ഫ്രാഞ്ചൈസികള്‍ക്കു പൈസ വസൂല്‍
ഫ്രാഞ്ചൈസികള്‍ക്കു പൈസ വസൂല്‍
Wednesday, May 27, 2015 11:37 PM IST
ഐപിഎല്‍ സീസണ്‍ എട്ടിനു വിരാമമായപ്പോള്‍ ഫ്രാഞ്ചൈസികള്‍ വളരെ ഹാപ്പിയാണ്. കാരണം, കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭമാണ് ഇത്തവണ പല ടീമിനും ലഭ്യമായിരിക്കുന്നത്. ഓരോ ടീമിലേക്കും കുറഞ്ഞ തുകയില്‍ ലേലം കൊണ്ട താരങ്ങള്‍ പ്രകടനത്തിലൂടെ കൂടുതല്‍ ലാഭം നേടിക്കൊടുത്തതാണ് ഫ്രാഞ്ചൈസികള്‍ക്കു നേട്ടമായത്. മുതല്‍ മുടക്കില്‍ പൈസ വസൂലായതിന്റെ സന്തോഷത്തിലാണിവര്‍. ഫ്രാഞ്ചൈസിക്കു നേട്ടമുണ്ടാക്കിക്കൊടുത്ത താരങ്ങളെക്കുറിച്ച്...

1. ഹര്‍ദിക് പാണ്ഡ്യ

(മുംബൈ ഇന്ത്യന്‍സ്-പത്തുലക്ഷം)
മത്സരം 9, റണ്‍സ് 112, ശരാശരി 22.4, സ്ട്രൈക്ക് റേറ്റ് 180.64, വിക്കറ്റ് 1, ഇക്കണോമി റേറ്റ് 10.35

അടിസ്ഥാനതുകയില്‍ മുംബൈ ഇന്ത്യന്‍സിലെത്തിയ 21കാരനായ ഈ ബറോഡക്കാരന്‍ രണ്ടു മത്സരങ്ങളില്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.

ചെപ്പോക്കില്‍ ചെന്നൈയ്ക്കെതിരേ നടന്ന കടുത്ത മത്സരത്തില്‍ പാണ്ഡ്യയുടെ ബാറ്റില്‍നിന്നും പറന്ന മൂന്നു സിക്സറുകള്‍ വിജയത്തില്‍ നിര്‍ണായകമായി.

ആറു ദിവസത്തിനുശേഷം കോല്‍ക്കത്തയെ അഞ്ചു റണ്‍സിനു പരാജയപ്പെടുത്തിയ മത്സരത്തില്‍ 31 പന്തില്‍ 61 റണ്‍സ് നേടി മുംബൈ വിജയത്തിനു ചുക്കാന്‍ പിടിച്ചു.



2. ജഗദീഷ സുചിത്

(മുംബൈ ഇന്ത്യന്‍സ്-പത്തുലക്ഷം)
മത്സരം 13, വിക്കറ്റ് 10, ഇക്കണോമി റേറ്റ് 8.64, റണ്‍സ്48, ശരാശരി 48,
സ്ട്രൈക്ക് റേറ്റ് 150

മുംബൈയുടെ വിജയയാത്രകള്‍ക്ക് മുതല്‍ക്കൂട്ടായിരുന്നു ഇടംകൈ സ്പിന്നറും 21 കാരനുമായ സുചിതിന്റെ പ്രകടനം.

3. മിച്ചല്‍ മക്ക്ളനേഗന്‍

(മുംബൈ ഇന്ത്യന്‍സ്-30 ലക്ഷം)
മത്സരം 12, വിക്കറ്റ് 18, ഇക്കണോമി റേറ്റ് 8.21, റണ്‍സ്13, ശരാശരി 13,
സ്ട്രൈക്ക് റേറ്റ് 216.67

ഫാസ്റ് ബൌളറും ന്യൂസിലന്‍ഡ് താരവുമായ മക് ക്ളനേഗന്‍ ടീമില്‍ തുടക്കത്തില്‍ ഇല്ലാതിരുന്നത് മുംബൈക്കു വളരെ നഷ്ടമായിരുന്നെന്നുവേണം കരുതാന്‍. കാരണം സ്വന്തം രാജ്യക്കാരനായ കോറി ആന്‍ഡേഴ്സണ്‍ പരിക്കിനെത്തുടര്‍ന്നു പുറത്തുപോയതിനെത്തുടര്‍ന്നാണ് മക് ക്ളനേഗന്‍ ടീമില്‍ ഉള്‍പ്പെട്ടത്. മക്ക്ളനേഗന്‍ പ്രവേശനത്തോടെ ടീം മുംബൈ അതിശക്തിയാര്‍ജിച്ചതായി മത്സരത്തിലുടനീളം കാണാന്‍ സാധിക്കും.


