തിരുവോണ സമ്മാനമായി 78 കായികതാരങ്ങള്‍ക്കു സര്‍ക്കാര്‍ ജോലി
Tuesday, July 28, 2015 11:57 PM IST
തോമസ് വര്‍ഗീസ്

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ സംസ്ഥാനത്തിനു വേണ്ടി മെഡല്‍ നേട്ടം സ്വന്തമാക്കിയ 78 കായികതാരങ്ങള്‍ സര്‍ക്കാര്‍ സര്‍വീസിലേക്ക്. നീന്തലില്‍ കേരളത്തിന്റെ സുവര്‍ണമ ത്സ്യം സാജന്‍ പ്രകാശും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മിന്നും പ്രകടനം കാഴ്ചവച്ച ആര്‍. അനുവും 400 മീറ്ററില്‍ സുവര്‍ണനേട്ടത്തിനുടമയായ അനില്‍ഡാ തോമസും ഷൂട്ടിംഗില്‍ കേരളത്തിന്റെ താരോദയമായ ഏലിസബത്ത് സൂസന്‍ കോശിയും ഗസറ്റഡ് റാങ്കിലായിരിക്കും ജോലിയില്‍ പ്രവേശിക്കുക. സംസ്ഥാന സര്‍ക്കാര്‍ ഓണസമ്മാനമായി ഇവരെ സര്‍ക്കാര്‍ സര്‍വീസിലേക്ക് സ്വാഗതം ചെയ്യും.

ഷൂട്ടിംഗ് താരമായ ഏലിസബത്ത് ആഭ്യന്തരവകുപ്പില്‍ ജോലിയാണ് താത്പര്യപ്പെട്ടിട്ടുള്ളത്. ഇത് സംബന്ധിച്ചുള്ള കത്ത് സംസ്ഥാന കായികമന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിനു കൈമാറി. 21-ാം വയസിലാണ് എലിസബത്ത് ഗസറ്റഡ് റാങ്കില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിയമിതയാവുന്നത്. കേരളത്തിനായി ദേശീയ ഗെയിംസില്‍ പത്തു മെഡലുകള്‍ സ്വന്തമാക്കിയ സാജന്‍ പ്രകാശ് ഉള്‍പ്പെടെയുള്ള മറ്റു മൂന്നു പേരും പ്രത്യേക ഡിപ്പാര്‍ട്ട്മെന്റിലേക്ക് നിയമിക്കണമെന്നാവശ്യപ്പെട്ട് കത്തു നല്കിയിട്ടില്ല. ഇവര്‍ക്കു മൂന്നു പേര്‍ക്കും വിദ്യാഭ്യാസ വകുപ്പില്‍ നിയമനം ലഭിക്കാനുള്ള സാധ്യതയാണുള്ളത്. എല്ലാവരും ഇപ്പോള്‍ വിദ്യാര്‍ഥികളാണെന്ന പ്രത്യേകതയുമുണ്ട്


വിദ്യാഭ്യാസ വകുപ്പില്‍ സെക്്ഷന്‍ ഓഫീസറായിട്ടാണ് ഇവരുടെ തുടക്കം. രാജ്യാന്തര ശ്രദ്ധയാകര്‍ഷിക്കുന്ന പ്രകടനം നടത്തിയതിനെത്തുടര്‍ന്നാണ് ഗസറ്റഡ് റാങ്കില്‍ ഈ നാലു കായികതാരങ്ങളെയും നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ദേശീയ ഗെയിംസില്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം, വെള്ളി, വെങ്കലം എന്നിവ നേടിയ താരങ്ങളെയും ടീം ഇനത്തില്‍ സ്വര്‍ണം നേടിയവരെയുമാണ് ആദ്യഘട്ടത്തില്‍ ജോലിക്കായി തെരഞ്ഞെടുത്തത്. ഇവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഈ മാസം 30 ന് നടക്കും. തുടര്‍ന്ന് ഓഗസ്റ്റ് പകുതിയോടെ ജോലിയില്‍ പ്രവേശിക്കത്തക്ക രീതിയിലാണു നടപടിക്രമങ്ങള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.