ക്യാപ്റ്റന്‍മാരുടെ പോരാട്ടം
ക്യാപ്റ്റന്‍മാരുടെ പോരാട്ടം
Friday, May 22, 2015 10:34 PM IST
റാഞ്ചി: ആരുടെ തന്ത്രങ്ങളാകും വിജയം കാണുക. മിസ്റര്‍ കൂള്‍ ധോണിയുടേതോ അതോ യുവനായകന്‍ വിരാട് കോഹ്ലിയുടേതോ. ഇന്ത്യന്‍ ക്രിക്കറ്റിലെ ക്യാപ്റ്റന്‍മാര്‍ ഫൈനലിലേക്കുള്ള ബെര്‍ത്ത് തേടിയിറങ്ങുമ്പോള്‍ ഐപിഎലില്‍ ഇന്ന് തീപാറും രാവ്. രാത്രി എട്ടിനു റാഞ്ചിയിലാണ് ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സ്-ചെന്നൈ സൂപ്പര്‍കിംഗ്സ് രണ്ടാം ക്വാളിഫയര്‍. ജയിക്കുന്നവര്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടും.

ധോണിയുടെ നാട്ടില്‍ നടക്കുന്നതിനാല്‍ ഗാലറികളുടെ അകമഴിഞ്ഞ പിന്തുണ ചെന്നൈക്കൊപ്പമാകും. ഇത് മഞ്ഞപ്പടയ്ക്കു ചെറിയ മാനസിക മുന്‍തൂക്കം നല്കുന്നുണ്ട്. എന്നിരുന്നാലും പോരാട്ടവീര്യം ഏറെയുള്ള ബാംഗളൂരിനെ കീഴ്പ്പെടുത്തുക അത്ര എളുപ്പമാകില്ല.

ചെന്നൈക്കു കണ്‍ഫ്യൂഷന്‍

ലീഗ് ഘട്ടം കഴിയും വരെ കപ്പുയര്‍ത്താന്‍ കൂടുതല്‍ സാധ്യത കല്പിക്കപ്പെട്ടിരുന്ന ടീമായിരുന്നു ചെന്നൈ സൂപ്പര്‍കിംഗ്സ്. എന്നാല്‍ മുംബൈയ്ക്കെതിരായ ക്വാളിഫയറില്‍ കാര്യമായ വെല്ലുവിളി ഉയര്‍ത്താതെ ധോണിയും സംഘവും കീഴടങ്ങിയതോടെ ടീമിന്റെ ശക്തിയെക്കുറിച്ച് ആരാധകരും സംശയിച്ചു തുടങ്ങിയിട്ടുണ്ട്. ബ്രെണ്ടന്‍ മക്കല്ലത്തിന്റെ അഭാവം ചെന്നൈയെ ശരിക്കും ബാധിച്ചിട്ടുണ്ട്. ടൂര്‍ണമെന്റിലുടനീളം മക്കല്ലത്തിന്റെ ബാറ്റില്‍ നിന്നും റണ്‍പ്രവാഹമായിരുന്നു. കിവി നായകന്‍ മടങ്ങിയ ഒഴിവില്‍ ഓപ്പണിംഗ് റോളിലെത്തിയ മൈക് ഹസി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ക്ളച്ച് പിടിച്ചതുമില്ല. എങ്കിലും ഡ്വെയ്ന്‍ സ്മിത്തിനൊപ്പം ഈ വെറ്ററന്‍ തന്നെ ഇന്നിംഗ്സ് തുറന്നേക്കും. ഒറ്റയ്ക്കു കളി ജയിപ്പിക്കാന്‍ ശേഷിയുള്ള സുരേഷ് റെയ്നയുടെ മികവ് എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഇന്ന് വമ്പനൊരു ഇന്നിംഗ്സ് റെയ്നയില്‍ നിന്നും ടീം പ്രതീക്ഷിക്കുന്നു. ഫഫ് ഡുപ്ളിസി മാത്രമാണ് ചെന്നൈ ബാറ്റിംഗില്‍ സ്ഥിരത പ്രകടിപ്പിക്കുന്ന ഒരു താരം. ബാറ്റിംഗിലെ അസ്ഥിരത ‘ക്യാപ്റ്റന്‍ കൂള്‍’ ധോണിയെ സമ്മര്‍ദത്തിലാക്കിയെന്നാണ് റാഞ്ചിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