4. യുസ്വേന്ദ്ര ചാഹല്‍

(റോയല്‍ ചലഞ്ചേഴ്സ് ബാംഗളൂര്‍-10 ലക്ഷം)
മത്സരം 15, വിക്കറ്റ് 23,
ഇക്കണോമി റേറ്റ് 8.88

കഴിഞ്ഞവര്‍ഷത്തെ അടിസ്ഥാന തുകയായ 10 ലക്ഷത്തിനുതന്നെ ടീമില്‍ ഇടംപിടിച്ച ലെഗ് സ്പിന്നറായ ചാഹല്‍ ഈ സിസണില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ലീഗില്‍ 23 വിക്കറ്റ് നേടി വിക്കറ്റ് വേട്ടയില്‍ മൂന്നാം സ്ഥാനക്കാരനായി.


5. സര്‍ഫ്രാസ് ഖാന്‍

(റോയല്‍ ചലഞ്ചേഴ്സ് ബാംഗളൂര്‍-50 ലക്ഷം)
മത്സരം 13, റണ്‍സ് 111, ശരാശരി 27.75, സ്ട്രൈക്ക് റേറ്റ് 156.33

ഏപ്രില്‍ 29 നു രാജസ്ഥാന്‍ റോയല്‍സിനെതിരേ പുറത്താകാതെ 45 റണ്‍സ് നേടി മികച്ച പ്രകടനമാണ് 17 കാരനായ സര്‍ഫ്രാസ് ഖാന്‍ കാഴ്ചവച്ചത്. മത്സരത്തില്‍ ടീം പരാജയപ്പെട്ടെങ്കിലും സര്‍ഫ്രാസിന് കാപ്റ്റന്‍ കോഹ്ലിയുടെ പ്രശംസ ലഭിച്ചു.

6. ഹര്‍ഷല്‍ പട്ടേല്‍

(റോയല്‍ ചലഞ്ചേഴ്സ് ബാംഗളൂര്‍-40 ലക്ഷം)
മത്സരം 15, വിക്കറ്റ് 17, റേറ്റ് 7.48

ഈ സീസണില്‍ വളരെ സ്ഥിരതയാര്‍ന്ന ബൌളിംഗാണ് പട്ടേല്‍ കാഴ്ചവച്ചത്. ഗെയ്ല്‍, കോഹ്ലി, ഡി വില്യേഴ്സ് എന്നിവര്‍ ബാറ്റിംഗിനു ചുക്കാന്‍ പിടിച്ചപ്പോള്‍ പട്ടേലും ചാഹലും ടിമിന്റെ ബൌളിംഗ് ആക്രമണങ്ങള്‍ക്കു നേതൃത്വം വഹിച്ചു.

7. പവന്‍ നെഗി

(ചെന്നൈ സൂപ്പര്‍ കിംഗ്സ്- 10 ലക്ഷം)
മത്സരം 10, റണ്‍സ് 116, ശരാശരി 14.50, സ്ട്രൈക്ക് റേറ്റ് 158.9, വിക്കറ്റ് 6, ഇക്കണോമി റേറ്റ് 8.40

ടൂര്‍ണമെന്റിലുടനീളം സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഇടംകയ്യന്‍ സ്പിന്നറായ നെഗി പുലര്‍ത്തിയത്.

8. സന്ദീപ് ശര്‍മ

(കിംഗ്സ് ഇലവന്‍ പഞ്ചാബ്-85 ലക്ഷം)
മത്സരം 14, വിക്കറ്റ് 13,
ഇക്കണോമി റേറ്റ് 7.00

ലീഗില്‍ മികവു പുലര്‍ത്തിയ ബൌളര്‍മാരില്‍ മുന്‍പന്തിയിലാണ് മീഡിയം പേസറായ സന്ദീപ് ശര്‍മയുടെ സ്ഥാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.