ഫ്രഞ്ച് ഓപ്പണ്‍: നദാല്‍, ഫെറര്‍ രണ്ടാംറൌണ്ടില്‍
ഫ്രഞ്ച് ഓപ്പണ്‍: നദാല്‍, ഫെറര്‍ രണ്ടാംറൌണ്ടില്‍
Wednesday, May 27, 2015 11:38 PM IST
പാരീസ്: കരിയറിലെ മോശം ഫോമിലൂടെ കടന്നുപോകുന്ന റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ രണ്ടാം റൌണ്ടില്‍ കടന്നു. ഏഴാം സീഡ് ഡേവിഡ് ഫെറര്‍, വനിതാവിഭാഗത്തില്‍ പെട്ര കിറ്റോവ എന്നിവരും ആദ്യറൌണ്ട് പിന്നിട്ടിട്ടുണ്ട്.

296-ാം റാങ്കിലുള്ള ഫ്രാന്‍സിന്റെ ക്വന്റിന്‍ ഹേല്‍സിനെ 6-3, 6-3, 6-4നാണ് ആറാംസീഡായ നദാല്‍ കീഴടക്കിയത്. റോളണ്ട് ഗാരോസില്‍ സ്പാനിഷ് താരത്തിന്റെ 67-ാം ജയമാണിത്. ഒരു മണിക്കൂര്‍ 50 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിന്റെ ഒരുഘട്ടത്തിലും കളിമണ്‍ കോര്‍ട്ടിലെ രാജകുമാരനു ഭീഷണിയുയര്‍ത്താന്‍ ഹേല്‍സിനായില്ല. ക്വാര്‍ട്ടറിലെത്തിയാല്‍ നദാലിന്റെ എതിരാളി ലോക ഒന്നാംനമ്പര്‍ നൊവാക് ജോക്കോവിച്ചാണ്.

ഏഴാം സീഡായ ഡേവിഡ് ഫെറര്‍ കളിമണ്‍ കോര്‍ട്ടിലെ തന്റെ 300-ാം ജയം സ്വന്തമാക്കി. സ്ളോവാക്യയുടെ ലൂക്കാസ് ലാക്കോയെ 6-1, 6-3, 6-1നാണ് 33കാരനായ ഫെററര്‍ കീഴടക്കിയത്. നിലവില്‍ കളിക്കുന്നവരില്‍ നദാല്‍ മാത്രമാണ് ഈ നേട്ടത്തില്‍ ഫെററിനു മുന്നില്‍.


വനിതാ വിഭാഗത്തില്‍ നാലാംസീഡ് പെട്രാ കിറ്റോവ രണ്ടാംറൌണ്ടിലെത്തി. ന്യൂസിലന്‍ഡിന്റെ കൌമാരതാരം മറീന ഇറാക്കോവിച്ചിനെ 6-4, 3-6, 6-4നാണ് വിംബിള്‍ഡണ്‍ ചാമ്പ്യന്‍ കൂടിയായ കിറ്റോവ കീഴടക്കിയത്. രണ്ടരമണിക്കൂര്‍ നീണ്ട ശക്തമായ പോരാട്ടത്തിനൊടുവിലാണ് കിവി താരം കീഴടങ്ങിയത്.

മറ്റൊരു മത്സരത്തില്‍ അഞ്ചാം സീഡ് ഡെന്മാര്‍ക്കിന്റെ കരോളിന്‍ വോസ്നിയാക്കി ഇറ്റലിയുടെ കരിന്‍ ക്നാപ്പിനെ പരാജയപ്പെടുത്തി രണ്ടാം റൌണ്ടിലെത്തി. സ്കോര്‍: 6-3,6-0.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.