വികാസ് ഗൌഡയ്ക്കും സീമ പൂനിയയ്ക്കും ഖേല്‍ രത്ന ശിപാര്‍ശ
Thursday, May 7, 2015 11:52 PM IST
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവും ഡിസ്കസ് ത്രോ താരവുമായ വികാസ് ഗൌഡയ്ക്കും മറ്റൊരു ഡിസ്കസ് താരം സീമ പൂനിയയ്ക്കും രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്നയ്ക്ക് അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ശിപാര്‍ശ ചെയ്തു. ഇരുവരും 2014ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്നു. ഇതു രണ്ടാം തവണയാണ് വികാസ് ഗൌഡയെ ഖേല്‍രത്നയ്ക്കു ശിപാര്‍ശ ചെയ്യുന്നത്. കഴിഞ്ഞ തവണ അന്തിമപട്ടികയില്‍ ഇടംനേടാനും വികാസിനായി. പാരാ അത്ലറ്റുകളായ എച്ച്.എന്‍. ഗിരിഷ, ഡേവേന്ദ് ജാംജരിയയും ഖേല്‍ രത്നയ്ക്കു ശിപാര്‍ശ ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളി താരം ഒ.പി. ജയ്ഷ, 400 മീറ്റര്‍ ഓട്ടക്കാരി എം.ആര്‍. പൂവമ്മ, ട്രിപ്പിള്‍ ജംപ് താരം അര്‍പീന്ദര്‍ സിംഗ്, സീമ എന്നിവരെ അര്‍ജുന അവാര്‍ഡിനും ശിപാര്‍ശ ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രകടനമാണ് അവാര്‍ഡുകള്‍ക്കായി പരിഗണിക്കപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.