ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്
ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്
Monday, May 25, 2015 12:39 AM IST
കോല്‍ക്കത്ത: ചാമ്പ്യന്മാരുടെ കളി ഇതാണ്. എതിരാളികള്‍ക്ക് ഒരവസരവും നല്കാതിരിക്കുക. കരീബിയന്‍ രസക്കൂട്ടും ടീം സ്പിരിറ്റും ഒത്തുചേര്‍ന്നപ്പോള്‍ മുംബൈ ഇന്ത്യന്‍സിനു രണ്ടാം ഐപിഎല്‍ കിരീടം. ധോണിപ്പടയെ 41 റണ്‍സിനു തറപറ്റിച്ചാണ് രോഹിത് ശര്‍മയും കൂട്ടരും വിജയമാഘോഷിച്ചത്. സ്കോര്‍: മുംബൈ 20 ഓവറില്‍ അഞ്ചിന് 202, ചെന്നൈ സൂപ്പര്‍ കിംഗ്സ്-20 ഓവറില്‍ എട്ടിന് 161.

വിന്‍ഡീസ് താരങ്ങളായിരുന്നു മുംബൈ ജയത്തില്‍ നിറഞ്ഞുനിന്നത്. ആദ്യം ലെന്‍ഡല്‍ സിമണ്‍സിന്റെ വെടിക്കെട്ട്. അവസാന ഓവറുകളില്‍ കയ്റോണ്‍ പൊളാര്‍ഡിന്റെ തട്ടുപൊളിപ്പന്‍ ബാറ്റിംഗ്. മഞ്ഞപ്പടയെ തൂത്തെറിയാന്‍ ഇത്രയൊക്കെ മതിയായിരുന്നു. സിമണ്‍സ് 68ഉം നായകന്റെ കളി കളിച്ച രോഹിത് ശര്‍മ 26 പന്തില്‍ ആറു ബൌണ്ടറിയും രണ്ടു സിക്സുമടക്കം 50 റണ്‍സും നേടി. രോഹിതാണ് മാന്‍ ഓഫ് ദ മാച്ച്. 2013ലും മുംബൈ കിരീടം ചൂടിയിരുന്നു. ഇതോടെ ഐപിഎലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം ചൂടിയ ചെന്നൈയുടെ റിക്കാര്‍ഡിനൊപ്പം മുംബൈയുമെത്തി. ചെന്നൈ ഇത് ആറാം തവണയാണ് ഫൈനലിലെത്തിയത്.

സിമണ്‍സ് തുടക്കം

ആദ്യ ഓവറില്‍തന്നെ പാര്‍ഥിവ് പട്ടേലിനെ (പൂജ്യം) റണ്ണൌട്ടാക്കി മുംബൈയെ ഞെട്ടിക്കാന്‍ ചെന്നൈക്കായി. പക്ഷേ, ലെന്‍ഡല്‍ സിമണ്‍സിന്റെ കടന്നാക്രമണം ഫീല്‍ഡ് ചെയ്യാനുള്ള ധോണിയുടെ തീരുമാനം മണ്ടത്തരമായിപ്പോയോ എന്നു തോന്നിച്ചു. വിന്‍ഡീസ് ക്രിക്കറ്റിന്റെ രൌദ്രഭാവങ്ങളെല്ലാം ആവാഹിച്ചായിരുന്നു സിമണ്‍സ് ബാറ്റ് വീശിയത്. സ്ട്രൈക്ക് കൈമാറി രോഹിത് ശര്‍മ നല്ല നായകനായി. മുമ്പ് ധോണി ഫലപ്രദമായി വിജയിപ്പിച്ച മൂന്നു സ്പിന്നര്‍മാരെ അണിനിരത്തിയുള്ള ആക്രമണം മുളയിലെ നുള്ളാനും സിമണ്‍സ്-രോഹിത് സഖ്യത്തിനായി. രവീന്ദ്ര ജഡേജയെ ആദ്യ ഓവറില്‍ മൂന്നുതവണയാണ് സിമണ്‍സ് അതിര്‍ത്തി കടത്തിയത്. അശ്വിന്റെയും പവന്‍ നെഗിയുടെയും വേഗംകുറഞ്ഞ പന്തുകള്‍ക്കും മുംബൈ ബാറ്റ്സ്മാന്‍മാരുടെ കടന്നാക്രമണത്തെ തടയാനായില്ല. പവര്‍പ്ളേ അവസാനിക്കുമ്പോള്‍ മുംബൈ സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തത് 61 റണ്‍സ്.

