യുവനിരയെ രഹാനെ നയിക്കും
യുവനിരയെ രഹാനെ നയിക്കും
Tuesday, June 30, 2015 11:22 PM IST
ന്യൂഡല്‍ഹി: സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം നല്കി സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. അജിങ്ക്യ രഹാനെയാണ് നായകന്‍. നാലുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഓഫ്സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് ഏകദിനടീമിലേക്ക് മടങ്ങിയെത്തി.

ബംഗ്ളാദേശ് പര്യടനത്തില്‍ കളിച്ച ടീമില്‍നിന്ന് എട്ടുമാറ്റങ്ങളാണ് ടീമിലുള്ളത്. ടീം ഡയറക്ടര്‍ രവി ശാസ്ത്രിയും ടീമിനൊപ്പമുണ്ടാകില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് അദ്ദേഹം വിട്ടുനില്‍ക്കുന്നതെന്നും ബിസിസിഐ അറിയിച്ചു. ജൂലൈ 10 മുതലാണ് മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി-20യും അടങ്ങുന്ന പര്യടനം.

രഹാനെയെ നായകനായി തെരഞ്ഞെടുത്തത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ക്യാപ്റ്റനായി സുരേഷ് റെയ്ന, രോഹിത് ശര്‍മ എന്നിവരിലൊരാളെ പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, തിരക്കേറിയ സീസണ്‍ മുന്നിലുള്ളതിനാല്‍ മറ്റു സീനിയര്‍ താരങ്ങള്‍ക്കൊപ്പം ഇരുവര്‍ക്കും വിശ്രമം നല്കുകയായിരുന്നു. ഇവര്‍ക്കൊപ്പം എം.എസ്. ധോണി, ആര്‍. അശ്വിന്‍, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി എന്നിവര്‍ക്കാണ് വിശ്രമം നല്കിയത്. സമീപകാലത്തായി ഫോമിലല്ലാതിരുന്ന രവീന്ദ്ര ജഡേജയെയും ബംഗ്ളാദേശ് പര്യടനത്തില്‍ പരാജയമായിരുന്ന പേസര്‍ ഉമേഷ് യാദവിനെയും ഒഴിവാക്കിയതായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ ന്ദീപ് പാട്ടീല്‍ പറഞ്ഞു.

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ഭാജിയെ നീലക്കുപ്പായത്തില്‍ തിരികെയെത്തിച്ചത്. ധോണിയുടെ അസാന്നിധ്യത്തിലാണ് എതിര്‍പക്ഷത്തുള്ള പഞ്ചാബി താരത്തിന്റെ തിരിച്ചുവരവെന്നത് ശ്രദ്ധേയമാണ്. ക്യാപ്റ്റന്‍ കൂളിന്റെ അടുത്ത സുഹൃത്തായ ജഡേജയുടെ ടീമിലെ സ്ഥാനം തെറിച്ചതും ധോണിയുടെ പിടി അയയുന്നതിന്റെ സൂചനയാണ്.


മലയാളി താരം സഞ്ജു വി. സാംസണ്‍ ടീമിലേക്കെത്തുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. 15 അംഗ ടീമില്‍ സ്പെഷലിസ്റ് വിക്കറ്റ് കീപ്പറില്ല. റോബിന്‍ ഉത്തപ്പയാകും വിക്കറ്റിനു പിന്നിലെത്തുക. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ആഭ്യന്തര ടൂര്‍ണമെന്റുകളിലെയും മികവാണ് പേസ് ബൌളര്‍ സന്ദീപ് ശര്‍മയ്ക്കും ബാറ്റ്സ്മാന്‍ മനീഷ് പാണ്ഡെയ്ക്കും തുണയായത്. ദീര്‍ഘകാലത്തെ ഇടവേളയ്ക്കുശേഷം ബംഗാള്‍ ബാറ്റ്സ്മാന്‍ മനോജ് തിവാരിയും ടീമില്‍ തിരിച്ചെത്തി. മുരളി വിജയ്, കേദാര്‍ ജാദവ്, കരുണ്‍ ശര്‍മ എന്നിവരാണ് ടീമിലെത്തിയ മറ്റുള്ളവര്‍. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ക്കെതിരേ ചെന്നൈയിലും വയനാട്ടിലും കളിക്കുന്ന ഇന്ത്യന്‍ എ ടീമിനെയും പ്രഖ്യാപിച്ചു.

ഏകദിന ടീം: അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), മുരളി വിജയ്, അമ്പാട്ടി റായുഡു, മനോജ് തിവാരി, കേദാര്‍ ജാദവ്, റോബിന്‍ ഉത്തപ്പ, മനീഷ് പാണ്ഡെ, ഹര്‍ഭജന്‍ സിംഗ്, അക്ഷര്‍ പട്ടേല്‍, കരണ്‍ ശര്‍മ, ധവല്‍ കുല്‍ക്കര്‍ണി, സ്റുവര്‍ട്ട് ബിന്നി, ഭുവനേശ്വര്‍കുമാര്‍, മോഹിത് ശര്‍മ, സന്ദീപ് ശര്‍മ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.