ജ്വാല - അശ്വിനി സഖ്യത്തിനു കിരീടം
ജ്വാല - അശ്വിനി സഖ്യത്തിനു കിരീടം
Tuesday, June 30, 2015 11:22 PM IST
കാള്‍ഗാരെ(കാനഡ): നീണ്ട കാത്തിരിപ്പിനു ശേഷം മുന്‍നിര താരങ്ങളായ ജ്വാലഗുട്ടയ്ക്കും അശ്വിനി പൊന്നപ്പയ്ക്കും ഒരു കിരീടം. ഇന്ത്യയുടെ ജ്വാല ഗുട്ടയും അശ്വിനി പൊന്നപ്പയും കാനഡ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ ഡബിള്‍സില്‍ കിരീടം ചൂടി. ഫൈനലില്‍ ടോപ് സീഡുകളായ ഹോളണ്ടിന്റെ ഈഫ്ജെ മുസ്കെന്‍സ്-സെലേന പിയെക് സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്കു തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ജോഡി കിരീടം നേടിയത്. സ്കോര്‍: 21-19, 21-16. രണ്ടാംവട്ടം ഒന്നിച്ച ശേഷം ജ്വാലയും അശ്വിനിയും നേടുന്ന ആദ്യ അന്താരാഷ്്ട്ര കിരീടമാണിത്. മത്സരം 35 മിനിറ്റിനുള്ളില്‍ അവസാനിച്ചതോടെ ആധികാരിക വിജയം മൂന്നാം സീഡായ ഇന്ത്യന്‍ സഖ്യം സ്വന്തമാക്കി. ആദ്യ ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു ടീമും കാഴ്ചവച്ചത്. 5-5ല്‍നിന്ന് 11-11ഉം പിന്നീട് 19-19 എന്ന നിലയിലും തുല്യത പാലിച്ചു. എന്നാല്‍, അവസാനം 21-19ന് ഇന്ത്യന്‍ സഖ്യം ഗെയിം സ്വന്തമാക്കി.


രണ്ടാം ഗെയിമില്‍ ജ്വാലയും അശ്വിനിയും കൂടുതല്‍ ഒത്തിണക്കം കാണിച്ചതോടെ തുടക്കത്തിലേ മേല്‍ക്കൈ നേടാന്‍ സാധിച്ചു. ഒരു ഘട്ടത്തില്‍ 15-6 എന്ന നിലയില്‍ ലീഡ് നേടി. എന്നാല്‍, ശക്തമായ തിരിച്ചുവരവോടെ മുസ്കെന്‍സും പിയെക്കും തുടര്‍ച്ചയായി ഒമ്പതു പോയിന്റ് നേടി 15-15 എന്ന നിലയിലാക്കി. എന്നാല്‍, പിന്നീട് പിറന്ന ഏഴ് പോയിന്റില്‍ ആറും സ്വന്തമാക്കി ഇന്ത്യന്‍ ജോഡി മത്സരം സ്വന്തമാക്കി. 2012 ഒളിമ്പിക്സില്‍ ഇരുവരും ഒന്നിച്ചതിനുശേഷം ഇരുവരും നേടുന്ന ആദ്യ അന്താരാഷ്്ട്ര കിരീടമാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.