പ്രതീക്ഷയോടെ മലയാളിക്കൂട്ടം
Sunday, October 4, 2015 12:31 AM IST
വി. മനോജ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബൂട്ടുകെട്ടുന്ന മലയാളി താരങ്ങളെക്കുറിച്ച്

സുശാന്ത് മാത്യു

പ്രഥമ ഐഎസ്എലില്‍ കേരള ബ്ളാസ്റേഴ്സിന്റെ അഭിമാന താരമായിരുന്നു സുശാന്ത് മാത്യു. പുതിയ സീസണില്‍ പൂന എഫ്സിക്കുവേണ്ടിയാകും സുശാന്ത് കളത്തിലിറങ്ങുക. കൊച്ചിയില്‍ നടന്ന ആദ്യ സെമിയില്‍ ബ്ളാസ്റേഴ്സ്-ചെന്നൈയിന്‍ എഫ്സി മല്‍സരത്തില്‍ പകരക്കാരനായി ഇറങ്ങി ഇഞ്ചുറി ടൈമില്‍ മഴവില്‍ ഗോള്‍ നേടി ബ്ളാസ്റേഴ്സിനെ രക്ഷപ്പെടുത്തിയ സുശാന്തിന്റെ ഗോള്‍ ഐഎസ്എല്‍ ആദ്യ സീസണിലെ മികച്ച ഗോളുകളിലൊന്നായാണ് അറിയപ്പെടുന്നത്. എട്ടുലക്ഷം രൂപയ്ക്കാണ് സുശാന്തിനെ പൂന ഇത്തവണ സ്വന്തമാക്കിയത്. എഫ്സി കൊച്ചിനിലൂടെയാണ് സുശാന്ത് പ്രഫഷണല്‍ രംഗത്തെത്തുന്നത്. തുടര്‍ന്നു വാസ്കോ ഗോവ, മഹീന്ദ്ര യുനൈറ്റഡ്, ഈസ്റ് ബംഗാള്‍, മോഹന്‍ബഗാന്‍ തുടങ്ങിയ ക്ളബ്ബുകളിലെത്തി.

പൂനയില്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായാണ് കളിക്കുന്നത്. വയനാട് അമ്പലവയല്‍ പനയ്ക്കല്‍ മാത്യുവിന്റെയും അന്നമ്മയുടെയും മകനായ സുശാന്ത് കോഴിക്കോട് ഫറൂഖ് കോളജ് ടീമിലൂടെയാണ് ശ്രദ്ധേയനായി മാറുന്നത്. തുടക്കം അമ്പലവയല്‍ ഡയാന ക്ളബിലൂടെ. കേരളത്തിനും മഹാരാഷ്ട്രയ്ക്കും സന്തോഷ്ട്രോഫിയും കളിച്ചിട്ടുണ്ട്.

നിധിന്‍ലാല്‍


ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ചെന്നൈയിന്‍ എഫ്സിയുടെ ഗോള്‍വലയം കാക്കാന്‍ ഒരുങ്ങുകയാണ് മലയാളിതാരം നിധിന്‍ലാല്‍. കാസര്‍ഗോഡ് നീലേശ്വേരം ചയോത്ത് മൂലയ്ക്കല്‍ ശ്രീധരന്റെയും വത്സലയുടെയും മകനായ നിധിന്‍ലാല്‍ ചിട്ടയായ പരിശീലനത്തിലൂടെയാണ് ഉയരങ്ങള്‍ താണ്ടുന്നത്. ഇന്ത്യന്‍ ബാങ്കിലൂടെ കളിച്ചുയര്‍ന്നാണ് നിധിന്‍ലാല്‍ വിവിധ ക്ളബ്ബുകളിലെത്തിയത്. കേരളത്തിനായി സന്തോഷ് ട്രോഫിയും കളിച്ചിട്ടുണ്ട്. ഐലീഗില്‍ മുംബൈ എഫ്സി താരമാണ്.

എം.പി. സക്കീര്‍


ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ രണ്ടാം സീസണ്‍ ആരംഭിക്കുമ്പോള്‍ മലപ്പുറത്തിന് ഇരട്ടിമധുരമായി രണ്ടു യുവതാരങ്ങളാണ് പന്തുതട്ടുന്നത്. ഒന്ന് കൊണ്േടാട്ടി മുണ്ടപ്പലം സ്വദേശി അനസ് എടത്തൊടിക. മറ്റൊന്നു അരീക്കോട് സ്വദേശി മുണ്ടമ്പ്ര എം.പി. സക്കീര്‍. ചെന്നൈയിന്‍ എഫ്സിയുടെ താരമാണ് എം.പി. സക്കീര്‍. ഡ്രാഫ്റ്റ് പട്ടികയിലായിരുന്ന സക്കീറിനു 23 ലക്ഷത്തിനാണ് ചെന്നൈയിന്‍ എഫ്സി സ്വന്തമാക്കിയത്. എസ്ബിടി, വിവാ കേരള, ഗോവ ചര്‍ച്ചില്‍ ബ്രദേഴ്സ്, കൊല്‍ക്കത്ത മോഹന്‍ബഗാന്‍ എന്നീ ക്ളബ്ബുകളില്‍ കളിച്ചുയുര്‍ന്ന സക്കീര്‍ സാല്‍ഗോക്കര്‍ താരമാണ്. മിഡ്ഫീല്‍ഡില്‍ കളിക്കുന്ന ഈ യുവതാരം ഇതിനകം തന്നെ ശ്രദ്ധയാകര്‍ഷിച്ച കളിക്കാരനാണ്. എതിര്‍മുന്നേറ്റങ്ങളെ സമര്‍ഥമായി തടയുകയും മുന്‍നിരയിലേക്കിറങ്ങിവന്നു മാരകമായ ക്രോസുകള്‍ നല്‍കുകയും ചെയ്യുന്നതില്‍ മിടുക്കനാണ്. മലപ്പുറത്തിന്റെ കളിത്തട്ടായ അരീക്കോട്ടെ മൈതാനത്തുനിന്നാണ് സക്കീര്‍ കളിച്ചു വളര്‍ന്നത്.



