കായികനയം ഗവര്‍ണറുടെ കോര്‍ട്ടില്‍; തീരുമാനം ഈയാഴ്ച
Thursday, May 7, 2015 11:50 PM IST
തോമസ് വര്‍ഗീസ്

തിരുവനന്തപുരം: സംസ്ഥാനത്തെ കായികനയത്തില്‍ സമഗ്രമായ മാറ്റം വരുത്തിക്കൊണ്ടുള്ള കരട് സ്പോര്‍ടസ് ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ കോര്‍ട്ടില്‍. കഴിഞ്ഞ മന്ത്രിസഭ കരട് ഓര്‍ഡിനന്‍സിന് അംഗീകാരം നല്കിയതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസമാണ് ഈ ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ പരിഗണനയ്ക്കായി അയച്ചത്. ഈ ആഴ്ച തന്നെ ഗവര്‍ണര്‍ ഈ ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കുമെന്നാണു സൂചന.

2000 ത്തിലെ സ്പോര്‍ട്സ് നയത്തില്‍ വന്‍ ഭേദഗതികള്‍ വരുത്തിക്കൊണ്ടുള്ളതാണു പുതിയ നയം. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചാല്‍ ഉടന്‍ ഗസറ്റില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കാനുള്ള നീക്കമാണു സര്‍ക്കാര്‍ നടത്തുന്നത്. സംസ്ഥാന, ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ ഭരണസമിതികളുടെ കാലാവധി കഴിഞ്ഞിട്ടു വര്‍ഷങ്ങളായി. ഇപ്പോള്‍ അവയുടെ പ്രവര്‍ത്തനം നിലച്ച സ്ഥിതിയിലും.

പുതിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചാല്‍ തുടര്‍നടപടികളിലൂടെ പുതിയ ഭരണസമിതികളെ കണ്െടത്താമെന്ന കണക്കുകൂട്ടലിലാണു കായികമന്ത്രാലയം. സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സിലിന്റെ തലപ്പത്തു കായിക താരങ്ങളുടെ മികച്ച പങ്കാളിത്തം ഉണ്ടാവുമെന്നതാണു പുതിയ നിയമത്തിലെ ഏറെ ശ്രദ്ധേയമായ കാര്യം.

കഴിഞ്ഞ നിയമസഭാ സമ്മേളന കാലത്ത് ബില്‍ അവതരിപ്പിക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍, സമരങ്ങളുടെ പശ്ചാത്തലത്തില്‍ സഭാ സമ്മേളനം വെട്ടിക്കുറച്ചതോടെയാണു ബില്‍ അവതരിപ്പിക്കാന്‍ സാധിക്കാതെ വന്നത്. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ ഓര്‍ഡിനന്‍സിലൂടെ നടപടി.


കരട് ഓര്‍ഡിനന്‍സിലെ പ്രധാന നിര്‍ദേശങ്ങള്‍:

സ്റേറ്റ് സ്പോര്‍ട്സ് കൌണ്‍സിലിന് അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡ് ഉണ്ടാവണം
ഒരു കായിക ഇനത്തിനു സംസ്ഥാന തലത്തില്‍ ഒരു സംഘടനയേ പാടുള്ളൂ
സ്റേറ്റ് സ്പോര്‍ട്സ് കൌണ്‍സില്‍ ഉള്‍പ്പെടെയുള്ള എല്ലാ കൌണ്‍സിലുകളിലും 15 ശതമാനം കായികതാരങ്ങളുടെ പങ്കാളിത്തം നിര്‍ബന്ധം
സ്റേറ്റ് സ്പോര്‍ട്സ് കൌണ്‍സില്‍ ഭരണസമിതിയില്‍ അന്തര്‍ദേശീയമത്സരങ്ങളില്‍ പങ്കെടുത്ത രണ്ടു കായികതാരങ്ങള്‍ ഉണ്ടാവണം. ഇതില്‍ ഒരാള്‍ വനിതയായിരിക്കണം.
സ്പോര്‍ട്സ് കൌണ്‍സിലിനു കീഴില്‍ കായിക വികസന നിധി രൂപീകരിക്കണം
15 അംഗ സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സിലില്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്ക് പുറമേ കായികതാരങ്ങള്‍, സര്‍വകലാശാല ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍, എംഎല്‍എമാരുടെ പ്രതിനിധികള്‍, ജില്ലാ സ്പോര്‍ട്സ് കൌണ്‍സിലില്‍ നിന്നുള്ള ഒരു പ്രതിനിധി എന്നിവര്‍ ഉള്‍പ്പെടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.