ഏഷ്യന്‍ പവര്‍ലിഫ്റ്റിംഗില്‍ രഹനയ്ക്കും അക്ഷയയ്ക്കും സ്വര്‍ണം
ഏഷ്യന്‍ പവര്‍ലിഫ്റ്റിംഗില്‍ രഹനയ്ക്കും അക്ഷയയ്ക്കും സ്വര്‍ണം
Tuesday, July 28, 2015 11:58 PM IST
എച്ച്. ഹരികൃഷ്ണന്‍

കോട്ടയം: ചെറുപ്രായത്തില്‍ ചുമക്കേണ്ടിവന്ന ജീവിതഭാരത്തിനു മുന്നില്‍, 118 കിലോ എന്നത് അവള്‍ക്കൊരു പ്രശ്നമായിരുന്നില്ല. ഹോങ്കോംഗില്‍ നടന്ന ഏഷ്യന്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങിയ അക്ഷയയും രഹനയും പഴയ പ്രാരാബ്ദങ്ങളുടെ ലോകത്തേക്കു മടങ്ങിയെത്തി. ജൂലൈ 20 മുതല്‍ 25 വരെ നടന്ന ചാ മ്പ്യന്‍ഷിപ്പില്‍ മൂന്നു സ്വര്‍ണം വീതം കരസ്ഥമാക്കിയാണ് ഇരുവരും നാട്ടില്‍ തിരിച്ചെത്തിയത്. ഇതില്‍ അക്ഷയയുടെ നേട്ടമാകട്ടെ റിക്കാര്‍ഡോടെയും.

പവര്‍ ലിഫ്റ്റിംഗിലെ 84 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച രഹനയും 47 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച അക്ഷയയും സ്കൌട്ട്, ഡെഡ്, ടോട്ടല്‍ എന്നീ ഇനങ്ങളിലാണ് സ്വര്‍ണം കരസ്ഥമാക്കിയത്. ബെന്‍ഡ് പ്രസ് ഇനത്തില്‍ ഇരുവരും വെള്ളിയും നേടി. ഡെഡ് ഇനത്തില്‍ 118 കിലോ ഉയര്‍ത്തി വിജയിച്ച അക്ഷയ, കഴിഞ്ഞ കൊല്ലത്തെ 117.5 കിലോയെ കടത്തിവെട്ടി റിക്കാര്‍ഡിട്ടു.


കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടെയാണ് ഇരുവരും ചാമ്പ്യന്‍ഷിപ്പിനു പോയത്. രണ്ടര ലക്ഷത്തോളം രൂപ ഓരോരുത്തര്‍ക്കും ചെലവായതായി പരിശീലകന്‍ ഡി.സി ബാബു പറഞ്ഞു. ഇരുവരുടെയും രക്ഷിതാക്കള്‍ പലരോടും കടം വാങ്ങിയാണ് ചെലവിനുള്ള പണം കണ്െടത്തിയത്. ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ ധനസമാഹരണവും തുണയായി. ഒപ്പം പാലക്കാട് എംപി, എം.ബി. രാജേഷും ചില എംഎല്‍എമാരും സഹായങ്ങള്‍ നല്‍കി. ഫിന്‍ലന്‍ഡില്‍ നടക്കുന്ന ലോക പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിലേക്കും ഇരുവരും യോഗ്യത നേടിയിട്ടുണ്ട്.

എന്നാല്‍ ഇപ്പോഴത്തെ ബാധ്യതകള്‍ തീര്‍ക്കുന്നതെങ്ങനെയെന്ന ആശങ്കയിലാണ് രാജ്യത്തിന് അഭിമാനമായ ഈ താരങ്ങളും കുടുംബവും. അഭ്യുദയകാംക്ഷികളുടെയും സര്‍ക്കാരിന്റെയും സഹായമില്ലാതെ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഇവര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.