ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സ്: കേരളത്തിനു വനിതാ കിരീടം
ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സ്: കേരളത്തിനു വനിതാ കിരീടം
Tuesday, May 5, 2015 12:05 AM IST
ഷൈബിന്‍ ജോസഫ്

മംഗളൂരു: പെണ്‍പട ഒരിക്കല്‍കൂടി കേരളത്തിന്റെ മാനംകാത്തു. 19-ാമത് ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു സ്വര്‍ണവും നാലു വെള്ളിയും ആറു വെങ്കലവും നേടിയ കേരളം വനിതാ വിഭാഗം കിരീടം നിലനിര്‍ത്തി. ചാമ്പ്യന്‍ഷിപ്പില്‍ ആകെ 98 പോയിന്റാണു കേരളം നേടിയത്. ഇതില്‍ 86ഉം വനിതകളുടെ സംഭാവനയാണ്. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്സ് അപ്പായ കേരളം ഇത്തവണ നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

മുന്‍വര്‍ഷത്തെ ചാമ്പ്യന്മാരായ തമിഴ്നാടിനെ മറികടന്ന് ആര്‍മി 123.5 പോയിന്റോടെ ഓവറോള്‍ ചാ മ്പ്യന്‍ഷിപ്പും പുരുഷവിഭാഗം കിരീടവും സ്വന്തമാക്കി. ഇരുവിഭാഗങ്ങളിലുമായി 114, 48 വീതം പോയിന്റുകള്‍ നേടി തമിഴ്നാട് റണ്ണേഴ്സ് അപ്പായി. ആദ്യ മൂന്നു ദിവസം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ആതിഥേയരായ കര്‍ണാടക അവസാനദിവസത്തെ ആര്‍മിയുടെയും തമിഴ്നാടിന്റെയും കുതിപ്പിനു മുന്നില്‍ 110.5 പോയിന്റുമായി മൂന്നാംസ്ഥാനത്തായി. വനിതാവിഭാഗത്തില്‍ കര്‍ണാടക(68)യ്ക്കാണു രണ്ടാം സ്ഥാനം. ഹരിയാനയുടെ ഇന്ദര്‍ജിത് സിംഗ്, ഒഡിഷയുടെ സര്‍ബാനി നന്ദ എന്നിവരാണു മികച്ച പുരുഷ-വനിത അത്ലറ്റുകള്‍. ജാവലിന്‍ത്രോയില്‍ ദേവേന്ദര്‍ സിംഗ് (ആര്‍മി), ഷോട്ട്പുട്ടില്‍ ഇന്ദര്‍ജിത് സിംഗ് (ഹരിയാന) എന്നിവരാണു മീറ്റ് റിക്കാര്‍ഡുകള്‍ സ്ഥാപിച്ചത്.

ആകെ 24 അത്ലറ്റുകള്‍ക്കാണു മീറ്റില്‍ നിന്നും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലേക്കു യോഗ്യത. ഇതില്‍ ടിന്റു ലൂക്ക (800 മീറ്റര്‍), ആര്‍. അനു (400 മീറ്റര്‍ ഹര്‍ഡില്‍സ്), ലിക്സി ജോസഫ് (ഹെപ്റ്റാത്തലണ്‍) എന്നിവരാണു കേരളത്തില്‍ നിന്നും യോഗ്യത നേടിയവര്‍. അവസാന ദിവസം കേരളത്തിനു മൂന്നു വെള്ളിയും മൂന്നു വെങ്കലവുമാണ് ലഭിച്ചത്. 400 മീറ്ററില്‍ ആര്‍. അനു വെള്ളി നേടി. ഈയിനത്തില്‍ ഏറെക്കാലത്തിനുശേഷം ട്രാക്കിലിറങ്ങിയ ടിന്റു ലൂക്കയ്ക്കു വെങ്കലം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. നിലവിലെ ചാമ്പ്യന്‍ ഒഎന്‍ജിസിയുടെ എം.ആര്‍. പൂവമ്മയ്ക്കാണു സ്വര്‍ണം. 1500 മീറ്ററില്‍ കേരളത്തിന്റെ പി.യു. ചിത്ര മികച്ച ഒരു പ്രകടനത്തിലൂടെ തന്റെ രണ്ടാമത്തെ വെള്ളി നേടി. നേരത്തെ 5000 മീറ്ററിലും ചിത്ര വെള്ളി നേടിയിരുന്നു. ഹെപ്റ്റാത്തലണില്‍ ഇരട്ട സഹോദരങ്ങളായ ലിക്സി ജോസഫും നിക്സി ജോസഫും വെള്ളിയും വെങ്കലവും സമ്മാനിച്ചു. മൂന്നു ടീമുകള്‍ മാത്രം പങ്കെടുത്ത വനിതകളുടെ 4-400 മീറ്റര്‍ റിലേയില്‍ ജെയ്സ് റാണി സെബാസ്റ്യന്‍, ലിക്സി ജോസഫ്, ആര്‍. അനു, വി.വി. ജിഷ എന്നിവരടങ്ങിയ കേരളടീമിന്റെ നേട്ടം വെങ്കലത്തിലൊതുങ്ങി. 4-100 മീറ്ററില്‍ കെ.മഞ്ജു, ഡൈബി സെബാസ്റ്യന്‍, കെ. രംഗ, സിനി അലക്സ് എന്നിവരടങ്ങിയ ടീം നാലാം സ്ഥാനത്താണു ഫിനിഷ് ചെയ്തത്. 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഡൈബി സെബാസ്റ്യന്‍ അഞ്ചാമതും അനില ജോസ് ആറാമതുമായാണു ഫിനിഷ് ചെയ്തത്. 10,000 മീറ്ററില്‍ കെ. ശരണ്യ അഞ്ചാമതായി.


കേരളത്തിന്റെ പുരുഷ അത്ലറ്റുകള്‍ പാടേ നിരാശപ്പെടുത്തി. ഒരു മെഡല്‍ പോലും നേടാന്‍ പുരുഷന്മാര്‍ക്കായില്ല.

400 മീറ്ററില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന ബിബിന്‍ മാത്യുവിനു പരിക്കുമൂലം ഓട്ടം പൂര്‍ത്തിയാക്കാനായില്ല. മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്ന പിന്റോ മാത്യു 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആറാമതായാണു ഫിനിഷ് ചെയ്തത്. ട്രിപ്പിള്‍ ജംപില്‍ ശ്രീജിത്മോന്‍ ആറാമതായും 10000 മീറ്ററില്‍ ജെ.ബിജയ് എട്ടാമതായുമാണു ഫിനിഷ് ചെയ്തത്.

1500 മീറ്ററില്‍ ആര്‍മിയുടെ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ തന്റെ മികച്ച സമയം (3: 46.98) കണ്െടത്തി സ്വര്‍ണം നേടി. നേരത്തെ 800 മീറ്ററിലും ജിന്‍സണ്‍ പൊന്നണിഞ്ഞിരുന്നു.

പുരുഷന്മാരുടെ 4-400 മീറ്റര്‍ റിലേയില്‍ സച്ചിന്‍ റോബി, ആര്‍.കെ. ജോര്‍ജ്, നോഹ് നിര്‍മല്‍ ടോം, വി. സജിന്‍ എന്നീ മലയാളികളടങ്ങിയ എയര്‍ഫോഴ്സ് ടീമിനാണു വെള്ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.