ആഷസ്: മൂന്നാം മത്സരം ഇന്ന്
ആഷസ്: മൂന്നാം മത്സരം ഇന്ന്
Wednesday, July 29, 2015 11:22 PM IST
എഡ്ജ്ബാസ്റണ്‍: ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ നേരിട്ട വമ്പന്‍ തോല്‍വിക്കു കണക്കുചോദിക്കാന്‍ ഇംഗ്ളണ്ട് ഇന്ന് ഓസ്ട്രേലിയയ്ക്കെതിരേ. ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിന് എഡ്ജ്ബാസ്റണ്‍ വേദിയാകുമ്പോള്‍ 10 വര്‍ഷം മുമ്പ് ഓസ്ട്രേലിയയെ തോല്‍പ്പിച്ച മത്സരമാകും ഇംഗ്ളീഷ് ആരാധകരുടെ മനസില്‍. അന്ന് വിജയലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയ രണ്ടുറണ്‍സിനു മത്സരത്തില്‍ അടിയറവ് പറയുകയായിരുന്നു. അഞ്ചുമത്സര പരമ്പര ഇപ്പോള്‍ 1-1 എന്നനിലയിലാണ്.

രണ്ടാം ടെസ്റിലെ വന്‍തോല്‍വി ഇംഗ്ളീഷ് ടീമിനെ കാറ്റുപോയ ബലൂണിന്റെ അവസ്ഥയിലാക്കിയിട്ടുണ്ട്. ആത്മവിശ്വാസം ചോര്‍ന്ന അവസ്ഥയിലാണ് ടീം ക്യാമ്പ്. രണ്ടുദിവസം മുമ്പ് ഹരിതവര്‍ണമായിരുന്ന പിച്ച് മരുഭൂമി പോലെയായിട്ടുണ്ട്. പച്ചപ്പുനിറഞ്ഞ പിച്ചില്‍ ഓസട്രേലിയന്‍ പേസര്‍മാരെ നേരിടുന്നത് ആത്മഹത്യപരമാണെന്ന തിരിച്ചറിവാണ് ഇതിനു പിന്നില്‍. മിച്ചല്‍ ജോണ്‍സനും മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹെയ്സല്‍വുഡും തകര്‍പ്പന്‍ ഫോമിലാണ്. അതുകൊണ്ട് തന്നെ പിച്ചില്‍ കൈകടത്താന്‍ ടീം മാനേജ്മെന്റ് തീരുമാനിച്ചതും. ഫോമിലല്ലാതിരുന്ന ഗാരി ബാലന്‍സിനു പകരം ജോണി ബെയര്‍സ്റ്റോ ടീമിലെത്തിയതാണ് ഇംഗ്ളീഷ് നിരയിലെ പ്രധാനമാറ്റം. ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്കാണ് കൂടുതല്‍ വിജയസാധ്യത. ഇന്നലെ മഴ പെയ്തെങ്കിലും അടുത്ത അഞ്ചു ദിവസം തെളിഞ്ഞ കാലവസ്ഥയായിരിക്കുമെന്നാണ് പ്രവചനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.