മരുന്നടി വിവാദം: കര്‍ശന നടപടിക്ക് ഐഒസി
Wednesday, August 5, 2015 11:16 PM IST
ബെര്‍ലിന്‍: അത്ലറ്റിക് ട്രാക്ക് മുഴുവന്‍ മരുന്നടി വിവാദത്തിലായിരിക്കെ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി. ഒളിമ്പിക് മെഡല്‍ ജേതാക്കളടക്കം മരുന്നടിച്ചെന്ന അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന്റെ ഉത്തേജകപരിശോധന റിപ്പോര്‍ട്ടാണ് പുതിയ വിവാദങ്ങള്‍ക്കു തിരികൊളുത്തിയിരിക്കുന്നത്. മരുന്നടി വെറും ആരോപണം മാത്രമാണെന്നാണ് അത്ലറ്റിക് അസോസിയേഷന്റെ വാദം. എന്നാല്‍, ഇത്ര വലിയ ആരോപണം വെറും നിസാരമായി തള്ളിക്കളയാനാകില്ലെന്ന നിലപാടിലാണ് ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ്. ആരോപണത്തില്‍ അത്ലറ്റുകള്‍ തെറ്റുകാരാണെങ്കില്‍ ശരിയായ നടപടി കൈക്കൊള്ളുമെന്നാണ് ഐഒസി പ്രസിഡന്റ് തോമസ് ബാക് വ്യക്തമാക്കി. ജര്‍മന്‍ മാധ്യമമായ സണ്‍ഡേ ടൈംസാണ് കായികലോകത്തെ ഞെട്ടിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.


2001 മുതല്‍ 2012 വരെ ഫെഡറേഷന്‍ നടത്തിയ 5000 അത്ലറ്റുകളുടെ രക്തസാമ്പിളുകളുടെ പരിശോധനാ ഫലമാണ് പുറത്തായത്. പരിശോധിക്കപ്പെട്ടതില്‍ 800 പേരുടെ രക്തസാമ്പിളുകള്‍ സംശയാസ്പദമാണെന്നും ലണ്ടന്‍ ഒളിമ്പിക്സിലെ 10 സ്വര്‍ണമെഡലുകള്‍ സംശയനിഴലിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യ, കെനിയ താരങ്ങളാണ് സംശയിക്കപ്പെടുന്ന താരങ്ങളിലേറെയും.

പുതിയ സംഭവവികാസങ്ങള്‍ അസ്വസ്ഥമാക്കുന്നതാണെന്നായിരുന്നു ഉത്തേജകവിരുദ്ധ ഏജന്‍സിയായ വാഡയുടെ പ്രസിഡന്റ് ക്രെയ്ഗ് റീഡിയുടെ പ്രതികരണം. മരുന്നടി നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതാണ് സണ്‍ഡേ ടൈംസ് പുറത്തുവിട്ട ഞെട്ടിക്കുന്ന റിപ്പോര്‍ട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.