ട്രിപ്പിള്‍ ബോള്‍ട്ട്
ട്രിപ്പിള്‍ ബോള്‍ട്ട്
Sunday, August 30, 2015 11:38 PM IST
ബെയ്ജിംഗ്: ഹോ! അവിശ്വസനീയം. വേറെങ്ങനെ വിശേഷിപ്പിക്കാനാകും. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 4ഃ100 മീറ്റര്‍ റിലേയിലെ ഉസൈന്‍ ബോള്‍ട്ടിന്റെ കുതിപ്പിനെ. ഫൈനലില്‍ നിക് ആഷ്മേഡ് ബാറ്റണ്‍ അവസാന ലാപ്പിലോടിയ ബോള്‍ട്ടിനു കൈമാറുമ്പോള്‍ ചൈനയുടെയും യുഎസ്എയുടെയും താരങ്ങളായിരുന്നു മുന്നില്‍. എന്നാല്‍ ഞൊടിയിടയില്‍ ബോള്‍ട്ട് ഏവരെയും അപ്രസക്തരാക്കി. 37.36 സെക്കന്‍ഡിലാണ് ജമൈക്ക സ്വര്‍ണത്തിലേക്ക് ഓടിയെത്തിയത്. ബോള്‍ട്ടിനെ വീഴ്ത്തുമെന്ന വീമ്പോടെ ബെയ്ജിംഗില്‍ കാലുകുത്തിയ യുഎസ്എയുടെ ജസ്റ്റിന്‍ ഗാറ്റ്ലിനു കൂട്ടുകാര്‍ക്കൊപ്പവും ബോള്‍ട്ടിനെ മറികടക്കാനായില്ലെന്നു മാത്രമല്ല, ബാറ്റണ്‍ യഥാസമയത്തു കൈമാറാനാകാതെ അയോഗ്യരായി മടങ്ങേണ്ടിയും വന്നു. മൂന്നാമതോടിയ ടൈസണ്‍ ഗേ, മൈക്ക് റോഡ്രിഗസിനു ബാറ്റണ്‍ കൈമാറിയത് നിശ്ചിത സ്ഥലപരിധി കഴിഞ്ഞായിരുന്നു. ഗാറ്റ്ലിന്റെയും കൂട്ടരുടെയും ദുരന്തം ചൈനയ്ക്ക് അപ്രതീക്ഷിത വെള്ളി നേടിക്കൊടുത്തു. കാനഡയ്ക്കാണ് വെങ്കലം.

തുടര്‍ച്ചയായ മൂന്നാം ലോക ചാമ്പ്യന്‍ഷിപ്പിലാണ് ബോള്‍ട്ട് ഉള്‍പ്പെടുന്ന ജമൈക്കന്‍ ടീം 4ഃ100 മീറ്റര്‍ റിലേയില്‍ സ്വര്‍ണമണിയുന്നത്. നെസ്റ കാര്‍ട്ടറും അസഫ പവലുമായിരുന്നു ആദ്യ രണ്ടു ലാപ്പുകളില്‍ ജമൈക്കയ്ക്കായി ഓടിയത്.

റിലേ സ്വര്‍ണത്തോടെ ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ തികയ്ക്കാനും ബോള്‍ട്ടിനായി. ഏഴു വര്‍ഷം മുമ്പ് ബെയ്ജിംഗ് ഒളിമ്പിക്സിലും ഇതേ ട്രാക്കില്‍ ബോള്‍ട്ട് ട്രിപ്പിളണിഞ്ഞിരുന്നു. റിയോ ഒളിമ്പിക്സിനു സജ്ജമാണെന്നു എതിരാളികളെ ബോധ്യപ്പെടുത്താനും ബോള്‍ട്ടിനായി.

