ഫൈനലില്‍ കണ്ണുംനട്ട് അര്‍ജന്റീന
ഫൈനലില്‍ കണ്ണുംനട്ട് അര്‍ജന്റീന
Tuesday, June 30, 2015 11:21 PM IST
സാന്റിയാഗോ: കോപ്പ അമേരിക്ക ഫുട്ബോളില്‍ കിരീടം ലക്ഷ്യമാക്കി മുന്നേറുന്ന അര്‍ജന്റീന ഇന്നു സെമി ഫൈനലിനിറങ്ങുന്നു. പ്രാഥമിക റൌണ്ടില്‍ സമനില വഴങ്ങേണ്ടിവന്ന പരാഗ്വെയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. മത്സരം ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചിനാണ്. കൊളംബിയയെ സഡണ്‍ഡെത്തില്‍ പരാജയപ്പെടുത്തി അര്‍ജന്റീന സെമിയിലെത്തിയപ്പോള്‍ ബ്രസീലിനെ ഷൂട്ടൌട്ടില്‍ പരാജയപ്പെടുത്തിയാണ് പരാഗ്വെ അവസാന നാലില്‍ ഇടം നേടിയത്.

അര്‍ജന്റീന, ലോക ഫുട്ബോളില്‍ അനിഷേധ്യ ശക്തിയെങ്കിലും ആഗോള തലത്തില്‍ ഒരു പ്രധാന കിരീടം ചൂടിയിട്ട് കാലം വളരെയായി. ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോളര്‍മാരുടെ പട്ടികയില്‍ ഇതിനോടകം ഇടം നേടിയ ലയണല്‍ മെസിയുടെ സാന്നിധ്യത്തിലും വന്‍നേട്ടങ്ങള്‍ ഏഴയലത്തുപോലുമെത്തിയില്ല. അതിനു പരിഹാരം കണാനുള്ള സുവര്‍ണാവസരമാണ് ഇത്തവണ അര്‍ജന്റീനയ്ക്കു മുന്നിലുള്ളത്. അര്‍ജന്റീനയ്ക്കു മുന്നില്‍ മറ്റൊരു കോപ്പ കിരീടത്തിന്റെ ദൂരം കേവലം രണ്ടു മത്സരം മാത്രമാണ്. സുഗമമായ പാതയാണ് അര്‍ജന്റീനയ്ക്ക് എന്ന് ഒറ്റവാക്കില്‍ പറയാമെങ്കിലും അവസാന തുള്ളി രക്തംവീഴുംവരെ പോരാടാനുള്ള ഊര്‍ജമാണ് പരാഗ്വെയുടെ സമ്പത്ത്. അവിടെ ലോകറാങ്കിംഗിലെ 87-ാം സ്ഥാനമൊന്നും അവര്‍ക്കു വിഷയമല്ല, കരുത്തരായ ബ്രസീലിനെതിരേ നാം കണ്ടതാണ്. ഇവിടെ വിജയിക്കാനായാല്‍ ഫൈനലില്‍ മികച്ച ഒരു മത്സരമായിരിക്കും അര്‍ജന്റീനയെ കാത്തിരിക്കുന്നത്.

ഗ്ളാമര്‍ ടീമുകളായ ബ്രസീലും കൊളംബിയയും പുറത്തായ സാഹചര്യത്തില്‍ ഇനിയുള്ള ഏറ്റവും ഗ്ളാമറുള്ള ടീം അര്‍ജന്റീനയാണ്. പ്രതിഭയുടെയും പ്രകടനമികവിന്റെയും കാര്യത്തില്‍ അവര്‍തന്നെയാണ് മുന്നില്‍. എന്നാല്‍, മുന്‍മത്സരങ്ങളില്‍ അര്‍ജന്റീനയുടെ വിജയങ്ങള്‍ അവരുടെ പ്രതിഭയോടു നീതി പുലര്‍ത്തുന്ന തരത്തിലുള്ളവയായിരുന്നില്ല. പരാഗ്വെയോടു സമനില പാലിച്ചപ്പോള്‍ തീര്‍ത്തും ദുര്‍ബലരായ ജമൈക്കയോട് ജയിക്കാനായത് ഒരു ഗോളിനാണ്. കൊളംബിയയ്ക്കെതിരേയാണ് യഥാര്‍ഥ അര്‍ജന്റീനയെ കാണാനായത്. മത്സരം ഷൂട്ടൌട്ടിലേക്കു നീങ്ങിയെങ്കിലും മികച്ച കളിയാണ് മെസിയും കൂട്ടരും കാഴ്ചവച്ചത്.


