്പില്‍ ശ്രീജിത്മോന്‍, 400 മീറ്ററില്‍ ബിബിന്‍ മാത്യു, 1500 മീറ്ററില്‍ പി.യു.ചിത്ര എന്നിവരാണ് ഇന്നിറങ്ങുന്നതില്‍ മെഡല്‍ പ്രതീക്ഷയുള്ള മറ്റു കേരള താരങ്ങള്‍.


ട്രിപ്പിളില്‍ ഡബിള്‍

കൂട്ടുകാരികള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ട്രിപ്പിള്‍ ജംപില്‍ കേരളത്തിനു സ്വര്‍ണവും വെങ്കലവും. തൃശൂര്‍ ചേലക്കര സ്വദേശി എന്‍.വി. ഷീന സ്വര്‍ണമണിഞ്ഞപ്പോള്‍ കോഴിക്കോട് കല്ലാനോട്ടെ ശില്പ ചാക്കോ വെങ്കലം നേടി. ഇരുവരും കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജില്‍ ഡിഗ്രി വിദ്യാര്‍ഥികളാണ്. ദേശീയ ഗെയിംസില്‍ സ്വര്‍ണമെഡല്‍ ജേതാവായ ഷീന കഴിഞ്ഞ ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. എന്നാല്‍, തന്റെ മികച്ച പ്രകടനത്തിന്റെ അടുത്തെങ്ങുമെത്താന്‍ ഇക്കുറി ഷീനയ്ക്കായില്ല. 13.38 മീറ്റര്‍ ദൂരം പിന്നിട്ടിട്ടുള്ള ഷീനയ്ക്ക് 12.92 ദൂരം മാത്രമേ ഇക്കുറി താണ്ടാനായുള്ളൂ. നെല്ലിക്കല്‍ വര്‍ക്കി-ശോശാമ്മ ദമ്പതികളുടെ മകളായ ഷീന കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജിലെ ഒന്നാം വര്‍ഷ എംഎ ഇക്കണോമിക്സ് വിദ്യാര്‍ഥിനിയാണ്.

പങ്കെടുത്ത ആദ്യ സീനിയര്‍ മീറ്റില്‍ തന്നെ മെഡല്‍ നേടാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണു ശില്പ. 12.45 മീറ്റര്‍ ദൂരമാണു ശില്പ താണ്ടിയത്.

ഏട്ടില്‍ ചാക്കോ-തങ്കമ്മ ദമ്പതികളുടെ മകളായ ശില്പ മൂഡബിദ്രി ആല്‍വാസ് കോളജിലെ ഒന്നാം വര്‍ഷ എംഎ ഇക്കണോമിക്സ് വിദ്യാര്‍ഥിനിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.