പന്ത്രണ്ടാമനില്‍നിന്നു നായകനിലേക്ക്
പന്ത്രണ്ടാമനില്‍നിന്നു നായകനിലേക്ക്
Wednesday, July 1, 2015 11:00 PM IST
മുംബൈ: ടീം ലിസ്റ് കണ്ടപ്പോള്‍ ഏവരും ഞെട്ടി; കൂട്ടത്തില്‍ അജിങ്ക്യ രഹാനെയും. തൊട്ടുമുമ്പ് നടന്ന ഓസ്ട്രേലിയന്‍ പര്യടനത്തിലും ലോകകപ്പിലും ഇന്ത്യയ്ക്കായി മികവ് പുറത്തെടുത്ത താരത്തിന് അന്തിമ ഇലവനില്‍ സ്ഥാനമില്ലപോലും. ബംഗ്ളാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ അമ്പാട്ടി റായ്ഡുവിനായി വഴിമാറാന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി കല്പിച്ചപ്പോള്‍ രഹാനെ പോലും വിചാരിച്ചു കാണില്ല, രണ്ടു കളികള്‍ക്കിപ്പുറം ടീം ഇന്ത്യയുടെ അമരക്കാരനാകേണ്ടിവരുമെന്ന്.

സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിക്കാനുള്ള നിയോഗം തേടിയെത്തിയതു കരാട്ടെയില്‍ ബ്ളാക്ക്ബെല്‍റ്റുള്ള 27കാരന്റെ പ്രതിഭയ്ക്കുള്ള അംഗീകാരവുമായി. അവസാനം കളിച്ച മത്സരത്തില്‍ പൂജ്യത്തിനു പുറത്തായ താരത്തെ തൊട്ടടുത്ത ഏകദിനത്തില്‍ നായകനാക്കുന്നത് അപൂര്‍വവും.

ധോണിയുടെ സംഘത്തില്‍ അംഗമല്ലാത്തതിനാല്‍ പലപ്പോഴും ടീമിലെ സ്ഥാനം മുംബൈ താരത്തിന് അകലെയായിരുന്നു.

സഹതാരങ്ങള്‍ക്ക് വെള്ളവുമായി നടന്നുനീങ്ങുന്ന രഹാനെയുടെ ദൃശ്യം എത്രയോ തവണ കണ്ടിരിക്കുന്നു. സ്ഥിരത പോരെന്നതായിരുന്നു താരത്തെ പുറത്തുനിര്‍ത്താന്‍ ക്യാപ്റ്റന്‍ കൂള്‍ നല്കിയിരുന്ന വിശദീകരണം. ഇപ്പോള്‍ നായകസ്ഥാനത്ത് പ്രതിഷ്ഠിച്ച് സെലക്ടര്‍ ധോണിക്ക് നല്കുന്നത് വ്യക്തമായ സൂചനയിതാണ്- സൌഹൃദമോ ബിസിനസ് ബന്ധങ്ങളോ അല്ല ടീമിലെ സ്ഥാനം നിശ്ചയിക്കുകയെന്ന്.

വിദേശ പിച്ചുകളില്‍ മികവ് പുലര്‍ത്തുന്ന അപൂര്‍വം ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരിലൊരാളാണ് രഹാനെ. സാങ്കേതികത്തികവും ആക്രമണോത്സുകതയും സമന്വയിച്ച ബാറ്റിംഗ്. അനായാസം റണ്‍സ് കണ്െടത്താനുള്ള ശേഷി. ഏതു പൊസിഷനിലും കളിക്കാനുള്ള കഴിവ്. കളിയുടെ ഫോര്‍മാറ്റിനനുസരിച്ച് ശൈലി മാറ്റുവാനും രഹാനെയ്ക്കു സാധിക്കുന്നു. 55 കളികളില്‍നിന്നു 1,593 റണ്‍സാണ് ഇതുവരെയുള്ള ഏകദിന സമ്പാദ്യം. ശരാശരി 30.63 മാത്രമാണെങ്കിലും മധ്യനിരയില്‍ അദേഹത്തിന്റെ സാന്നിധ്യം നിര്‍ണായകമാണ്.


പ്രത്യേകിച്ച് പേസും ബൌണ്‍സുമുള്ള ഇംഗ്ളണ്ടിലെയും ഓസ്ട്രേലിയയിലെയും പിച്ചുകളില്‍. മൃദുഭാഷിയെങ്കിലും ചടുലതയുള്ള ഫീല്‍ഡിംഗും ടീമിനു ഗുണകരം.

മുംബൈയെ ഒരിക്കല്‍ ട്വന്റി-20യില്‍ നയിച്ചതൊഴിച്ചാല്‍ രഹാനെയ്ക്കു സീനിയര്‍ തലത്തില്‍ കാര്യമായ നേതൃപരിചയമില്ല. നേതൃഗുണം, ഉയര്‍ന്ന ചിന്താശേഷി അതിനെല്ലാമുപരി ശാന്തമായ സമീപനം- മുംബൈ ടീമില്‍ അഞ്ചുവര്‍ഷം അദ്ദേഹത്തെ പരിശീലിപ്പിച്ച മുന്‍ ഇന്ത്യന്‍ താരം പ്രവീണ്‍ ആംറെയുടെ വാക്കുകളാണിത്.

സഹതാരങ്ങളെ പ്രചോദിപ്പിക്കാന്‍ രഹാനെയ്ക്കുള്ള കഴിവ് യുവഇന്ത്യയെ സഹായിക്കുമെന്നു ആംറെ സാക്ഷ്യപ്പെടുത്തുന്നു.

ഹര്‍ഭജന്‍ സിംഗ് ഒഴികെയുള്ളവരെല്ലാം യുവതാരങ്ങളായതിനാല്‍ രഹാനെയ്ക്കു മുന്നിലുള്ളത് വലിയ വെല്ലുവിളിയാണ്, ഒപ്പം മികച്ച അവസരവും.

ഏകദിന ക്യാപ്റ്റനെന്നനിലയില്‍ ധോണിയുടെ നാളുകള്‍ എണ്ണപ്പെട്ടു തുടങ്ങിയ സ്ഥിതിക്ക് പ്രത്യേകിച്ചും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.