തോറ്റവര്‍ ഇന്നു നേര്‍ക്കുനേര്‍
തോറ്റവര്‍ ഇന്നു നേര്‍ക്കുനേര്‍
Thursday, October 8, 2015 12:42 AM IST
ന്യൂഡല്‍ഹി: ആദ്യമത്സരത്തില്‍ പരാജയപ്പെട്ട ചെന്നൈയിന്‍ എഫ്സിയും ഡല്‍ഹി ഡൈനാമോസും ഇന്നു നോര്‍ക്കുനേര്‍. ഐഎസ്എല്‍ രണ്ടാം സീസണ്‍ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈയിന്‍ ചാമ്പ്യന്മാരായ അത്ലറ്റിക്കോ ഡി കോല്‍ക്കത്തയോടു മികച്ച പ്രകടനത്തിനു ശേഷം തോറ്റു. സ്വന്തം മൈതാനത്തു നടന്ന മത്സരത്തില്‍ 2-3നായിരുന്നു ചെന്നൈയിന്റെ പരാജയം.

ഇതിഹാസ താരം റോബര്‍ട്ടോ കാര്‍ലോസിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഡല്‍ഹി ഡൈനാമോസാകട്ടെ, ആദ്യമത്സരത്തില്‍ എവേ മത്സരത്തില്‍ ഗോവയോട് ഏകപക്ഷീയമായ രണ്ടു ഗോളിനു പരാജയപ്പെട്ടു.

ലീഗില്‍ ആത്മവിശ്വാസത്തോടെ മുന്നേറണമെങ്കില്‍ ഇരു ടീമിനും വിജയം അനിവാര്യമെന്നിരിക്കേ ഇന്നത്തെ മത്സരം ആവേശകരമാകുമെന്നുറപ്പ്. സ്വന്തം മൈതാനത്തു കളിക്കുന്നതിന്റെ ആനുകൂല്യം മുതലാക്കുകയെന്നതാണ് ഡല്‍ഹിയുടെ ലക്ഷ്യം.


ഇരു ടീമിന്റെയും മാര്‍ക്കീ താരങ്ങള്‍ ബ്രസീലില്‍നിന്നുള്ളതാണ് എന്നതിനാല്‍ ബ്രസീല്‍ താരങ്ങളുടെ പോരാട്ടത്തിനും ഡല്‍ഹി വേദിയാകും.

ആദ്യമത്സരത്തില്‍ അസാമാന്യ മികവോടെ കളിച്ച എലാനോ ബ്ളൂമറും ലോകകപ്പ് നേടിയ ബ്രസീല്‍ ടീമിലെ ലെഫ്റ്റ് ബാക്ക് റോബര്‍ട്ടോ കാര്‍ലോസും നേര്‍ക്കുനേര്‍ വരുമ്പോള്‍ അതു ആരാധകര്‍ക്കു വിരുന്നാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.