പന്ത്രണ്ടാം ഓവറിലാണ് ചെന്നൈ ഡ്വെയ്ന്‍ ബ്രാവോയെ പന്തേല്പിക്കുന്നത്. വിന്‍ഡീസ് ടീമിലെ സഹതാരമായ സിമണ്‍സിന്റെ സാന്നിധ്യമാകാം റണ്ണൊഴുകിയപ്പോള്‍ ബ്രാവോയെ പന്തേല്പിക്കാന്‍ ധോണി മടിച്ചത്. രോഹിതിനെ വീഴ്ത്തി ബ്രാവോ വിശ്വാസം കാത്തു. 26 പന്തില്‍ 50 റണ്‍സെടുത്ത രോഹിതിന്റെ ഇന്നിംഗ്സ് ലോംഗ് ഓണില്‍ ജഡേജയുടെ കൈകളില്‍ അവസാനിച്ചു. 12 ഓവറില്‍ രണ്ടിന് 120 റണ്‍സായിരുന്നു അപ്പോള്‍ മുംബൈ സ്കോര്‍. ആഞ്ഞുപിടിച്ചാല്‍ 220-240 റണ്‍സ് അസാധ്യമല്ലാത്ത അവസ്ഥ. എന്നാല്‍, തൊട്ടടുത്ത ഓവറില്‍ മുംബൈ വീണ്ടും ഞെട്ടി. മറ്റൊരു കരീബിയന്‍ ഇറക്കുമതി, ഡ്വെയ്ന്‍ സ്മിത്തിന്റെ മിലിട്ടറി മീഡിയം പന്തില്‍ സിമണ്‍സ് ബൌള്‍ഡ്!. 45 പന്തില്‍ എട്ടു ബൌണ്ടറിയും മൂന്നു സിക്സറുമടക്കം 68 റണ്‍സായിരുന്നു സിമ്മോയുടെ സമ്പാദ്യം. അപ്രതീക്ഷിതമായി രണ്ടുവിക്കറ്റ് വീണതിന്റെ ആഘാതത്തില്‍ മുംബൈ കളിയിലാദ്യമായി ബാക്ഫുട്ടിലായി.


കെയ്റോണ്‍ പൊളാര്‍ഡിനെയും അമ്പാട്ടി റായ്ഡുവിനെയും സമ്മര്‍ദം പിടികൂടുകയും ചെയ്തു. ബ്രാവോ പതിവുപോലെ റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കനായി. 16 ഓവര്‍ പിന്നിടുമ്പോള്‍ മുംബൈ മൂന്നിന് 150 നിര്‍ണായകമായ അവസാന അഞ്ച് ഓവറുകള്‍. എന്നാല്‍, തൊട്ടടുത്ത ഓവറില്‍ പൊളാര്‍ഡ് കാടത്തം ഈഡന്‍ ഗാര്‍ഡന്‍സിലൊഴുകിയെത്തിയ ആരാധകര്‍ കണ്ടു. ആദ്യസ്പെല്ലില്‍ മൂന്നു ഓവറില്‍ വെറും 18 റണ്‍സ് വഴങ്ങിയ നെഹ്റയായിരുന്നു ഇര. മൂന്നു പടുകൂറ്റന്‍ സിക്സറടക്കം ഈ ഓവറില്‍ പിറന്നത് 23 റണ്‍സ്. 19-മത്തെ ഓവറിലെ അവസാനപന്തില്‍, 18 പന്തില്‍ 36 റണ്‍സെടുത്ത പൊളാര്‍ഡ് മടങ്ങി. ഹര്‍ഭജന്റെ മികവില്‍ അവസാന ഓവറില്‍ 11 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മുംബൈ 200 കടന്നു. ചെന്നൈയുടെ മൂന്നു സ്പിന്നര്‍മാര്‍ എറിഞ്ഞത് വെറും ആറ് ഓവര്‍ മാത്രം. വിക്കറ്റൊന്നും നേടാനുമായില്ല. വിട്ടുകൊടുത്തത് 65 റണ്‍സും. രണ്ടു വിക്കറ്റ് നേടിയ ബ്രാവോ മാത്രമാണ് പ്രതീക്ഷയ്ക്കൊത്തു പന്തെറിഞ്ഞത്.

