ഇന്നു കടയടയ്ക്കും; ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ ട്രാന്‍സ്ഫറുകള്‍ രാത്രി 11 വരെ മാത്രം
ഇന്നു കടയടയ്ക്കും; ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ ട്രാന്‍സ്ഫറുകള്‍ രാത്രി 11 വരെ മാത്രം
Tuesday, September 1, 2015 12:08 AM IST
സി.കെ. രാജേഷ്കുമാര്‍

ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ താരങ്ങളുടെ കൊടുക്കല്‍, വാങ്ങലുകള്‍ ഇന്നവസാനിക്കും. സീസണിലെ ആദ്യഘട്ട ട്രാന്‍സ്ഫര്‍ വിന്‍ഡോയാണ് ഇന്ന് അടയ്ക്കുന്നത്. അതേസമയം, യൂറോപ്പില്‍ പോര്‍ച്ചുഗലിലെ ഒഴികെയുള്ള മറ്റു ലീഗുകളിലെ ട്രാന്‍സ്ഫറുകള്‍ ഇന്നലെ രാത്രി അവസാനിച്ചു. പോര്‍ച്ചുഗലില്‍ 22 വരെ കൂടുമാറ്റം സാധ്യമാണ്. ഓഗസ്റ്റ് 31ന് പ്രീമിയര്‍ ലീഗിലും ട്രാന്‍സ്ഫറുകള്‍ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍, ഇന്നലെ ബ്രിട്ടനില്‍ ബാങ്ക് അവധിയായതിനാലാണ് ഇന്നുവരെ നീണ്ടത്.

പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തുകയുടെ ഡീല്‍ നടക്കുന്നത് ഇത്തവണയാകുമോ എന്നത് അവസാന ദിവസത്തെ കൂടുമാറ്റത്തോടെ മാത്രമേ വ്യക്തമാകൂ. പ്രീമിയര്‍ ലീഗില്‍ 2014-15 സീസണിലായിരുന്നു ഏറ്റവും കൂടുതല്‍ തുക ഒഴുകിയത്. 835 ദശലക്ഷം പൌണ്ടിന്റെ(ഏതാണ്ട് 8530 കോടി രൂപ) ക്രയവിക്രയമാണ് കഴിഞ്ഞ സീസണില്‍ നടന്നത്. ഇത്തവണയാകട്ടെ, ഇതുവരെ 680 ദശലക്ഷം പൌണ്ടിന്റെ (ഏതാണ്ട് 6945 കോടി രൂപ)ഡീല്‍ നടന്നു കഴിഞ്ഞു. അവസാന ദിവസം കൂടുതല്‍ തുക ഒഴുകാനുള്ള സാധ്യതയുണ്െടന്നാണ് പ്രതീക്ഷ.

സിറ്റിയില്‍ കാശ് ഒഴുകി

പ്രീമിയര്‍ ലീഗില്‍ മിക്കപ്പോഴും കാശെറിയുന്ന കാര്യത്തിലും താരങ്ങളെ എത്തിക്കുന്ന കാര്യത്തിലും മാഞ്ചസ്റര്‍ യുണൈറ്റഡായിരുന്നു മുന്നില്‍. എന്നാല്‍, ഈ സീസണില്‍ ഒരു ദിനം അവശേഷിക്കേ ആ നേട്ടം മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയിരിക്കുകയാണ്. ബെല്‍ജിയം മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡിബ്രുയിനെ സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് സ്വന്തം കൂടാരത്തിലെത്തിച്ചു. 55 മില്യണ്‍ പൌണ്ടിനാണ്(561 കോടി രൂപ) ഡിബ്രുയിന്‍ വുള്‍ഫ്സ്ബര്‍ഗില്‍നിന്ന് സിറ്റിയിലെത്തിയത്. പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കൈമാറ്റമാണിത്. അര്‍ജന്റൈന്‍ താരം എയ്ഞ്ചല്‍ ഡി മരിയയെ റയല്‍ മാഡ്രിഡില്‍നിന്ന് 59.7 ദശലക്ഷം പൌണ്ടിന് (610 കോടി രൂപ) മാന്‍. യുണൈറ്റഡ് സ്വന്തമാക്കിയതാണ് ഇതുവരെയുള്ള ഉയര്‍ന്ന ഡീല്‍.

കൂടാതെ റഹിം സ്റെര്‍ലിംഗിനെ ലിവര്‍പൂളില്‍നിന്നും 44 ദശലക്ഷം പൌണ്ട് മുടക്കി ടീമിലെത്തിക്കാനും സിറ്റിക്കായി. ഫാബിയന്‍ ഡെല്‍ഫ്, പാട്രിക് റോബര്‍ട്സ്, നിക്കോളാസ് ഒട്ടാമെന്‍ഡി തുടങ്ങിയവരും സിറ്റിയിലെത്തിയ പ്രമുഖരാണ്.

പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ഇതോടെ ഏറ്റവും മികച്ച ടീമായി സിറ്റി മാറിയിട്ടുണ്ട്. അഗ്വേറോ, സ്റ്റെര്‍ലിംഗ്, സില്‍വ, ഡിബ്രുയിന്‍, യായ ടുറെ, ഫെര്‍ണാണ്ടീഞ്ഞോ, ഒട്ടാമെന്‍ഡി, കോംപാനി എന്നിവരടങ്ങുന്ന തകര്‍പ്പന്‍ ടീമിന്റെ ഗോള്‍ കീപ്പര്‍ ജോ ഹാര്‍ട്ടാണ്.


