ത്രോബോള്‍: കേരള വനിതകള്‍ ഫൈനലില്‍ തോറ്റു
Monday, August 31, 2015 12:22 AM IST
കൊച്ചി: ആലുവ മാറമ്പിള്ളി എംഇഎസ് കോളജില്‍ നടന്ന 26-ാമത് ദേശീയ ജൂണിയര്‍ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ വനിത ടീം ഫൈനലില്‍ പൊരുതിത്തോറ്റു. നിലവിലെ ചാമ്പ്യന്‍മാരായ തമിഴ്നാട് കേരളത്തെ ഏകപക്ഷീയമായ സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് കിരീടം നിലനിര്‍ത്തി.

സ്കോര്‍: 15-13, 15-12. രാവിലെ നടന്ന സെമിയില്‍ തെലുങ്കാനയെ തോല്‍പ്പിച്ചാണ് കേരളം ഫൈനലില്‍ കടന്നത്. പുരുഷ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ ഡല്‍ഹിയെ അട്ടിമറിച്ച് മധ്യപ്രദേശ് കിരീടം നേടി. സ്കോര്‍: 15-11, 13-15, 15-07.

ഈ വിഭാഗത്തില്‍ 15-13, 15-07 സ്കോറിന് കര്‍ണാടകയെ തോല്‍പ്പിച്ച് കേരളം മൂന്നാം സ്ഥാനം നേടി. ഡല്‍ഹിയുടെ മോഹിത്തും തമിഴ്നാടിന്റെ ഹര്‍ഷിനയും ചാമ്പ്യന്‍ഷിപ്പിലെ മികച്ച താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.


സമാപന ചടങ്ങില്‍ ത്രോബോള്‍ ഫെഡറേഷന്‍ ഇന്ത്യ ചെയര്‍മാന്‍ കമല്‍ ഗോസ്വാമി, സെക്രട്ടറി ബല്ലാള്‍, ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍, കേരള ത്രോബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇബ്രാഹിംകുട്ടി, മാറമ്പിള്ളി എംഇഎസ് കോളജ് പ്രിന്‍സിപ്പാള്‍ ഡോ.എ.ബിജു എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.