മുടന്തി മുടന്തി

കപ്പിലേക്കുള്ള ദൂരം വളരെ അകലെയാണെന്ന ബോധ്യമില്ലാതെ തട്ടിയും മുട്ടിയും നിന്ന മൈക്ക് ഹസി (ഒമ്പത് പന്തില്‍ നാല്) പുറത്താകുമ്പോള്‍ ചെന്നൈ 4.4 ഓവറില്‍ 22 റണ്‍സ്. ഇതിനിടെ 48 പന്തില്‍ 57 റണ്‍സെടുത്ത സ്മിത്തിനെ ഹര്‍ഭജന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി.

നിര്‍ണായകഘട്ടങ്ങളില്‍ പലപ്പോഴും ടീമിനെ കാത്തിട്ടുള്ള സുരേഷ് റെയ്നയ്ക്കും കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു.

ഭാജിയുടെ തന്ത്രത്തിനു മുന്നില്‍ റെയ്നയും (28) കീഴടങ്ങി. റെയ്നയാണ് ടോസ് സ്കോറര്‍. ധോണിയുടെ മിഡില്‍സ്റ്റമ്പ് മലിംഗ പിഴുതതോടെ ചെന്നൈയുടെ വിധി കുറിക്കപ്പെട്ടിരുന്നു. പിന്നെയെല്ലാം ചടങ്ങു തീര്‍ക്കലായി. മുംബൈക്കുവേണ്ടി ലസിത് മലിംഗ രണ്ടും മക് ക്ളനേഗന്‍ മൂന്നും വിക്കറ്റുകള്‍ നേടി. ഹര്‍ഭജന്‍ സിംഗിനും കിട്ടി രണ്ടു വിക്കറ്റ്.

സീസണിന്റെ തുടക്കം മുംബൈക്ക് തിരിച്ചടിയായിരുന്നു. ആദ്യം കളിച്ച നാലു മത്സരങ്ങളിലും പരാജയമായിരുന്നു ഫലം. എന്നാല്‍, പിന്നീടു മെച്ചപ്പെട്ടുവന്ന മുംബൈ പതുക്കെ വിജയഭേരിയിലമര്‍ന്നു. ഈ സീസണില്‍ നാലു മത്സരങ്ങളില്‍ ഇതു മൂന്നാം തവണയാണ് മുംബൈ ചെന്നൈയെ പരാജയപ്പെടുത്തുന്നത്. മുന്‍ ഒസീസ് നായകന്‍ റിക്കി പോണ്ടിംഗിന്റെ പരിശീലന മികവും സച്ചിന്റെ മെന്‍ഡര്‍ഷിപ്പും മുംബൈയുടെ വിജയത്തില്‍ നിര്‍ണായ കമായി. ഡല്‍ഹിയുടെ ശ്രേയസ് അയ്യരാണ് എമേര്‍ജിംഗ് പ്ളെയര്‍.

ടോപ് 5 ബാറ്റ്സ്മാന്‍
(താരം, മത്സരം, ഇന്നിംഗ്സ്, റണ്‍സ്, ശരാശരി)

ഡേവിഡ് വാര്‍ണര്‍ 14-14-562-43.23
്രഹാനെ 14-13-540-49.09
സിമണ്‍സ് 13-13-540-45.00
ഡിവില്യേഴ്സ് 16-14-513-46.63
കോഹ്ലി 16-16-505-45.90

ടോപ് 5 ബൌളര്‍
(താരം, മത്സരം, വഴങ്ങിയ റണ്‍സ്, വിക്കറ്റ്)

ഡ്വെയ്ന്‍ ബ്രാവോ 17-426-26
ലസിത് മലിംഗ 15-444-24
യുഷ്വേന്ദ്ര ചാഹല്‍ 15-415-23
ആശിഷ് നെഹ്റ 16-449-22
മിച്ചല്‍ സ്റ്റാര്‍ക് 13-291-20
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.