റിയ ദേശീയ ടീമിലെത്തി; ഇനി പണം കണ്െടത്താന്‍ നെട്ടോട്ടം
റിയ ദേശീയ ടീമിലെത്തി; ഇനി പണം കണ്െടത്താന്‍ നെട്ടോട്ടം
Wednesday, May 27, 2015 11:36 PM IST
പേരാവൂര്‍ (കണ്ണൂര്‍): അടുത്തമാസം ഹോങ്കോംഗില്‍ നടക്കുന്ന ഏഷ്യന്‍ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ദേശീയ ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ളാദത്തിലും ഇതിനുള്ള സാമ്പത്തികച്ചെലവുകള്‍ കണിച്ചാര്‍ സ്വദേശിനിയായ ടി.സി.റിയയെ തളര്‍ത്തുന്നു. പരിശീലനക്യാമ്പായ ജാംഷഡ്പൂരിലേക്കും അവിടെ നിന്നു ഹോങ്കോംഗിലേക്കും പറക്കണമെങ്കില്‍ റിയയ്ക്ക് ഇനിയും കടമ്പകളേറെ കടക്കാനുണ്ട്. ഹോംങ്കോംഗ് യാത്രയ്ക്കും പരിശീലനത്തിനുമായി രണ്ടര ലക്ഷത്തോളം രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. യാത്രച്ചെലവിന്റെ ആദ്യഗഡുവായ 30,000 രൂപ ഇന്ത്യന്‍ പവര്‍ ലിഫ്റ്റിംഗ് ഫെഡറേഷന്‍ അധികൃതര്‍ക്കു കൈമാറിയിട്ടുണ്ട്. കടംവാങ്ങിയും മറ്റുമാണു റിയയുടെ കുടുംബം ഈ തുക സ്വരൂപിച്ചത്. ജൂണ്‍ 21 ന് ജാംഷഡ്പൂരിലെ പരിശീലക്യാമ്പിലെത്തുമ്പോള്‍ 90,000 രൂപ കൂടി നല്‍കണം. ഇതിനുള്ള നെട്ടോട്ടത്തിലാണു റിയയുടെ കുടുംബം. കണിച്ചാര്‍ പഞ്ചായത്തിലെ കല്ലടി പാറേപ്പട്ടത്തിലെ തെറ്റയില്‍ ചാക്കോച്ചന്‍-മേരി ദമ്പതികളുടെ മൂന്നാമത്തെ മകളാണു റിയ. തൃശൂര്‍ സെന്റ് മേരീസ് കോളജില്‍ ബിഎസ്സി ബോട്ടണി വിദ്യാര്‍ഥിനിയായ റിയ ഭാരോദ്വഹനത്തില്‍ 57 കിലോഗ്രാം വിഭാഗത്തിലേക്കാണു മത്സരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടത്.

പേരാവൂര്‍ തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യുപി സ്കൂളില്‍ ഏഴാംക്ളാസ് വരെ പഠിച്ച റിയ കണ്ണൂര്‍ സ്പോര്‍ട്സ് സ്കൂളിലാണു പ്ളസ്ടു പഠനം പൂര്‍ത്തിയാക്കിയത്. അത്ലറ്റിക്സിലും ലോംഗ്ജംപിലും നിരവധി മത്സരങ്ങളില്‍ വിജയം നേടിയ റിയ പിന്നീട് ബാസ്കറ്റ്ബോളിലും തിളങ്ങി. പ്ളസ്ടുവിനുശേഷം തൃശൂര്‍ സെന്റ് മേരീസ് കോളജില്‍ ഡിഗ്രി പഠനം ആരംഭിച്ചതിനുശേഷമാണു പവര്‍ലിഫ്റ്റിംഗില്‍ പരിശീലനം ആരംഭിക്കുന്നത്. 2014-15 വര്‍ഷങ്ങളില്‍ ഹിമാചല്‍പ്രദേശ്, ഗോവ, ജമ്മുകാശ്മീര്‍ എന്നിവിടങ്ങളില്‍ നടന്ന നാഷണല്‍ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പുകളില്‍ ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. ഈവര്‍ഷം നടന്ന അന്തര്‍സര്‍വകലാശാലാ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാംസ്ഥാനവും സംസ്ഥാന ജൂണിയര്‍, സീനിയര്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ ഒന്നാംസ്ഥാനവും നേടിയിട്ടുണ്ട്. 2013 മുതല്‍ ഇന്റര്‍കോളജ് ചാ മ്പ്യന്‍ഷിപ്പില്‍ റിയ ഒന്നാംസ്ഥാനത്തു തന്നെയാണ്. ദേശീയ ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഒന്‍പതുപേരില്‍ റിയ അടക്കം അഞ്ചുപേര്‍ ജൂണിയര്‍ വിഭാഗത്തിലും മൂന്നുപേര്‍ സബ്ജൂണിയര്‍ വിഭാഗത്തിലും ഒരാള്‍ സിനിയര്‍ വിഭാഗത്തിലുമാണു മത്സരിക്കുന്നത്. ഒളിംപിക്സ് ഇനങ്ങളല്ലാത്ത കായികയിനങ്ങളില്‍ പങ്കെടുക്കുന്നതിനു മത്സരാര്‍ഥികള്‍ക്കു സര്‍ക്കാര്‍ സഹായം അനുവദിക്കാറില്ല. അതിനാല്‍ ഇവര്‍ക്കു സ്വയം പണം കണ്ടത്തേണ്ട അവസ്ഥയാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.