ഇന്ത്യ എയുടെ തോല്‍വി 10 വിക്കറ്റിന്
Sunday, August 2, 2015 1:02 AM IST
ചെന്നൈ: ഓസ്ട്രേലിയ എയ്ക്കെതിരായ അനൌദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ എയ്ക്ക് 10 വിക്കറ്റ് പരാജയം. രണ്ടാം ഇന്നിംഗ്സില്‍ വിജയലക്ഷ്യമായ 61 റണ്‍സ് മറികടക്കാന്‍ ഓസ്ട്രേലിയന്‍ എ ടീമിനു വേണ്ടിവന്നത് കേവലം 6.1 ഓവറാണ്.

സ്കോര്‍: ഇന്ത്യ എ 135, 274. ഓസ്ട്രേലിയ എ 349, വിക്കറ്റ് നഷ്ടപ്പെടാതെ 62.

ആറിന് 267 എന്ന നിലയില്‍ നാലാം ദിനം കളി തുടങ്ങിയ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് കേവലം ഏഴു റണ്‍സിനപ്പുറം അവസാനിച്ചു. രണ്ടാം ഇന്നിംഗ്സിലും തകര്‍ത്തെറിഞ്ഞ ഇന്ത്യന്‍ വംശജന്‍ ഗുരീന്ദര്‍ സിംഗ് സന്ധുവിന്റെ മികച്ച പ്രകടനമാണ് ഓസ്ട്രേലിയയ്ക്കു മിന്നും ജയമൊരുക്കിയത്. സ്റ്റീവ് ഓ കോഫയും നാലു വിക്കറ്റ് നേടി. 28 റണ്‍സോടെ ബാറ്റു ചെയ്യുകയായിരുന്ന അപരാജിത് 30 റണ്‍സെടുത്ത് സന്ധുവിനു കീഴടങ്ങിയതോടെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. ഇന്ത്യക്കു വേണ്ടി 59 റണ്‍സ് നേടിയ അഭിനവ് മുകുന്ദാണ് ടോപ് സ്കോറര്‍. ശ്രേയസ് അയ്യര്‍ 49 റണ്‍സ് നേടി.

ശ്രീലങ്കന്‍ പര്യടനത്തിനു മുമ്പ് ഫോം കണ്െടത്താനായി ഇറങ്ങിയ ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്്ലി ആദ്യ ഇന്നിംഗ്സില്‍ 19 ഉം രണ്ടാം ഇന്നിംഗ്സില്‍ 45 ഉം റണ്‍സുമാണ് നേടിയത്.

വിജയത്തോടെ രണ്ടു മത്സരങ്ങളുടെ പരമ്പര 1-0ന് ഓസ്ട്രേലിയ നേടി. ആദ്യമത്സരം സമനിലയായിരുന്നു. ഇന്ത്യ എയുടെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡാണ്.

എന്നും ക്രിക്കറ്റ് കളിച്ചിട്ടുള്ളത് ആത്മാര്‍ഥതയോടെ: കോഹ്ലി

ചെന്നൈ: താന്‍ ടീമിനുവേണ്ടി എക്കാലവും ആത്മാര്‍ഥതയോടെയാണ് ക്രിക്കറ്റ് കളിച്ചിട്ടുള്ളതെന്ന് ഇന്ത്യന്‍ ടെസ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ശ്രീലങ്കന്‍ പര്യടനത്തിനു മുന്നോടിയായി ഓസ്ട്രേലിയന്‍ എ യുമായി നടന്ന അനൌദ്യോഗിക ടെസ്റ് മത്സരത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മത്സരത്തില്‍ ഇന്ത്യ എ 10 വിക്കറ്റിന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. മത്സരത്തില്‍ കോഹ്ലിക്ക് തിളങ്ങാനായില്ല. 16, 45 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്കോറുകള്‍. ഇതിനെത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് വിമര്‍ശനങ്ങളുണ്ടായി. ബാറ്റ്സ്മാന്‍ എന്ന നിലയിലും ക്യാപ്റ്റന്‍ എന്ന നിലയിലും മികച്ച കളി പുറത്തെടുക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. ടീമിന്റെ ജയമാണ് എക്കാലവും എന്റെ ലക്ഷ്യം. വ്യക്തിഗത നേട്ടങ്ങള്‍ക്കു വേണ്ടി ഒരിക്കലും ഞാന്‍ കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നിലപാടുകളിലോ ശൈലിയിലോ മാറ്റം വരുത്തേണ്ട ആവശ്യമുണ്െടന്നു തോന്നുന്നില്ല. ക്യാപ്റ്റന്‍ പദവി സ്വതന്ത്രമായി കളിക്കാനുള്ള മനസിനെ പിരിമുറുക്കത്തിലാക്കിയിട്ടുണ്ട്. ക്യാപ്റ്റനായിരിക്കുമ്പോള്‍ നന്നായി കളിച്ചാല്‍ മാത്രം പോരല്ലോ, മറ്റുള്ളവരെ നന്നായി പ്രോത്സാഹിപ്പിക്കുകയും വേണ്െട. അത് അത്ര എളുപ്പമുള്ള ജോലിയല്ല. പക്ഷേ, ഞാന്‍ ട്രാക്കിലായിക്കഴിഞ്ഞു. പരാജയങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളും -കോഹ്ലി പറഞ്ഞു.


ശ്രീലങ്കയ്ക്കെതിരായ പരമ്പര വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും കോഹ്ലി പറഞ്ഞു. ഏഷ്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ടീമുകളില്‍ ഒന്നാണ് ലങ്ക. അവര്‍ക്കെതിരേ അവരുടെ തട്ടകത്തില്‍ മത്സരിച്ചു ജയിക്കുകയെന്നു പറയുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ വെല്ലുവിളിയാണ്. അവരുടെ ദൌര്‍ബല്യങ്ങള്‍ മുതലാക്കുന്നതിലാണ് നമ്മുടെ ലക്ഷ്യം. അതിനായി ടീം ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്-കോഹ്ലി കൂട്ടിച്ചേര്‍ത്തു.

സ്പിന്നേഴ്സിന്റെ പ്രകടനമാവും പരമ്പരയില്‍ നിര്‍ണായകമാവുകയെന്നും കോഹ്ലി പറഞ്ഞു. ശ്രീലങ്കയിലെ പിച്ചുകള്‍ പൊതുവെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകളാണ്. അതുകൊണ്ടു തന്നെ സ്പിന്നര്‍മാരുടെ പ്രകടനമാവും മത്സരത്തില്‍ വഴിത്തിരിവുണ്ടാക്കുക. ക്രിക്കറ്റ് ലോകം കണ്ട മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ മുത്തയ്യ മുരളീധരന്റെ രാജ്യമാണെന്നോര്‍ക്കണം. ഹര്‍ഭജന്‍ സിംഗില്‍ നിന്നും അമിത് മിശ്രയില്‍ നിന്നും മികച്ച പ്രകടനങ്ങള്‍ ടീം പ്രതീക്ഷിക്കുന്നു. പേസ്ബൌളര്‍മാരുടെ സ്ഥിരതയില്ലായ്മയാണ് ടീം നേരിടുന്ന പ്രധാന പ്രശ്നം. ലങ്കയില്‍ അത് പരിഹരിക്കാനാവുമെന്നു കരുതുന്നു. കോഹ്ലി ആത്മവിശ്വാസത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.