ഈഡനിലും വാടുമോ?
ഈഡനിലും വാടുമോ?
Thursday, October 8, 2015 12:39 AM IST
കോല്‍ക്കത്ത: ധര്‍മശാലയും കട്ടക്കും തോറ്റ ധോണിയും കൂട്ടരും ഇന്ത്യന്‍ ക്രിക്കറ്റിന്റെ മെക്കയായ കോല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇറങ്ങുന്നു. മൂന്നു മത്സരങ്ങളുടെ ട്വന്റി-20 പരമ്പര ദക്ഷിണാഫ്രിക്ക നേടിയതിനാല്‍ അപ്രസക്തമാണ് ഇന്നത്തെ മത്സരം. രാത്രി ഏഴിനു തുടങ്ങുന്ന പോരാട്ടം സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം. കട്ടക്കില്‍ ആരാധകരുടെ കുപ്പിയേറിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഈഡനില്‍ ഒരുക്കിയിരിക്കുന്നത്.

ടീമില്‍ ചില അഴിച്ചുപണിക്കു സാധ്യതയുണ്െടന്ന സൂചനയാണ് ടീം ക്യാംപില്‍ നിന്നു ലഭിക്കുന്നത്. ആദ്യ രണ്ടു കളികളിലും സമ്പൂര്‍ണ പരാജയമായ ഓപ്പണര്‍ ശിഖര്‍ ധവാന്‍ പുറത്തിരിക്കേണ്ടി വന്നു. സുനില്‍ ഗവാസ്കര്‍ അടക്കമുള്ള മുന്‍കാല താരങ്ങള്‍ അജിങ്ക്യ രഹാനെയ്ക്കുവേണ്ടി വാദിക്കുന്നു. ധര്‍മശാലയില്‍ ഒരു റണ്‍സെടുത്തു റണ്ണൌട്ടായ ധവാനു രണ്ടാം മത്സരത്തിലും പവര്‍പ്ളേ വരെ പിടിച്ചുനില്‍ക്കാനായില്ല. അതേസമയം, ഏകദിന ടെസ്റ് പരമ്പരകള്‍ വരുന്നതിനാല്‍ ഇടംകൈയന്‍ താരത്തിനു ആത്മവിശ്വാസം വീണ്െടടുക്കാന്‍ ഒരു അവസരം കൂടി നല്കണമെന്ന വാദവും ശക്തമാണ്. ധവാനില്ലെങ്കില്‍ രഹാനെയാകും രോഹിത് ശര്‍മയുടെ ഓപ്പണിംഗ് പങ്കാളി.

രോഹിതും വിരാട് കോഹ്ലിയും മാത്രമാണ് പരമ്പരയില്‍ ബാറ്റുകൊണ്ട് കാര്യമായ സംഭാവന നല്കിയ ഇന്ത്യക്കാര്‍. ധര്‍മശാലയില്‍ സെഞ്ചുറി നേടിയ രോഹിതും 47 റണ്‍സെടുത്ത കോഹ്ലിയും, കട്ടക്കില്‍ ഇല്ലാത്ത റണ്ണിനോടി പുറത്തായതാണ് കളി മാറ്റിയത്. മധ്യനിര കൂടുതല്‍ ഉത്തരവാദിത്വം കാണിക്കേണ്ടിയിരിക്കുന്നു. സുരേഷ് റെയ്ന മാത്രമാണ് രണ്ടാം മത്സരത്തില്‍ ചെറുത്തുനില്‍പ്പിനെങ്കിലും ശ്രമിച്ചത്. ഫുള്‍ടോസില്‍ പുറത്തായ അമ്പാട്ടി റായുഡുവും അനാവശ്യ ഷോട്ട് കളിച്ചു പുറത്തായ ധോണിയുമെല്ലാം വിമര്‍ശനങ്ങള്‍ക്കു നടുവിലാണ്.