ആശിഷ് നെഹ്റ, ഈശ്വര്‍ പാണ്ഡ്യെ, ഡ്വെയ്ന്‍ ബ്രാവോ- ചെന്നൈയുടെ പേസ് ബാറ്ററി ഫുള്‍ ചാര്‍ജിലാണ്. വിക്കറ്റ് വേട്ടക്കാരില്‍ മുന്നിലുള്ള ബ്രാവോയാണ് കൂടുതല്‍ അപകടകാരി. മധ്യ ഓവറുകളില്‍ റണ്‍നിരക്ക് പിടിച്ചുനിര്‍ത്തുന്നതിനൊപ്പം വിക്കറ്റ് വീഴ്ത്താനും വിന്‍ഡീസ് താരത്തിനാകുന്നു. ഇടംകൈയന്‍ പേസര്‍ നെഹ്റയും ഉജ്വലഫോമിലാണ്. 18-കാരനെപ്പോലെ പന്തെറിയുന്ന ഈ ഡല്‍ഹിക്കാരന്‍ അവസാന ഓവറുകളിലാണ് കൂടുതല്‍ അപകടകാരിയാകുന്നത്. സീസണിലെ കണ്ടുപിടുത്തങ്ങളിലൊന്നായ ഈശ്വര്‍ പാണ്ഡെയും തന്റെ റോള്‍ ഭംഗിയായി നിര്‍വഹിക്കുന്നു. റാഞ്ചിയിലെ വേഗംകുറഞ്ഞ വിക്കറ്റില്‍ അശ്വിന്റെയും ജഡേജയുടെയും കുത്തിത്തിരിയുന്ന പന്തുകള്‍ ബാംഗളൂരിനു കനത്ത വെല്ലുവിളിയാകും.


ഗെയ്ല്‍-എ.ബി.-കോഹ്ലി

മിന്നിക്കത്തുന്നതെപ്പോഴെന്നു പ്രവചിക്കാന്‍ സാധിക്കാത്തതാണ് ബാംഗളൂരിന്റെ സ്വഭാവം. കളിച്ചാല്‍ എല്ലാവരും കളിക്കും. മടുപ്പാണങ്കിലും അങ്ങനെതന്നെ. ഒറ്റയ്ക്കു കളി ജയിപ്പിക്കാന്‍ ശേഷിയുള്ള താരങ്ങളുടെ സാന്നിധ്യമാണ് കോഹ്ലിയെയും സംഘത്തെയും അപകടകാരികളാക്കുന്നത്. ഈ സീസണില്‍ പലവട്ടം പല ടീമുകള്‍ ബാംഗളൂരിന്റെ കരുത്തറിഞ്ഞതാണ്.

ബാംഗളൂര്‍ ഈ സീസണില്‍ നേടിയ നാലില്‍ രണ്ടുശതമാനം റണ്‍സും ഗെയ്ല്‍-ഡിവില്യേഴ്സ്-കോഹ്ലി ത്രയത്തിന്റെ ബാറ്റില്‍നിന്നാണ്.

എന്നാല്‍, ഈ മൂവരും കഴിഞ്ഞാല്‍ പ്രളയമല്ലെന്നു എലിമിനേറ്ററില്‍ അര്‍ധസെഞ്ചുറി നേടിയ മന്‍ദീപ് സിംഗ് തെളിയിച്ചു. 10 കോടിയുടെ സ്വത്ത് ദിനേഷ് കാര്‍ത്തിക് മാത്രമാണ് പണത്തിനൊത്ത കളി പുറത്തെടുക്കാത്ത താരം.

മിച്ചല്‍ സ്റാര്‍ക്കിന്റെ ഇടംകൈയന്‍ യോര്‍ക്കറുകളാണ് ബാംഗളൂര്‍ ബൌളിംഗിനെ ലോകോത്തരമാക്കുന്നത്. ഇന്നിംഗ്സിന്റെ തുടക്കത്തിലും അവസാനവും എതിരാളികളുടെമേല്‍ ആധിപത്യം നേടാന്‍ സ്റാര്‍ക്കിനു കഴിയുന്നു.

യുഷ്വേന്ദ്ര ചാഹല്‍ എന്ന സ്പിന്നര്‍ ഈ സീസണിലെ അദ്ഭുത പാക്കേജുകളിലൊന്നാണ്. വിക്കറ്റ് വേട്ടയില്‍ ആദ്യ അഞ്ചിലുള്ള ചഹാലിനെ സമര്‍ഥമായി ഉപയോഗിക്കാന്‍ കോഹ്ലിക്കു കഴിയുന്നുണ്ട്. ഇരുവരും കഴിഞ്ഞാല്‍ ബാംഗളൂരിന്റെ ബൌളിംഗ് അത്ര മികച്ചതല്ല.

വരുണ്‍ ആരോണ്‍ സീസണില്‍ അത്ര അപകടകാരിയല്ല. ശ്രീനാഥ് അരവിന്ദ്, ഹര്‍ഷല്‍ പട്ടേല്‍, ഡേവിഡ് വൈസ് തുടങ്ങിയവരാണ് മറ്റു പ്രധാന ബൌളര്‍മാര്‍. ഇത്തവണ പല കളികളിലും ബാംഗളൂര്‍ തോറ്റത് ബൌളര്‍മാരുടെ കഴിവുകേടാണെന്നതു ശ്രദ്ധേയമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.