ജയ്ഷയ്ക്ക് ഒളിമ്പിക് യോഗ്യത
ജയ്ഷയ്ക്ക് ഒളിമ്പിക് യോഗ്യത
Monday, August 31, 2015 12:02 AM IST
ബെയ്ജിംഗ്: മലയാളികളുടെ അഭിമാനം ഒ.പി. ജയ്ഷയ്ക്ക് മാരത്തണില്‍ (42 കിലോമീറ്റര്‍) ഒളിമ്പിക് യോഗ്യത. തന്റെ തന്നെ പേരിലുള്ള ദേശീയ റിക്കാര്‍ഡ് മറികടന്നാണ് ഒളിമ്പിക് ബെര്‍ത്ത് ഉറപ്പിക്കുന്ന പ്രകടനം ജയ്ഷ ലോകചാമ്പ്യന്‍ഷിപ്പില്‍ നടത്തിയത്. 2 മണിക്കൂര്‍ 34 മിനിറ്റ് 43 സെക്കന്‍ഡിലാണ് ജയ്ഷ മാരത്തണ്‍ ഫിനിഷ് ചെയ്തത്. 2 മണിക്കൂര്‍ 37 മിനിറ്റ് 28 സെക്കന്‍ഡാണ് ജയ്ഷ പഴങ്കഥയാക്കിയത്. ജനുവരിയില്‍ മുംബൈയില്‍ നടന് മാരത്തണിലായിരുന്നു ജയ്ഷ റിക്കാര്‍ഡിട്ടത്.

എന്നാല്‍, ലോകചാമ്പ്യന്‍ഷിപ്പില്‍ ജയ്ഷ 18-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ജയ്ഷയുടെ സഹതാരം സുധ സിംഗ് 19-ാം സ്ഥാനത്തെത്തി. സമയം 2:35:35.

എത്യോപ്യയുടെ മാരെ ഡിബാബ (2:27:35) സ്വര്‍ണവും കെനിയയുടെ ഹാലെ കിപ്രോപ് (2:27:36) വെങ്കലവും സ്വന്തമാക്കി. മാരത്തണില്‍ എത്യോപ്യയുടെ ആദ്യ സ്വര്‍ണമാണിത്. ലോക ചാമ്പ്യന്‍ കിപ്രോപ്പിനെ അട്ടിമറിച്ച് സ്വര്‍ണം നേടാനായതിന്റെ സന്തോഷത്തിലാണ് എത്യോപ്യന്‍ താരം.

ജയ്ഷയ്ക്കു പിറന്നാള്‍ ദിനത്തില്‍ റിക്കാര്‍ഡ്

മാരത്തണില്‍ ഒളിമ്പിക് യോഗ്യത നേടാനായതിലുള്ള സന്തോഷം ബെയ്ജിംഗിലുള്ള ജയ്ഷ ദീപികയോടു പങ്കുവച്ചു. പിറന്നാള്‍ ദിനത്തിലാണ് തന്റെ നേട്ടമെന്നത് ജയ്ഷയെ കൂടുതല്‍ സന്തോഷവതിയാക്കുന്നു. എന്നാല്‍, മാരത്തണ്‍ ഇഷ്ടയിനമല്ലെന്നും പരിശീലകന്റെ നിര്‍ബന്ധപ്രകാരമാണ് താന്‍ മത്സരിച്ചതെന്നും ജയ്ഷ വെളിപ്പെടുത്തി. എന്റെ ഇനം 1500 മീറ്ററാണ്. അതില്‍ ശ്രദ്ധയൂന്നവേയാണ് മുംബൈ മാരത്തണ്‍ വന്നത്. റഷ്യന്‍ പരിശീലകന്‍ ഡോ. നിക്കോളെ സ്നെസരേവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹത്തിന്റെ കീഴില്‍ പരിശീലിച്ചാണ് ഞാന്‍ മുംബൈ മാരത്തണില്‍ പങ്കെടുത്തത്. അന്ന് 20 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റിക്കാര്‍ഡ് തകര്‍ക്കാനായി. ഇവിടെനിന്ന് ലോകചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതയും ലഭിച്ചു. അതാണ് എന്നെ ബെയ്ജിംഗിലെത്തിച്ചത്. എനിക്കെന്നും പ്രിയപ്പെട്ട ഇനം 1500 മീറ്ററാണ് -ജയ്ഷ പറഞ്ഞു. ലോകചാമ്പ്യന്‍ഷിപ്പിനായുള്ള തയാറെടുപ്പ് ജയ്ഷ നടത്തിയത് ഊട്ടിയിലെ ഹൈ ആള്‍ട്ടിറ്റ്യൂഡ് സ്ഥലമായ ഉദകമണ്ഡലിലായിരുന്നു. അവിടത്തെ പരിശീലനം തന്റെ പ്രകടനത്തില്‍ നിര്‍ണായകമായതായി ജയ്ഷ കൂട്ടിച്ചേര്‍ത്തു. അടുത്ത മാസം കോല്‍ക്കത്തയില്‍ നടക്കുന്ന ഓപ്പണ്‍ നാഷണല്‍സില്‍ 1500 മീറ്ററില്‍ മത്സരിക്കുമെന്നും മികച്ച പ്രകടനത്തോടെ ഒളിമ്പിക് യോഗ്യത സ്വന്തമാക്കാനാകുമെന്നും ജയ്ഷ പ്രതീക്ഷ പ്രകടിപ്പിച്ചു. 1500 മീറ്ററില്‍ ഒളിമ്പിക് യോഗ്യത ലഭിച്ചാല്‍ താന്‍ ഒളിമ്പിക് മാരത്തണില്‍ പങ്കെടുക്കില്ലെന്ന് ജയ്ഷ പറഞ്ഞു.വയനാട് തൃശ്നേരി ജയാലയത്തില്‍ പി.കെ. വേണുഗോപാലന്‍ നായരുടെയും ശ്രീദേവിയുടെയും നാലു മക്കളില്‍ ഇളയയാളാണ് ജയ്ഷ. ഭര്‍ത്താവ് പഞ്ചാബ് സ്വദേശിയും സ്പ്രിന്ററുമായിരുന്ന ഗുര്‍മീത് സിംഗാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.