അടുത്ത ലോകകപ്പില്‍ യൂറോപ്പ് കളിക്കില്ല?
Saturday, May 30, 2015 12:08 AM IST
ലണ്ടന്‍: അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ഫിഫയ്ക്കും ആരോപണങ്ങള്‍ നേരിടുന്ന പ്രസിഡന്റ് സെപ് ബ്ളാറ്റര്‍ക്കും തിരിച്ചടിയായി യൂറോപ്പ് 2018 ലോകകപ്പില്‍നിന്നും പിന്‍മാറാനൊരുങ്ങുന്നു. ബ്ളാറ്റര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും സമവായത്തിനുള്ള എല്ലാ വഴികളും അടയുകയും ചെയ്താല്‍ ബഹിഷ്കരണം ഉള്‍പ്പെടെയുള്ള പ്രതിഷേധരീതികളെക്കുറിച്ച് ആലോചിക്കുമെന്ന് യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ളറ്റീനി അറിയിച്ചിരുന്നു. ബ്ളാറ്റര്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ ഇനി എന്താകും യുവേഫയുടെ തീരുമാനം എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

പ്രസിഡന്റ്സ്ഥാനത്തേക്കു ബ്ളാറ്റര്‍ വീണ്ടും മത്സരിക്കുന്നതിനെതിരേ പ്ളറ്റീനി രംഗത്തുവന്നിരുന്നു. ഫുട്ബോളിന്റെ നന്മയ്ക്കായി ബ്ളാറ്റര്‍ മാറിനില്‍ക്കണമെന്നായിരുന്നു പ്ളറ്റീനി ആശ്യപ്പെട്ടത്. ഇതിനു പിന്നാലെയാണ് ബ്ളാറ്റര്‍ വീണ്ടും പ്രസിഡന്റുസ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ടാല്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ ലോകകപ്പ് ബഹിഷ്കരണത്തെ പിന്തുണച്ച് ഇംഗ്ളീഷ് ഫുട്ബോള്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഗ്രെഗ് ഡിക്ക് രംഗത്തെത്തിയത്. അതേസമയം, ബഹിഷ്കരണം തീരുമാനിക്കുകയാണെങ്കില്‍ എല്ലാ രാജ്യങ്ങളും ഒരുമിച്ചു നില്‍ക്കേണ്ടതുണ്െടന്നും, ഫിഫയെ ശുദ്ധീകരിക്കുമെന്ന ബ്ളാറ്ററുടെ വാക്കുകള്‍ക്ക് ഇനി ആരും ചെവികൊടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


എന്നാല്‍ ലോകകപ്പ് ബഹിഷ്കരിക്കുന്ന കാര്യം ആലോചനയില്‍പോലും വന്നിട്ടില്ലെന്ന് ഡച്ച് പ്രതിനിധി മൈക്കല്‍ വാന്‍ പ്രാഗ് അറിയിച്ചു. ഫിഫ പ്രസിഡന്റുസ്ഥാനത്തേക്ക് മത്സരിക്കുന്നവരില്‍ വാന്‍ പ്രാഗ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അദ്ദേഹം പിന്‍മാറുകയായിരുന്നു. വരും ദിവസങ്ങളില്‍ യൂറോപ്യന്‍ ഫെഡറേഷനില്‍ ഇക്കാര്യത്തിലുള്ള വലിയ ചര്‍ച്ച തന്നെ നടക്കുമെന്നുറപ്പ്. വലിയ വെല്ലുവിളിയും മറ്റും നടത്തിയെങ്കിലും ഇതു കേവലം സമ്മര്‍ദത്തിന്റെ ഭാഗം മാത്രമാണെന്നു കരുതുന്നവരുമുണ്ട്. അതുകൊണ്ടുതന്നെ അടുത്ത ലോകകപ്പിലും യൂറോപ്പില്‍നിന്നുള്ള രാജ്യങ്ങളുണ്ടാകും എന്നുവേണം കരുതാന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.