പതിവുപോലെ 4-3-3 എന്ന ശൈലിയിലായിരിക്കും അര്‍ജന്റീന കളിക്കാനിറങ്ങുന്നത്. ആദ്യ ഇലവനില്‍ത്തന്നെ മെസി, അഗ്വേറോ, ടെവസ് ത്രയം മുന്നേറ്റനിരയിലെത്തും. പാസ്റോറെ, മസ്കരാനോ, ബനേഗയും മധ്യനിരയില്‍ വരുമ്പോള്‍ പ്രതിരോധത്തില്‍ റോജോ ഒട്ടാമെന്‍ഡി, ഡെമിഷെലിസ്, സബലേറ്റ എന്നിവര്‍ പ്രതിരോധം കാക്കും.

പരാഗ്വെ പാരയാകുമോ?

അര്‍ജന്റീനയ്ക്കെതിരായ ആദ്യ മത്സരത്തില്‍ 2-0നു പിന്നില്‍ നിന്ന ശേഷമായിരുന്നു ശക്തമായ തിരിച്ചുവരവിലൂടെ പരാഗ്വെ രണ്ടു ഗോള്‍ തിരിച്ചടിച്ചത്. സാന്റാക്രൂസ്, വാല്‍ഡസ്, ബോബാഡിയ എന്നിവരുടെ കരുത്താണ് പരാഗ്വെയ്ക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകം. മധ്യനിരയെ ശക്തിപ്പെടുത്തിക്കൊണ്ട് 4-5-1 എന്ന ശൈലിയിലായിരിക്കും അവര്‍ ഇറങ്ങുന്നത്. നായകന്‍ സാന്റാ ക്രൂസിനെ മാത്രം മുന്നേറ്റനിരയില്‍ നിര്‍ത്തിയാണ് പരാഗ്വെ ഇറങ്ങുന്നത്. വില്ലാര്‍ എന്ന തകര്‍പ്പന്‍ ഗോളിയും അവരുടെ കരുത്താണ്. കരുത്തരുടെ നിരയെന്ന് ഒറ്റനോട്ടത്തില്‍ പറയാമെങ്കിലും പ്രതിരോധം ദുര്‍ബലമാകുന്ന കാഴ്ചയാണ് പല മത്സരങ്ങളിലുമുണ്ടായത്. എന്നാലും അര്‍ജന്റീനയെ പരാജയപ്പെടുത്താനുള്ള ശേഷി തങ്ങള്‍ക്കുണ്െടന്നാണ് അവരുടെ വിശ്വാസം.

കണക്കുകള്‍ കഥപറയുന്നു

ഒരു കിരീടം കൂടി നേടാനായാല്‍ കോപ്പ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീമെന്ന റിക്കാര്‍ഡ് ഉറുഗ്വെയ്ക്കൊപ്പം പങ്കിടാന്‍ അര്‍ജന്റീനയ്ക്കാകും. ഉറുഗ്വെ 15ഉം അര്‍ജന്റീന 14ഉം കിരീടങ്ങളാണ് ഇരുവരും ഇവിടെ നേടിയിരിക്കുന്നത്.

ഇരുവരും തമ്മില്‍ അവസാനം ഏറ്റുമുട്ടിയ അഞ്ചു മത്സരങ്ങളില്‍ മൂന്നിലും ജയിച്ചത് അര്‍ജന്റീനയാണ്. ഒരു സമനിലയും ഒരു പരാജയവും അര്‍ജന്റീനയ്ക്കുണ്ടായി. ഇരുവരും തമ്മില്‍ 103 തവണ ഏറ്റുമുട്ടിയപ്പോള്‍ 15 മത്സരത്തില്‍ മാത്രമാണ് പരാഗ്വെയ്ക്കു വിജയിക്കാനായത്. പരാഗ്വെയ്ക്ക് രണ്ടു തവണ കോപ്പയില്‍ കിരീടം നേടാനായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.