പഞ്ചാബ് ഭീകരാക്രമണം: ഇന്ത്യ-പാക് പരമ്പര അനിശ്ചിതത്വത്തില്‍
പഞ്ചാബ് ഭീകരാക്രമണം: ഇന്ത്യ-പാക് പരമ്പര അനിശ്ചിതത്വത്തില്‍
Tuesday, July 28, 2015 11:54 PM IST
ന്യൂഡല്‍ഹി: ഡിസംബറില്‍ യുഎഇയില്‍ നടക്കേണ്ടിയിരുന്നു ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പരയുടെ ഭാവി അനിശ്ചിതത്വത്തില്‍. പഞ്ചാബിലുണ്ടായ തീവ്രവാദി ആക്രമണത്തിനു പിന്നാലെ പരമ്പരയെക്കുറിച്ച് പുനരാലോചനയുണ്ടാകുമെന്നു ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി. രണ്ട് ടെസ്റും അഞ്ച് ഏകദിനങ്ങളുമടങ്ങുന്ന പരമ്പര കളിക്കാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ബിസിസിഐ ധാരണയിലെത്തിയിരുന്നു.

ഞങ്ങളുടെ രാജ്യത്തെ (ഇന്ത്യയിലെ) സുരക്ഷയും സമാധാനവും അസ്ഥിരപ്പെടുത്തുന്ന നടപടികള്‍ അതിര്‍ക്കപ്പുറത്തുനിന്ന് ഉണ്ടാകുമ്പോള്‍ ക്രിക്കറ്റ് കളിക്കാനാകില്ലെന്നു പാക്കിസ്ഥാന്‍ മനസിലാക്കണം. ക്രിക്കറ്റും തീവ്രവാദവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല. സ്പോര്‍ട്സും രാഷ്ട്രീയവും വ്യത്യസ്തമാണെന്നറിയാം. എന്നാല്‍ രാജ്യസുരക്ഷയാണ് ഞങ്ങള്‍ക്ക് പ്രധാനം -ഠാക്കൂര്‍ നിലപാട് വ്യക്തമാക്കി. സമാധാനാന്തരീക്ഷം കൈവരാത്തിടത്തോളം ഇരുരാജ്യങ്ങളും തമ്മിലുള്ള പരമ്പരയ്ക്കു സാധ്യതയില്ലെന്ന ശക്തമായ സന്ദേശമാണ് ഠാക്കൂര്‍ നല്‍കിയിരിക്കുന്നത്.

പരമ്പര ഉപേക്ഷിച്ചാല്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെയാകും അത് ഗുരുതരമായി ബാധിക്കുക. ആഭ്യന്തര പ്രശ്നങ്ങളാല്‍ പാക്കിസ്ഥാനിലേക്ക് ടീമുകളൊന്നും പര്യടനത്തിനെത്തുന്നില്ലാത്തതിനാല്‍ പിസിബിയുടെ സാമ്പത്തികനില അത്ര സുരക്ഷിതമല്ല. യുഎഇയിലാണ് ദേശീയ ടീമിന്റെ ഹോംപരമ്പരകള്‍ നടക്കുന്നത്. ഇതുമൂലം വലിയ സാമ്പത്തികബാധ്യത ബോര്‍ഡിനുണ്ട്. ഡിസംബറില്‍ നടക്കേണ്ടിയിരുന്നത് പാക്കിസ്ഥാന്റെ ഹോം പരമ്പരയായിരുന്നു. ടിവി സംപ്രേഷണം, പരസ്യകരാര്‍ തുടങ്ങിയവയിലൂടെ കോടികളായിരുന്നു പാക് ബോര്‍ഡിന്റെ പെട്ടിയിലെത്തേണ്ടിയിരുന്നത്. പരമ്പര ഉപേക്ഷിച്ചാല്‍ ഈ തുക നഷ്ടമാകും.


2007ലാണ് ഇതിനുമുമ്പ് ഇരുരാജ്യങ്ങളും തമ്മിലുള്ള പരമ്പര കളിച്ചത്. അന്ന് മൂന്നു ഏകദിനങ്ങള്‍ പാക് ടീം ഇന്ത്യയില്‍ കളിച്ചിരുന്നു. ഐസിസി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റുകളിലും ഏഷ്യാകപ്പിലും മാത്രമാണ് ഇപ്പോള്‍ ഇന്ത്യ-പാക് പോരാട്ടങ്ങള്‍ നടക്കുന്നത്.

മിസ്ബയുടെ മോഹം നടന്നേക്കില്ല

ഇന്ത്യക്കെതിരായ പരമ്പരയില്‍ കളിച്ച് രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കാനായിരുന്നു പാക് ടെസ്റ് നായകന്‍ മിസ്ബ ഉള്‍ഹഖിന്റെ ലക്ഷ്യം. 41-കാരനായ മിസ്ബ ഇപ്പോള്‍ ടെസ്റ്റില്‍ മാത്രമാണ് രാജ്യത്തെ പ്രതിനിധികരിക്കുന്നത്. ഒരുപാട് ക്രിക്കറ്റ് ഇനി തന്നില്‍ അവശേഷിക്കില്ലെന്നറിയാം. ഇന്ത്യക്കെതിരായ പരമ്പര നേട്ടത്തോടെ കരിയര്‍ അവസാനിപ്പിക്കുകയാണ് ലക്ഷ്യം-പിടിഐയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ മിസ്ബ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.