ബാറ്റില്‍ വാര്‍ണര്‍, പന്തില്‍ ബ്രാവോ
ബാറ്റില്‍ വാര്‍ണര്‍, പന്തില്‍ ബ്രാവോ
Monday, May 25, 2015 12:43 AM IST
ഐപിഎല്‍ എട്ടിനു കൊടിയിറങ്ങിയപ്പോള്‍ ബാറ്റിംഗില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിന്റെ ഓസീസ് താരം ഡേവിഡ് വാര്‍ണറും ബൌളിംഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോയും. എന്നാല്‍, ഫൈനലില്‍ കയറിയ മുംബൈ ഇന്ത്യന്‍സിന്റെയോ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഒരു താരവും ബാറ്റ്സ്മാന്മാരുടെ ലിസ്റില്‍ ആദ്യ സ്ഥാനങ്ങളില്‍ ഇല്ല എന്നതാണ് പ്രത്യേകത. പ്ളേ ഓഫ് കാണാതെ പുറത്തായ ഹൈദരാബാദിനുവേണ്ടി 14 മത്സരങ്ങളില്‍നിന്ന് 43.23 ശരാശരിയില്‍ 562 റണ്‍സാണ് വാര്‍ണര്‍ അടിച്ചുകൂട്ടിയത്. രണ്ടാം സ്ഥാനത്ത് രാജസ്ഥാന്‍ റോയല്‍സിന്റെ അജിങ്ക്യ രാഹാനെയാണ്. 49.09 ശരാശരിയില്‍ രഹാനെയും 540 റണ്‍സ് നേടിയിട്ടുണ്ട്. 14 മത്സരങ്ങളില്‍നിന്നാണിത്. മൂന്നാം സ്ഥാനത്തുള്ള മുംബൈയുടെ ലെന്‍ഡല്‍ സിമ്മണ്‍സിന് 13 മത്സരങ്ങളില്‍നിന്ന് 540 റണ്‍സുണ്ട്. നാലാം സ്ഥാനത്ത് 513 റണ്‍സുമായി ബാംഗളൂരിന്റെ എ.ബി. ഡിവില്യേഴ്സാണ്.

ബൌളിംഗില്‍ മുമ്പന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഡ്വെയ്ന്‍ ബ്രാവോയാണ്. 17 മത്സരങ്ങള്‍ കളിച്ച ബ്രാവോയ്ക്ക് 26 വിക്കറ്റുണ്ട്. രണ്ടാം സ്ഥാനത്ത് 24 വിക്കറ്റുമായി മുംബൈയുടെ ലസിത് മലിംഗയാണ്. ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ യുവ സ്പിന്നര്‍ യുഷ്വേന്ദ്ര ചാഹലാണ് മൂന്നാമത്.

സീസണിലെ മികച്ച ബൌളിംഗ് പ്രകടനം ചെന്നൈയുടെ ആശിഷ് നെഹ്റയുടെ പേരിലാണ്. ബാംഗളൂരിനെതിരേ നാല് ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റുകള്‍ നേടിയതാണ് ഈ സീസണിലെ ഏറ്റവും മികച്ച വ്യക്തിഗത ബൌളിംഗ് പ്രകടനം. രാജസ്ഥാന്‍ റോയല്‍സിനെതിരേ ചെന്നൈയുടെ രവീന്ദ്ര ജഡേജ പുറത്തെടുത്ത 4-11 ആണ് രണ്ടാമത്.

ക്യാച്ചസ് വിന്‍ ദ മാച്ചസ്

ക്യാച്ചുകള്‍ പാഴാക്കാതിരുന്നാല്‍ മത്സരം വിജയിക്കാം. ചെന്നൈയുടെയും മുംബൈയുടെയും വിജയങ്ങള്‍ക്കു പിന്നില്‍ മികച്ച ഫീല്‍ഡിംഗ് കൂടിയുണ്ട്. കൂടുതല്‍ ക്യാച്ചുകള്‍ നേടിയവരുടെ പട്ടികയില്‍ ചെന്നൈയുടെ ഡ്വെയ്ന്‍ ബ്രാവോയാണു മുന്നില്‍. 17 മത്സരങ്ങളില്‍നിന്ന് ബ്രാവോ 13 ക്യാച്ചുകള്‍ സ്വന്തമാക്കി. രണ്ടാം സ്ഥാനത്ത് 13 ക്യാച്ചുമായി രവീന്ദ്രജഡേജയാണ്. മൂന്നാം സ്ഥാനത്ത് ചെന്നൈയുടെ സുരേഷ് റെയ്നയും(17 മത്സരങ്ങളില്‍നിന്ന് 11 ക്യാച്ച്). മൂന്നാം സ്ഥാനത്ത് മുംബൈയുടെ അമ്പാട്ടി റായിഡുവും പൊളാര്‍ഡുമാണ് ഇരുവര്‍ക്കും ഒമ്പതു ക്യാച്ചുകള്‍.


ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ടീമുകളുടെ പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങള്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സിനാണ്. മുംബൈ ഇന്ത്യന്‍സിനെതിരേ നേടിയ ഒരു വിക്കറ്റ് നഷ്ടത്തില്‍ 235ഉം കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരേ ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 226 റണ്‍സുമാണ് ഈ സീസണിലെ ഉയര്‍ന്ന ടീം സ്കോറുകള്‍. ഏഴു തവണയാണ് ടീം സ്കോര്‍ 200 കടന്നത്. ഇതില്‍ മൂന്നെണ്ണവും റോയല്‍ ചലഞ്ചേഴ്സിന്റെ പേരിലാണ്. ഫൈനലിലുള്‍പ്പെടെ രണ്െടണ്ണം മുംബൈയുടെ പേരിലും.

ഈ സീസണിലെ ഉയര്‍ന്ന വ്യക്തിഗത സ്കോറിന്റെ ഉടമ ബാംഗളൂരിന്റെ എ.ബി. ഡിവില്യേഴ്സാണ്. മുംബൈ ഇന്ത്യന്‍സിനെതിരേ പുറത്താകാതെ നേടിയ 133 റണ്‍സ്. രണ്ടാം സ്ഥാനത്ത് ക്രിസ് ഗെയ്ലാണ്. കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരേയുള്ള 117 റണ്‍സ്.

ഈ സീസണില്‍ നാലു സെഞ്ചുറികളാണ് പിറന്നത്. ക്രിസ് ഗെയില്‍, ഡിവില്യേഴ്സ് എന്നിവര്‍ക്കൊപ്പം ഷെയ്ന്‍ വാട്്സനും ബ്രണ്ടന്‍ മക്കല്ലവുമാണ് സെഞ്ചുറികളുടെ ഉടമകള്‍. മുംബൈ ഇന്ത്യന്‍സും ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സും തമ്മില്‍ മേയ് 10ന് നടന്ന മത്സരത്തിലാണ് ഏറ്റവും കൂടുതല്‍ റണ്‍സ് പിറന്നത്. ബാംഗളൂര്‍ വിജയിച്ച മത്സരത്തില്‍ രണ്ട് ടീമും കൂടി 40 ഓവറില്‍ അടിച്ചുകൂട്ടിയത് 431 റണ്‍സാണ്. വ്യക്തിഗത പ്രകടനങ്ങളെടുത്താല്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടിയ താരം ക്രിസ് ഗെയ്ലാണ്. 14 മത്സരങ്ങള്‍ കളിച്ച ഗെയ്ല്‍ 38 സിക്സറുകള്‍ നേടി. രണ്ടാം സ്ഥാനത്ത് 28 സിക്സുമായി മുംബൈയുടെ വിന്‍ഡീസ് താരം കയ്റോണ്‍ പൊളാര്‍ഡും. ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറി നേടി യതാരം ഹൈദരാബാദിന്റെ ഡേവിഡ് വാര്‍ണറാണ്. ഏഴ് അര്‍ധസെഞ്ചുറികള്‍ നേടിയ വാര്‍ണര്‍ക്കു പിന്നില്‍ രണ്ടാം സ്ഥാനത്ത് ആറ് ഫിഫ്റ്റിയുമായി മുംബൈ ഇന്ത്യന്‍സിന്റെ ലെന്‍ഡല്‍ സിമണ്‍സാണ്. ഏറ്റവും കൂടുതല്‍ തവണ ഡക്കായതിന്റെ നാണക്കേട് ചെന്നൈയുടെ ഡ്വെയ്ന്‍ സ്മിത്തിന്റെ പേരിലാണ;് മൂന്നു തവണ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.