കോഹ്ലിക്കു വെല്ലുവിളി രോഹിത് ശര്‍മ
കോഹ്ലിക്കു വെല്ലുവിളി രോഹിത് ശര്‍മ
Tuesday, May 26, 2015 10:49 PM IST
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ എട്ടാം പതിപ്പിനു തിരശീല വീണപ്പോള്‍ മുംബൈ ഇന്ത്യന്‍സിന്റെ വിജയത്തില്‍ നിര്‍ണായക സ്ഥാനം അലങ്കരിക്കുന്ന രോഹിത് ശര്‍മയുടെ നായകമികവാണ് ചര്‍ച്ചയാകുന്നത്. മഹേന്ദ്രസിംഗ് ധോണിക്കു ശേഷം ടീം ഇന്ത്യയുടെ നായകന്‍ ആരെന്ന ചോദ്യത്തിന് നല്ലൊരു ശതമാനം ആരാധകരും നിരൂപകരും നല്‍കിയ ഉത്തരം വിരാട് കോഹ്ലി എന്നായിരുന്നു. എന്നാല്‍, കോഹ്ലിയോളംതന്നെ, ഒരുപക്ഷേ, അതിനു മേലേയാണ് ഐപിഎല്‍ കഴിയുമ്പോള്‍ രോഹിതിന്റെ സ്ഥാനം. സീസണിലെ തങ്ങളുടെ ആദ്യ നാലു മത്സരങ്ങളിലും പരാജയപ്പെട്ട മുംബൈ ഇന്ത്യന്‍സിന്റെ തിരിച്ചുവരവ് ഏവരെയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു. അതിനു പിന്നില്‍ രോഹിത് ശര്‍മ എന്ന ഊര്‍ജസ്വലനായ നായകന്റെ പങ്ക് വളരെ വലുതാണ്. ഒടുവില്‍ ഫൈനലില്‍ നായകനുതകുന്ന ഇന്നിംഗ്സ് കാഴ്ചവച്ച് രോഹിത് മുംബൈക്കു കിരീടം വാങ്ങിക്കൊടുത്തു. ഫൈനലിലെ മാന്‍ ഓഫ് ദ മാച്ചും മറ്റാരുമല്ല.

ഇതോടെയാണ് രോഹിത് ശര്‍മയുടെ പേര് ഭാവി ഇന്ത്യയുടെ നായകന്‍ എന്ന തരത്തില്‍ ഉയര്‍ന്നത്. ടെസ്റ്റില്‍ ഇപ്പോള്‍ ഇന്ത്യയെ നയിക്കുന്ന വിരാട് കോഹ്ലിയുടെ സ്ഥാനത്തിന് രോഹിത് വെല്ലുവിളിയുയര്‍ത്തും എന്ന കാര്യത്തില്‍ സംശയമില്ല. ഒപ്പം ധോണി ഒഴിവാകുന്ന സാഹചര്യത്തില്‍ ഏകദിന ടീമിന്റെ നായകസ്ഥാനവും ഈ മുംബൈക്കാരനിലെത്തും.

ഐപിഎല്‍ ഈ സീസണില്‍ 16 മത്സരങ്ങളില്‍നിന്ന് 482 റണ്‍സാണ് രോഹിത് നേടിയത്. ശരാശരി 34.42. സ്ട്രൈക്ക് റേറ്റ് 144.74. ടീമിന്റെ ഓപ്പണറായും മൂന്നാം നമ്പറായും നാലാം നമ്പറായും രോഹിതിനെ നാം ഈ സീസണില്‍ കണ്ടു. നായകനുവേണ്ട ഗുണമാണ് അവസരത്തിനൊത്ത് സ്ഥാനത്തില്‍ മാറ്റം വരുത്തുക എന്നത്. അതു സ്വയം വരുത്തിയപ്പോള്‍ ടീമിന്റെ പ്രകടനത്തില്‍ വലിയ വ്യത്യാസവും തുടര്‍വിജയങ്ങളുമുണ്ടായി.

2013ല്‍ റിക്കി പോണ്ടിംഗ് നായകസ്ഥാനത്തുനിന്ന് സ്വയംമാറിയപ്പോള്‍ രോഹിതിനായിരുന്നു അവസരം. സച്ചിന്‍ തെണ്ടുല്‍ക്കര്‍ നായകസ്ഥാനത്തുനിന്നു മാറി ഹര്‍ഭജന്‍സിംഗിനെ ഏല്‍പ്പിച്ചതുപോലെ ഒരു മാറ്റം.


രോഹിതിന്റെ സമീപനത്തെയും നായകത്വത്തെയും ഇതിഹാസതാരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറും റിക്കി പോണ്ടിംഗും മുക്തകണ്ഠം പ്രശംസിച്ചു.

മുംബൈ ഇന്ത്യന്‍സിന്റെ നായകത്വം രോഹിത് ഏറ്റെടുത്ത ശേഷം അദ്ദേഹം ഇപ്പോള്‍ വളരെയധികം മെച്ചപ്പെട്ടതായി സച്ചിന്‍ ചൂണ്ടിക്കാട്ടുന്നു. വളരെ ആത്മവിശ്വാസം ബാറ്റിംഗിലും നായകത്വത്തിലും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്െടന്ന് സച്ചിന്‍ വിലയിരുത്തുന്നു.

ഇന്ത്യന്‍ ടീമിന്റെ നായകനാകാനുള്ള എല്ലാ യോഗ്യതയും മികവും രോഹിതിനുണ്െടന്ന് പോണ്ടിംഗും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. സമ്മര്‍ദഘട്ടത്തിലും മികച്ച രീതിയില്‍ ടീമിനെ നയിക്കാനായി എന്നതാണ് രോഹിതിന്റെ മേന്മ.

കോഹ്ലിയുടെ കാര്യത്തിലേക്കു വന്നാല്‍, അദ്ദേഹത്തിന്റെ ബാറ്റിംഗ് വളരെ മികച്ചതായിരുന്നു. 16 മത്സരങ്ങളില്‍നിന്ന് 45.90 ശരാശരിയില്‍ 505 റണ്‍സ് നേടാന്‍ കോഹ്്ലിക്കായി. എന്നാല്‍, പല മത്സരങ്ങളിലും നായകനെന്ന നിലയില്‍ കോഹ്്ലി പതറി. ഓണ്‍ഫീല്‍ഡ്, ഓഫ് ഫീല്‍ഡ് സംഭവങ്ങളും കോഹ്ലിയുടെ പക്വതയില്ലായ്മ വെളിപ്പെടുത്തുന്നു. എന്തായാലും കോഹ്്ലി മാറിയാല്‍ ആ സ്ഥാനത്തേക്കു പരിഗണിക്കാന്‍ രോഹിതിനേക്കാള്‍ മികച്ച ഒരാളില്ല എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.

രോഹിതിന്റെ ബാറ്റിംഗ് പ്രതിഭയുടെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍, കരിയറിന്റെ തുടക്കകാലത്ത് ആ പ്രതിഭയോട് ഒരിക്കലും നീതി പുലര്‍ത്താതെ വിക്കറ്റുകള്‍ വലിച്ചെറിയുന്ന രീതിയായിരുന്നു രോഹിതിന്റേത്. എന്നാല്‍, സമീപകാലത്ത് രോഹിതിന്റെ ബാറ്റിംഗ് അതിമനോഹരവും ഉത്തരവാദിത്വത്തോടെയുള്ളതുമാണ്. ഭാവി ഇന്ത്യയുടെ നായകനെ രോഹിതില്‍ പ്രതീക്ഷിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.