ടി.പി. രഹ്നേഷ്

സൂപ്പര്‍ലീഗിന്റെ ആദ്യസീസണില്‍ ഏറെ ശ്രദ്ധ നേടിയ ഗോള്‍കീപ്പറാണ് കോഴിക്കോട്ടുകാരനായ ടി.പി. രഹ്നേഷ്. രണ്ടാം സീസണില്‍ നോര്‍ത്ത് ഈസ്റ് യുണൈറ്റഡിന്റെ ഗോള്‍വലയം കാക്കുന്ന കൂട്ടത്തില്‍ രഹ്നേഷുമുണ്ട്. കോഴിക്കോട് ഭട്ട് റോഡ് ബീച്ചിലെ പൂഴിമണലില്‍ പന്തു തട്ടുമ്പോള്‍ തന്നെ ഗോളി വേഷത്തോടായിരുന്നു താത്പര്യം. പിന്നീട് കഴിവു തെളിയിച്ചതോടെ വിവിധ ക്ളബ്ബുകളിലെത്തി. ചിരാഗ് കേരളയില്‍നിന്ന് മുംബൈ ഒഎന്‍ജിസിയിലേക്ക്. അവിടെനിന്ന് രങ്ദജിദിലും തുടര്‍ന്നു വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഷിലോങ്ങ് ലജോങ്ങ് എഫ്സിയിലുമെത്തി ഈ ചെറുപ്പക്കാരന്‍. കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ ഒന്നിലധികം കളികളില്‍ ടീമിനെ പരാജയത്തില്‍നിന്നു രക്ഷിക്കാന്‍ ഈ ചെറുപ്പക്കാരന്റെ കൈകളുണ്ടായിരുന്നു. കോഴിക്കോട്ടെ ഒരു സാധാരണ കുടുംബത്തില്‍ തുമ്പിരമ്പു പറമ്പില്‍ മോഹനന്റെയും രേഖയുടെയും മൂന്നു മക്കളിലൊരാളാണ് രഹ്നേഷ്.


സി.എസ്. സബീത്ത്


പ്രഥമ സൂപ്പര്‍ലീഗില്‍ കേരളാ ബ്ളാസ്റേഴ്സിനു കളിച്ച സി.എസ് സബീത്ത് ഇക്കുറി എഫ്സി ഗോവയ്ക്കു വേണ്ടിയാണ് പന്തു തട്ടുന്നത്. സ്ട്രൈക്കര്‍മാരുടെ ധാരാളിത്തമുള്ള ഗോവയിലാണ് സബീത്തിനു കഴിവു തെളിയിക്കേണ്ടത്. സബീത് പഠിച്ചതും വളര്‍ന്നതുമെല്ലാം ഊട്ടിയിലാണെങ്കിലും കേരളത്തിന്റെ പുത്രനാണ്. പിതാവ് സത്യന്‍ കോഴിക്കോട് കൊടുവള്ളി സ്വദേശിയും അമ്മ ഭാരതി ബത്തേരിക്കാരിയുമാണ്. ഊട്ടിയിലെ മണ്ണില്‍നിന്നാണ് സബീത്ത് കളിച്ചു തുടങ്ങിയത്. പിന്നീട് പൈലന്‍ ആരോസ്, മോഹന്‍ബഗാന്‍ എന്നി ക്ളബ്ബുകളില്‍ കളിച്ചു. തുടര്‍ന്നാണ് സൂപ്പര്‍ലീഗില്‍ കേരളാ ബ്ളാസ്റേഴ്സിലെത്തിയത്.


ഡെന്‍സണ്‍ ദേവദാസ്

കണ്ണൂര്‍ സ്വദേശിയായ ഡെന്‍സണ്‍ ദേവദാസ് എഫ്സി ഗോവയിലാണ് ഇക്കുറി കളിക്കുന്നത്. മധ്യനിരയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഡെന്‍സണ്‍ കഴിഞ്ഞ സീസണില്‍ ചെന്നൈയിന്‍ എഫ്സിയിലാണ് കളിച്ചത്. വിവാ കേരളയിലൂടെയാണ് കളിച്ചുയുര്‍ന്നത്.

പിന്നീട് യുണൈറ്റഡ് സോക്കര്‍ ക്ളബ്, കോല്‍ക്കത്ത മോഹന്‍ബഗാന്‍ എന്നി ക്ളബ്ബുകളുടെ നിറമണിഞ്ഞ് കളംകീഴടക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.