സച്ചിന്‍ ബേബിക്കും സഞ്ജുവിനും സെഞ്ചുറി; കേരളത്തിനു ലീഡ്
Sunday, October 4, 2015 12:26 AM IST
ശ്രീനഗര്‍: ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി സഞ്ജു സാംസണും പക്വതയാര്‍ന്ന ഇന്നിംഗ്സുമായി സച്ചിന്‍ ബേബിയും കളം നിറഞ്ഞപ്പോള്‍ ജമ്മു കാഷ്മീരിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ കേരളത്തിനു ലീഡ്. മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ കേരളം എട്ടിന് 485 റണ്‍സെടുത്തിട്ടുണ്ട്. 155 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. സഞ്ജു 171 പന്തില്‍ 101 റണ്‍സെടുത്തു. 310 പന്തില്‍ 21 ഫോറും ഒരു സിക്സറും ഉള്‍പ്പെടെ 151 റണ്‍സാണ് സച്ചിന്‍ നേടിയത്.

കാഷ്മീരിന്റെ ആദ്യ ഇന്നിംഗ്സ് 330 റണ്‍സില്‍ അവസാനിച്ചിരുന്നു. രാവിലെ രണ്ടിന് 158 റണ്‍സുമായി മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിനു തുടക്കത്തിലെ രോഹന്‍ പ്രേമിനെ നഷ്ടപ്പെട്ടു. 69 റണ്‍സെടുത്ത രോഹനെ മുദാസിര്‍ വീഴ്ത്തി. പിന്നാലെയെത്തിയ സഞ്ജു സച്ചിനൊപ്പം ചേര്‍ന്നതോടെ കേരളത്തിന്റെ ആധിപത്യമായിരുന്നു പിന്നീട്. കാഷ്മീര്‍ ബൌളര്‍മാരെ അനായാസം നേരിട്ട ഇരുവരും അതിവേഗം സ്കോറുയര്‍ത്തി. സഞ്ജുവായിരുന്നു കൂടുതല്‍ ആക്രമണകാരി. കരിയറിലെ ആറാം ഫസ്റ്ക്ളാസ് സെഞ്ചുറി കുറിച്ചതിനു തൊട്ടുപിന്നാലെ നായകന്‍ പുറത്തായി. നാലാംവിക്കറ്റില്‍ 177 റണ്‍സാണ് പിറന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.