യുണൈറ്റഡും ലിവറും പിന്നിലല്ല

മാഞ്ചസ്റര്‍ യുണൈറ്റഡും താരങ്ങളെ എത്തിക്കുന്ന കാര്യത്തില്‍ പിന്നിലല്ല. 83 ദശലക്ഷം പൌണ്ട് (848 കോടി രൂപ) അവര്‍ ഇതുവരെ മുടക്കിയിട്ടുണ്ട്. എയ്ഞ്ചല്‍ ഡി മരിയയെ പിഎസ്ജിക്കു കൊടുത്ത അവര്‍ ജര്‍മന്‍ താരം ബാസ്റ്യന്‍ ഷ്വൈന്‍സ്റൈഗറെ ബയേണ്‍ മ്യൂണിക്കില്‍നിന്നു വാങ്ങി.

കൂടാതെ മറ്റേയു ഡാര്‍മിയന്‍, മെംഫിസ് ഡെപെ, മാര്‍ഗന്‍ ഷ്നെയ്ഡര്‍ലിന്‍ തുടങ്ങിയ പ്രമുഖരെ ടീമിലെത്തിച്ചു. എന്നാല്‍, റൂണിക്കൊപ്പം നിര്‍ത്താന്‍ കെല്പുള്ള ഒരു സ്ട്രൈക്കറില്ലാത്തത് അവര്‍ക്കു തിരിച്ചടിയാണ്. ബാഴ്സ താരം നെയ്മര്‍ക്കായി ലോകറിക്കാര്‍ഡ് തുക ഓഫര്‍ ചെയ്തെങ്കിലും നെയ്മര്‍ വഴങ്ങാത്തത് അവര്‍ക്കു തിരിച്ചടിയായി.

അവസാന ദിവസമായ ഇന്ന് ലൂയിസ് വാന്‍ഗാലിന്റെ ലക്ഷ്യം ഒരു സ്ട്രൈക്കറായിരിക്കും. ഗോള്‍ കീപ്പര്‍ ഡി ഗിയ മാഞ്ചസ്റര്‍ വിട്ട് റയലിലേക്കു പോയതും അവര്‍ക്കു തിരിച്ചടിയാണ്. 35 ദശലക്ഷം പൌണ്ടിനാണ് ഗിയ റയലിലെത്തുന്നത്. 19കാരനായ ഫ്രഞ്ച് സ്ട്രൈക്കറെ 36 ദശലക്ഷം പൌണ്ടിന് മാഞ്ചസ്റര്‍ ഇന്നലെ ടീമിലെത്തിച്ചു. ഇതോടെ ഏറ്റവും വിലയേറിയ ടീനേജറായി മോണക്കോ താരം മാറി. ലിവര്‍പൂള്‍ ഇത്തവണ മോശമാക്കിയില്ല. ക്രിസ്റ്റ്യന്‍ ബെന്റക്കെയെ ആസ്റ്റണ്‍ വില്ലയില്‍നിന്ന് 32.5 ദശലക്ഷം പൌണ്ടിനും ബ്രസീല്‍ കൌമാരതാരം റോബര്‍ട്ടോ ഫെര്‍മിനോയെ 29 മില്യണ്‍ പൌണ്ടിനും ലിവര്‍ കൂടാരത്തിലെത്തിച്ചു. ടോട്ടനം ഹോട്സ്പറിന്റെ ഇമ്മാനുവല്‍ അഡബയറെ വെസ്റ്ഹാം സ്വന്തമാക്കിയതും വലിയ തുകയ്ക്കാണ്.

അവസാന ദിന ഡീല്‍

റയലിന്റെ കരിം ബെന്‍സേമ, പിഎസ്ജിയുടെ എഡിന്‍സണ്‍ കവാനി, റയലിന്റെ ഗാരെത് ബെയ്ല്‍, യുവന്റസിന്റെ പോള്‍ പോഗ്ബ, വാന്‍ ഡിജ്ക്, ഇസക്കിയേല്‍ ഗാരെ തുടങ്ങിയവരായിരിക്കും ട്രാന്‍സ്ഫര്‍ വിന്‍ഡോയിലെ അവസാന ദിവസത്തെ ഹോട്ട് ഫേവറിറ്റുകള്‍. എഡിന്‍സണ്‍ കവാനിയെ ടീമിലെത്തിക്കാന്‍ 50 മില്യണ്‍ പൌണ്ട് വരെ മുടക്കാന്‍ ആഴ്സണല്‍ തയാറാണ്. പോള്‍ പോഗ്ബയ്ക്കായി 70 ദശലക്ഷം പൌണ്ടാണ് ചെല്‍സി മുടക്കാനൊരുങ്ങുന്നത്. അങ്ങനെയെങ്കില്‍ ഏറ്റവും വലിയ ട്രാന്‍സ്ഫറാകും അത്.

ഇസക്കിയേല്‍ ഗാരെയെയും ചെല്‍സിയാണ് നോട്ടമിട്ടിരിക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അദ്നന്‍ യനുസാജിനായി വെസ്റ്റ് ഹാം, സണ്ടര്‍ലന്‍ഡ്, എവര്‍ടണ്‍ എന്നീ ക്ളബ്ബുകളാണ് വല വീശിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.