കൊളംബോ ടെസ്റില്‍ ഇന്ത്യക്ക് മേല്‍ക്കൈ, പക്ഷേ...!
കൊളംബോ ടെസ്റില്‍ ഇന്ത്യക്ക്  മേല്‍ക്കൈ, പക്ഷേ...!
Monday, August 31, 2015 11:56 PM IST
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ മൂന്നാം ദിവസം വെളിച്ചക്കുറവു മൂലം പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യക്കു നേരിയ മേല്‍ക്കൈ. നായകന്‍ വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവരുടെ ബാറ്റിംഗ് മികവിനെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ വിജയം. ശ്രീലങ്കയ്ക്കെതിരേ 111 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ മൂന്നു വിക്കറ്റിന് 21 റണ്‍സ് എന്ന നിലയില്‍ തകര്‍ച്ചയെ നേരിടുകയാണ്. വിരാട് കോഹ്ലി (1), രോഹിത് ശര്‍മ (14) എന്നിവരാണ് ക്രീസില്‍. ഒന്നാം ഇന്നിംഗ്സില്‍ സെഞ്ചുറി ഇന്ത്യയുടെ രക്ഷകനായ ചേതേശ്വര്‍ പൂജാര (0), ലോകേഷ് രാഹുല്‍ (2), അജിങ്ക്യ രഹാനെ (4) എന്നിവരാണ് പുറത്തായത്. ഇന്ത്യക്ക് ഇപ്പോള്‍ 132 റണ്‍സ് ലീഡുണ്ട്.

എട്ടു വിക്കറ്റിന് 292 റണ്‍സ് എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്സ് പുനരാംരംഭിച്ച ഇന്ത്യയുടെ ഇന്നിംഗ്സ് രാവിലെ തന്നെ 312 റണ്‍സില്‍ തീര്‍ന്നു. അപ്പോഴും പൂജാരയുടെ വിക്കറ്റ് വീഴ്ത്താന്‍ ലങ്കന്‍ ബൌളര്‍മാര്‍ക്കായിരുന്നില്ല. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ പൂജാര 145 റണ്‍സെടുത്തിരുന്നു. രംഗണ ഹെറാത്തിനായിരുന്നു രാവിലത്തെ ഇന്ത്യ വിക്കറ്റുകള്‍ മുഴുവനും. ഹെറാത്ത് മൂന്നും ധമിക പ്രസാദ് നാലും വിക്കറ്റുകള്‍ നേടി.

ഇന്ത്യന്‍ സ്കോറിനു മറുപടിയുമായി ഇറങ്ങിയ ലങ്കയെ ഇന്ത്യന്‍ പേസര്‍മാര്‍ തകര്‍ത്തു. 47 റണ്‍സ് ലങ്കന്‍ സ്കോര്‍ ബോര്‍ഡിലെത്തിയപ്പോള്‍ ആറു പേര്‍ കൂടാരം കയറിയിരുന്നു. ഇതിനിടെ ധമിക പ്രസാദ് റിട്ടേഡ് ഹര്‍ട്ടാകുകയും ചെയ്തു. ഇഷാന്ത് ശര്‍മ-ഉമേഷ് യാദവ്-സ്റുവര്‍ട്ട് ബിന്നി ത്രയമാണ് ലങ്കന്‍ മുന്‍ നിരയെ ചുരുട്ടിക്കെട്ടിയത്. വന്‍ തകര്‍ച്ച നേരിടുമെന്നു തോന്നിച്ച അവസരത്തില്‍ കുശാല്‍ പെരേരയും ഹെറാത്തും രക്ഷകരായി അവതരിച്ചു. ഈ ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ 79 റണ്‍സാണ് പിറന്നത്. പെരേര (55)യെ ഇഷാന്ത് പുറത്താക്കി. ഇതിനിടെ പരിക്ക് ഭേദമായി പ്രസാദ് തിരിച്ചെത്തിയതും ലങ്കയ്ക്കു ഗുണമായി. അതിനുശേഷമുള്ള ചെറിയ ചെറിയ കൂട്ടുകെട്ടുകള്‍ ലങ്കയെ നാണക്കേടില്‍ നിന്നു കരകയറ്റി 201 റണ്‍സിലെത്തിച്ചു. ഹെറാത്ത് (49) റണ്‍സുമായി പുറത്തായിരുന്നു. ഇന്ത്യക്ക് 111 റണ്‍സിന്റെ മികച്ച ലീഡും ലഭിച്ചു. ഇഷാന്ത് ശര്‍മയുടെ ഉജ്വല പ്രകടനമാണ് ലങ്കയെ തകര്‍ത്തത്. 15 ഓവറില്‍ 54 റണ്‍സ് വഴങ്ങി അദ്ദേഹം അഞ്ചു വിക്കറ്റുകള്‍ സ്വന്തമാക്കി. ഏഴാം തവണയാണ് ഇഷാന്ത് ഒരു ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റ് നേട്ടം കൊയ്യുന്നത്.

സ്റുവര്‍ട്ട് ബിന്നിയും അമിത് മിശ്രയും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ഡിആര്‍എസ് നിയമം ഉപയോഗിക്കാത്തത് ഇന്ത്യന്‍ ബൌളര്‍മാര്‍ക്ക് തിരിച്ചടിയായി. നിരവധി എല്‍ബിഡബ്ള്യു അപ്പീലുകള്‍ ഇന്ത്യക്കു നിഷേധിക്കപ്പെട്ടു. ഇതില്‍ പലതിലും ലങ്കന്‍ ബാറ്റ്സ്മാന്മാര്‍ ഔട്ടായിരുന്നു.


രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം ഞെട്ടിക്കുന്നതായിരുന്നു. ആദ്യ ഓവര്‍ എറിഞ്ഞ ധമിക പ്രസാദിന്റെ രണ്ടാം പന്തില്‍ പൂജാര റണ്ണൊന്നുമെടുക്കാതെ ക്ളീന്‍ബൌള്‍ഡായി. പിന്നീട് രാഹുലും രഹാനെയും ലങ്കന്‍ ബൌളര്‍മാരായ പ്രസാദിനെയും നുവാന്‍ പ്രദീപിനെയും നേരിടുന്നതില്‍ ബുദ്ധിമുട്ടി. മൂന്നാം ഓവര്‍ എറിഞ്ഞ പ്രദീപിന്റെ ആദ്യ പന്തില്‍ രണ്ടു റണ്‍സ് നേടി രാഹുല്‍ അക്കൌണ്ട് തുറന്നു. എന്നാല്‍, അടുത്ത പന്ത് ലീവ് ചെയ്യാനുള്ള രാഹുലിന്റെ ശ്രമം ഓഫ് സ്റംപ് ഇളക്കി. ഒരോവറിന്റെ ഇടവേളയ്ക്കുശേഷം പ്രദീപിനു മുന്നില്‍ രഹാനെ വിക്കറ്റിനു മുന്നില്‍ കുരുങ്ങി. പിന്നീട് കോഹ്ലിയും രോഹിതും കൂടുതല്‍ നഷ്ടമൊന്നും ഉണ്ടാക്കാതെ മൂന്നാം ദിനം പൂര്‍ത്തിയാക്കി. 14 റണ്‍സുമായി ക്രീസില്‍ തുടരുന്ന ഈ നാലാം വിക്കറ്റ് കൂട്ടുകെട്ടായിരിക്കും ഇനി ഇന്ത്യയുടെ കളിയുടെ ഗതി നിയന്ത്രിക്കുക.



സ്കോര്‍ബോര്‍ഡ്

ഇന്ത്യ ഒന്നാം ഇന്നിംഗ്സ്

രാഹുല്‍ ബി പ്രസാദ് 2, പൂജാര നോട്ടൌട്ട് 145, രഹാനെ എല്‍ബിഡബ്ള്യു പ്രദീപ് 8, കോഹ്ലി സി പെരേര ബി മാത്യൂസ് 18, രോഹിത് സി തരംഗ ബി പ്രസാദ് 26, ബിന്നി എല്‍ബിഡബ്ള്യു പ്രസാദ് 0, ഓജ സി തരംഗ ബി കൌശല്‍ 21, അശ്വിന്‍ സി പെരേര ബി പ്രസാദ് 5, മിശ്ര സ്റമ്പ്ഡ് പെരേര ബി ഹെറാത് 59, ഇഷാന്ത് ബി ഹെറാത്ത് 6, ഉമേഷ് ബി ഹെറാത്ത് 4, എക്സ്ട്രാസ് 18 ആകെ 100.1 ഓവറില്‍ 312ന് എല്ലാവരും പുറത്ത്.

ബൌളിംഗ്

പ്രസാദ് 26-4-100-4, പ്രദീപ് 22-6-52-1, മാത്യൂസ് 13-6-24-1, ഹെറാത്ത് 27.1-3-84-3, കൌശാല്‍ 12-2-45-1



ശ്രീലങ്ക ഒന്നാം ഇന്നിംഗ്സ്

തരംഗം സി രാഹുല്‍ ബി ഇഷാന്ത് 4, സില്‍വ ബി യാദവ്് 3, കരുണരത്നെ സി രാഹുല്‍ ബി ബിന്നി 11, ചാണ്ടിമല്‍ എല്‍ബിഡബ്ള്യു ബി ബിന്നി 23, മാത്യൂസ് സി ഓജ ബി ഇഷാന്ത് 1, തിരുമനെ സി രാഹുല്‍ ബി ഇഷാന്ത് 0, പെരേര സി കോഹ്ലി ബി ഇഷാന്ത് 55, പ്രസാദ് സ്റമ്പ്ഡ് ഓജ ബി മിശ്ര 27, ഹെറാത്ത് സി ഓജ ബി ഇഷാന്ത് 49, കൌശാല്‍ എല്‍ബിഡബ്ള്യു ബി മിശ്ര 16, പ്രദീപ് നോട്ടൌട്ട് 2, എക്സ്ട്രാസ് 10, ആകെ 52.2 ഓവറില്‍ 201ന് എല്ലാവരും പുറത്ത്

ബൌളിംഗ്

ഇഷാന്ത് 15-2-54-5, ഉമേഷ് 13-2-64-1, ബിന്നി 9-3-24-2, അശ്വിന്‍ 8-1-33-0, മിശ്ര 7.2-1-25-2



ഇന്ത്യ രണ്ടാം ഇന്നിംഗ്സ്

പുജാര ബി പ്രസാദ് 0, രാഹുല്‍ ബി പ്രദീപ് 2, രഹാനെ എല്‍ബിഡബ്ള്യു പ്രദീപ് 4, കോഹ്ലി ബാറ്റിംഗ് 1, രോഹിത് ബാറ്റിംഗ് 14, ആകെ 8.1 ഓവറില്‍ മൂന്നു വിക്കറ്റിന് 21.

ബൌളിംഗ്

പ്രസാദ് 4.1-2-8-1, പ്രദീപ് 3-1-6-2, ഹെറാത്ത് 1-0-7-0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.