റണ്‍ കേരള റണ്‍: ലിംക റിക്കാര്‍ഡ്സ് അംഗീകാരം മുഖ്യമന്ത്രിക്കു കൈമാറി
Tuesday, September 1, 2015 12:12 AM IST
തിരുവനന്തപുരം: കേരളത്തില്‍ സംഘടിപ്പിച്ച മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിനോടനുബന്ധിച്ചു നടത്തിയ റണ്‍ കേരള റണ്‍ പ്രചാരണ കൂട്ടയോട്ടത്തില്‍ പരമാവധി പേരെ പങ്കെടുപ്പിച്ചതിനുള്ള, മുംബൈ ആസ്ഥാനമായ ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്സ് അംഗീകാരം കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ചേംബറില്‍ നടന്ന ചടങ്ങില്‍ കൈമാറി. ദേശീയ ഗെയിംസ് സിഇഒ ജേക്കബ് പുന്നൂസ് സന്നിഹിതനായിരുന്നു.

2015 ജനുവരി 20ന് സംസ്ഥാനത്തുടനീളം നടന്ന റണ്‍ കേരള റണ്ണില്‍ 92,04,268 പേര്‍ പങ്കെടുത്തിരുന്നു. ഇത് കേരള ജനസംഖ്യയിലെ അഞ്ച് വയസിനു മുകളിലുള്ളവരില്‍ ഏതാണ്ട് മുപ്പതു ശതമാനത്തോളം വരും. 7992 സ്ഥലങ്ങളില്‍ നിന്നും ആരംഭിച്ച കൂട്ടയോട്ടം ചുരുങ്ങിയത് 200 മീറ്റര്‍ ദൂരമെങ്കിലും താണ്ടിയിരുന്നതായി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സ് എഡിറ്റര്‍ വിജയ ഘോഷ് ഒപ്പിട്ട പ്രശംസ പത്രത്തില്‍ പറയുന്നു.


റണ്‍ കേരള റണ്ണില്‍ പങ്കെടുത്ത ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആയിരുന്നു പരിപാടിയുടെ മുഖ്യ ആകര്‍ഷണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.