കളിമണ്ണില്‍ പുതിയ രാജാവ്? ഫ്രഞ്ച് ഓപ്പണ്‍ ഇന്നുമുതല്‍
കളിമണ്ണില്‍ പുതിയ രാജാവ്? ഫ്രഞ്ച് ഓപ്പണ്‍ ഇന്നുമുതല്‍
Sunday, May 24, 2015 12:21 AM IST
പാരീസ്: വര്‍ഷത്തെ രണ്ടാമത്തെ ഗ്രാന്‍ഡ് സ്ലാം ഫ്രഞ്ച് ഓപ്പണ്‍ പാരീസിലെ റൊളാംഗ് ഗാരോയില്‍ ഇന്നു തുടങ്ങുമ്പോള്‍ ഏവരും ഉറ്റുനോക്കുന്നത് കളിമണ്‍ കോര്‍ട്ടില്‍ പുതിയൊരു രാജാവ് ഉണ്ടാകുമോ എന്നാണ്. കളിമണ്‍ കോര്‍ട്ടിലെ രാജാവായി അറിയപ്പെടുന്ന സ്പെയിനിന്റെ റാഫേല്‍ നദാല്‍ കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് ഇപ്പോള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത് എന്നതാണ് ആരാധകരെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്. ഒമ്പതു തവണ ഫ്രഞ്ച് ഓപ്പണ്‍ കിരീടം ചൂടിയ നദാല്‍ കഴിഞ്ഞ തവണ നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്.

ഏറ്റവും കൂടുതല്‍ തവണ ഇവിടെ കിരീടം ചൂടിയതിന്റെ റിക്കാര്‍ഡ് നദാലിന്റെ പേരിലാണ്. എട്ടു തവണ കിരീടം ചൂടിയ ഫ്രാന്‍സിന്റെ മാക്സ് ഡെക്കൂയിസിന്റെ റിക്കാര്‍ഡാണ് നദാല്‍ കഴിഞ്ഞ തവണ പഴങ്കഥയാക്കിയത്. 14 ഗ്രാന്‍ഡ്സ്്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള നദാലിനു പക്ഷേ, കഴിഞ്ഞ ഫെബ്രുവരിക്കു ശേഷം ഒരു കിരീടംപോലും നേടാനായിട്ടില്ല. നിരന്തരം സംഭവിക്കുന്ന പരിക്കും ഫോമില്ലായ്മയും നദാലിനെ വലയ്ക്കുകയാണ്. അതുപോലെ കളിമണ്‍ കോര്‍ട്ടിലും നദാല്‍ പതിവില്ലാതെ പരാജയപ്പെടുകയാണ്. ഇക്കാലയളവില്‍ 28കാരനായ നദാല്‍ തോറ്റ ഒമ്പതു മത്സരങ്ങളില്‍ അഞ്ചും കളിമണ്ണിലായിരുന്നു.


വനിതാ വിഭാഗത്തില്‍ സിമോണി ഹാലെപ്പിനെ പരാജയപ്പെടുത്തിയ മരിയ ഷറപ്പോവയാണ് ചാമ്പ്യന്‍. മികച്ച ഫോമില്‍ കളിക്കുന്ന ജോക്കോവിച്ച് ഇത്തവണ നദാലിനെ പരാജയപ്പെടുത്തി ഇവിടെ കിരീടം നേടുമെന്ന് വിശ്വസിക്കുന്നവരാണ് അധികവും. എന്നാല്‍, നദാലിനെ എഴുതിത്തള്ളുന്നത് മണ്ടത്തരമാകുമെന്ന് ബ്രിട്ടന്റെ ആന്‍ഡി മുറെ പറയുന്നു. ജോക്കോവിച്ചിനു പുറമേ, ഇതിഹാസതാരം റോജര്‍ ഫെഡറര്‍ക്ക് കിരീട സാധ്യത കല്പിക്കുന്നവരുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.