ബൌളിംഗിലും കാര്യങ്ങള്‍ അത്ര പന്തിയല്ല. ആര്‍. അശ്വിന്റെ നാലോവറുകളില്‍ അത്ഭുതം സൃഷ്ടിക്കാമെന്ന പ്രതീക്ഷയില്‍ കളിക്കേണ്ട അവസ്ഥയിലാണ് ടീം. വിശ്വസിച്ചു പന്തേല്പിക്കാന്‍ വേറെ ആളില്ലെന്നതാണ് സ്ഥിതി. പേസ് ബൌളര്‍മാരുടെ അവസ്ഥ പരമദയനീയം. ഭുവനേശ്വര്‍ കുമാറും മോഹിത് ശര്‍മയും സ്കൂള്‍ കുട്ടികളാണ് എതിരാളികളെന്ന ഭാവത്തിലാണ് പന്തെറിയുന്നത്. അരങ്ങേറ്റ പരമ്പര കളിക്കുന്ന ശ്രീനാഥ് അരവിന്ദിനു കാര്യമായ ചലനമുണ്ടാക്കാനായിട്ടില്ല. ഇന്ന് ബൌളിംഗ് നിരയില്‍ മാറ്റങ്ങള്‍ വന്നേക്കാം. സ്പിന്നര്‍മാര്‍ക്കു കൂടുതല്‍ ടേണും ബൌണ്‍സും നല്കുന്നതാണ് പിച്ച്. അതിനാല്‍ അമിത് മിശ്രയെ കൂടി കളിപ്പിച്ചേക്കും. അങ്ങനെ വന്നാല്‍ മോഹിതിനോ അരവിന്ദിനോ സ്ഥാനം നഷ്ടമാകും.


കാര്യമായ വെല്ലുവിളി ഇല്ലാതെ പരമ്പര ലഭിച്ചതിന്റെ ആഹ്ളാദത്തിലാണ് ദക്ഷിണാഫ്രിക്ക. ദീര്‍ഘ പരമ്പരയാണ് മുന്നിലെന്നതിനാല്‍ മുന്‍നിര താരങ്ങള്‍ക്കു വിശ്രമം അനുവദിക്കുമെന്നു ക്യാപ്റ്റന്‍ ഫഫ് ഡുപ്ളെസിസ് വ്യക്തമാക്കിയിട്ടുണ്ട്. വിക്കറ്റ് കീപ്പറുടെ റോളില്‍ ഡിവില്യേഴ്സിനു ഇളവു നല്കിയേക്കും. ക്വന്റണ്‍ ഡികോക്ക് പകരം ഗ്ളൌ അണിയും. സ്പിന്നര്‍ എഡ്ഡി ലീയാണ് ടീമിലേക്കെത്താവുന്ന മറ്റൊരു താരം. ഇമ്രാന്‍ താഹിറിനു പകരമാകും ലീ എത്തുക. കഴിഞ്ഞമാസം ഇന്ത്യ എയ്ക്കെതിരേ വയനാട്ടില്‍ നടന്ന ചതുര്‍ദിന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ലീ പുറത്തെടുത്തത്. ആദ്യ മത്സരത്തില്‍ ബാറ്റിംഗിലും കട്ടക്കില്‍ സമ്പൂര്‍ണമായ ആധിപത്യം പുലര്‍ത്തിയ പ്രൊട്ടിയാസ് വിജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല.

ടിക്കറ്റില്‍ ഡാല്‍മിയ

കോല്‍ക്കത്ത: അന്തരിച്ച മുന്‍ ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയയ്ക്കു ആദരം അര്‍പ്പിക്കാനുള്ള വേദിയായാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ മത്സരത്തെ കാണുന്നത്. മത്സരത്തിന്റെ ടിക്കറ്റുകളില്‍ ഡാല്‍മിയയുടെ ചിത്രമാണ് പതിപ്പിച്ചിരിക്കുന്നത്. മത്സരം തുടങ്ങുംമുമ്പ് ഡാല്‍മിയയുടെ ഓര്‍മകള്‍ക്കു മുന്നില്‍ ഇരുടീമും മൌനമാചരിക്കും. ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍ പ്രസിഡന്റ് സൌരവ് ഗാംഗുലിയാണ് ചടങ്ങുകള്‍ക്കു നേതൃത്വം നല്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.