എന്തു പറ്റി ഈ ഇന്ത്യന്‍ ടീമിന് ?
എന്തു പറ്റി ഈ ഇന്ത്യന്‍ ടീമിന് ?
Wednesday, October 7, 2015 12:24 AM IST
ആരാധകരും അക്ഷമരായിരിക്കുന്നു. ടീം ഇന്ത്യയുടെ പ്രകടനത്തില്‍ അവര്‍ തൃപ്തരല്ലെന്നു കട്ടക്ക് ട്വന്റി-20 അടിവരയിടുന്നു. വിദേശത്ത് എട്ടുനിലയില്‍ പൊട്ടിയപ്പോഴും സ്വന്തം നാട്ടില്‍ അജയ്യരായിരുന്നു ടീം ഇന്ത്യ. എന്നാല്‍ കാര്യങ്ങള്‍ മാറിമറിയാന്‍ തുടങ്ങിയിരിക്കുന്നു.

മുഴുവന്‍ സമയ പരിശീലകനെ കണ്െട ത്താന്‍ പോലും ലോകത്തെ സമ്പന്നമായക്രിക്കറ്റ് ബോര്‍ഡിനായിട്ടില്ല. ചാനലുകളിലെ കമന്ററിക്കും കോളമെഴുത്തിനുംശേഷം മാത്രം ടീമിനായി ചെലവഴിക്കുന്ന രവി ശാസ്ത്രിയുടെ സാന്നിധ്യം ഗുണകരമാകുന്നില്ല. വാചകമടിയില്‍ മാത്രം ഒതുങ്ങുന്ന ശാസ്ത്രിയുടെ സാന്നിധ്യം. ടീമിന്റെ ശക്തി ദൌര്‍ബല്യങ്ങള്‍ മനസിലാക്കി വ്യക്തമായ ഗെയിംപ്ളാന്‍ രൂപീകരിക്കാനോ പ്രതിഭകളെ ശരിയായി ഉപയോഗിക്കാനോ അദ്ദേഹം മുതിരുന്നില്ല. ആദ്യ രണ്ടു കളികളില്‍ അജിങ്ക്യ രഹാനെയെ പുറത്തിരുത്തിയതു തന്നെ ഉദാഹരണം. വിരാട് കോഹ്ലി കഴിഞ്ഞാല്‍ സ്ഥിരത പുലര്‍ത്തുന്ന അപൂര്‍വം ഇന്ത്യന്‍ താരങ്ങളിലൊരാളാണ് രഹാനെ. എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങാന്‍ ശേഷിയുള്ള താരം. ട്വന്റി-20യില്‍ അനായാസം റണ്‍സ് കണ്െടത്താനുള്ള കഴിവ്. എന്നിട്ടും രഹാനെയെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്താന്‍ അദ്ദേഹത്തിനു തോന്നിയില്ല. ധോണി-കോഹ്ലി ചേരിപ്പോരില്‍ ഒരു പക്ഷത്തും നിലയുറപ്പിക്കാത്തതിന്റെ ഫലമെന്നു പറയാം.

ധര്‍മശാലയിലെയും ഇപ്പോള്‍ കട്ടക്കിലെയും തോല്‍വിക്കു ടീം തെരഞ്ഞെടുപ്പും കാരണമായിട്ടുണ്ട്. യുവതാരങ്ങള്‍ക്കു കൂടുതല്‍ അവസരം നല്കുകയെന്നായിരുന്നു ശ്രീനാഥ് അരവിന്ദിനെയും അക്ഷര്‍ പട്ടേലിനെയും ഉള്‍പ്പെടുത്തിയപ്പോള്‍ ധോണിയുടെ വാദം. 31 പിന്നിട്ട അരവിന്ദിനെ എത് അര്‍ഥത്തിലാണ് യുവതാരമെന്നു വിശേഷിപ്പിക്കാനാകുക. ഐപിഎലിലും ശ്രീലങ്കന്‍ പര്യടനത്തിലും ബാറ്റ്സ്മാന്മാരെ വെള്ളംകുടിപ്പിച്ച അമിത് മിശ്രയും ഹര്‍ഭജന്‍ സിംഗും 15 അംഗ ടീമിലുണ്ട്. ഇവരെ മറികടന്ന് അക്ഷര്‍ പട്ടേലിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയതിന്റെ ന്യായീകരണം പ്രകടനമികവിനപ്പുറം മറ്റു ചില താത്പര്യങ്ങളാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ട്വന്റി-20 ലോകകപ്പിലേക്കിനി അഞ്ചുമാസം പോലുമില്ല. എടുത്തു കാട്ടാന്‍ നല്ലൊരു സ്ട്രൈക്ക് ബൌളര്‍ പോലുമില്ലാത്ത അവസ്ഥയിലാണ് ടീം ഇന്ത്യ. അമിത ഭാരം തലയിലേറ്റി ഭുവനേശ്വര്‍ കുമാറും ഇഷാന്ത് ശര്‍മയുമെല്ലാം മുടന്തിമുടന്തിയാണ് നീങ്ങുന്നത്.


മനോഭാവമാണ് മറ്റൊരു പ്രശ്നം. ആത്മാര്‍ഥയില്ലാത്തവരെപ്പോലെയാണ് മൈതാനത്തു താരങ്ങളുടെ ശരീരഭാഷ. കട്ടക്കില്‍ ഗ്രൌണ്ടിലേക്കു കുപ്പി വലിച്ചെറിഞ്ഞ സംഭവത്തോടു ധോണി പ്രതികരണം ശ്രദ്ധിക്കുക. കാണികള്‍ പ്രകോപിതരായത് സമയംപോക്കായി മാത്രം കാണുമെന്നായിരുന്നു മത്സരശേഷം നായകന്റെ പ്രതികരണം. ടീമംഗങ്ങളുടെ മൊത്തം മനോഭാവമായി വാക്കുകളെ വിലയിരുത്താം. തിരക്കേറിയ നാളുകളാണ് ഇന്ത്യന്‍ ടീമിനു മുന്നിലുള്ളത്. ഈ രീതിയിലാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ വലിയ തോല്‍വികളായിരിക്കും കാത്തിരിക്കുകയെന്നത് ഉറപ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.