വനിതകളിലും ജമൈക്ക

വനിതാ റിലേയിലും ജമൈക്കയുടെ കരീബിയന്‍ കരുത്തിനു പിന്നില്‍ രണ്ടാം സ്ഥാനത്തിനായി മത്സരിക്കുകയായിരുന്നു എതിരാളികള്‍. 41.07 സെക്കന്‍ഡില്‍ ചാമ്പ്യന്‍ഷിപ്പ് റിക്കാര്‍ഡോടെ ജമൈക്ക സ്വര്‍ണം നിലനിര്‍ത്തിയപ്പോള്‍ യുഎസ്എ (41.68) വെള്ളിയും മറ്റൊരു കരീബിയന്‍ രാഷ്ട്രമായ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ (42.03) വെങ്കലവും കൈപ്പിടിയിലൊതുക്കി. വെറോണിക്ക കാംപെല്‍, നതാഷ മോറിസണ്‍, എലന്‍ തോംപ്സണ്‍ പിന്നെ സാക്ഷാല്‍ ഷെല്ലി ആന്‍ ഫ്രോസറും. തുടക്കത്തിലേ ലീഡ് നേടിയ ജമൈക്ക അനായാസം സ്വര്‍ണം ഉറപ്പിക്കുകയായിരുന്നു.


വികാസിനു നിരാശ

ഡിസ്കസ് ത്രോയില്‍ ഇന്ത്യന്‍ പ്രതീക്ഷയുമായിറങ്ങിയ വികാസ് ഗൌഡ നിരാശപ്പെടുത്തി. ഫൈനലില്‍ 62.24 മീറ്റര്‍ എറിഞ്ഞ വികാസ് ഒന്‍പതാമതായി. യോഗ്യതാറൌണ്ടില്‍ 63.86 മീറ്റര്‍ എറിഞ്ഞ ഇന്ത്യന്‍ താരത്തിനു പ്രകടനം ആവര്‍ത്തിക്കാനായില്ല. ആദ്യ അവസരത്തില്‍ 60.28 എറിഞ്ഞ വികാസിന്റെ രണ്ടാം ശ്രമം ഫൌളായി. മൂന്നാം ശ്രമത്തിലാണ് 62.24 പിന്നിട്ടത്. 66.28 മീറ്ററായിരുന്നു വികാസിന്റെ മികച്ച പ്രകടനം. രണ്ടാം ശ്രമത്തില്‍ തന്നെ 67.40 മീറ്റര്‍ എറിഞ്ഞ പോളണ്ടിന്റെ പിയോറ്റര്‍ മലച്ചോവിസ്കിക്കാണ് സ്വര്‍ണം. ബെല്‍ജിയത്തിന്റെ ഫിലിപ്പ് മിലാനോവ് വെള്ളി നേടി.

മെഡലുകളില്‍ കെനിയ

അത്ലറ്റിക്സില്‍ കെനിയന്‍ ആധിപത്യത്തിന് ഇടിവു സംഭവിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നതാണു മെഡല്‍നില. ആറു സ്വര്‍ണമടക്കം 13 മെഡലുകളുമായി കെനിയ തന്നെയാണു മുന്നില്‍. ചാമ്പ്യന്‍ഷിപ്പിനിടെ രണ്ടു വനിതാ താരങ്ങളെ മരുന്നടിക്കു പിടിച്ചതും സമീപകാല വിവാദങ്ങളുമൊന്നും തങ്ങളുടെ പോരാട്ടവീര്യത്തെ തളര്‍ത്തിയിട്ടില്ലെന്ന് ആഫ്രിക്കക്കാര്‍ വീണ്ടും തെളിയിച്ചു.

ബോര്‍ട്ടിന്റെ ട്രിപ്പിളും ഷെല്ലിയുടെ ഡബിളുമടക്കം ആറു സ്വര്‍ണവും രണ്ടു വെള്ളിയും മൂന്നു വെങ്കലവുമുള്ള ജമൈക്കയാണ് രണ്ടാമത്. യുഎസ്എ അഞ്ചു സ്വര്‍ണമടക്കം 16 മെഡലുകളുമായി മൂന്നാമത്. ചാമ്പ്യന്‍ഷിപ്പ് ഇന്നു സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.