ഫ്രഞ്ച് ഓപ്പണ്‍ സിംഗിള്‍സിന് ഇന്ത്യന്‍ താരങ്ങളില്ല
Saturday, May 23, 2015 12:24 AM IST
പാരിസ്: യോഗ്യതാ റൌണ്ടില്‍ പരാജയപ്പെട്ടതോടെ ഇക്കുറി ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് സിംഗിള്‍സില്‍ ഇന്ത്യന്‍ താരങ്ങളുണ്ടാകില്ല. പുരുഷതാരങ്ങളായ യുകി ഭാംബ്രി, രാംകുമാര്‍ രാമനാഥന്‍, സോംദേവ്ദേവ് വര്‍മന്‍ എന്നിവര്‍ക്ക് യോഗ്യതാറൌണ്ട് കടക്കാനായില്ല. അതേസമയം, ലോക ഒന്നാംനമ്പര്‍ നൊവാക് ജോക്കോവിച്ചും റാഫേല്‍ നദാലും ക്വാര്‍ട്ടറില്‍ നേര്‍ക്കുനേര്‍ വരുമെന്നുറപ്പായി. ഇതോടെ മികച്ച താരങ്ങളിലൊരാള്‍ സെമിയിലെത്താതെ പുറത്താകുമെന്നുറപ്പായി.


യോഗ്യതാറൌണ്ടില്‍ ജര്‍മനിയുടെ ടിം പുട്സിനോട് 6-4, 6-3നാണ് ഭാംബ്രി കീഴടങ്ങിയത്. അമേരിക്കയുടെ ജറാഡ് ഡൊണാള്‍ഡ്സനാണ് രാംകുമാര്‍ രാമനാഥനു മടക്കടിക്കറ്റ് നല്കിയത് (6-2, 6-0). റഷ്യയുടെ എവ്ഗെനി ഡോണ്‍സ്കോയിയോട് രണ്ടാംറൌണ്ടില്‍ 6-2, 6-4നാണ് സോംദേവ് തോല്‍വിയേറ്റു വാങ്ങിയത്. വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ, പുരുഷ ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ എന്നിവരാണ് സീസണിലെ രണ്ടാം ഗ്രാന്‍ഡ് സ്ളാമില്‍ ഇന്ത്യയില്‍നിന്നുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.