ചെന്നൈ മതില്‍ തകര്‍ത്ത് ഡല്‍ഹി ഡൈനാമിറ്റ്
ചെന്നൈ മതില്‍ തകര്‍ത്ത് ഡല്‍ഹി ഡൈനാമിറ്റ്
Friday, October 9, 2015 11:26 PM IST
സെബി മാത്യു

ന്യൂഡല്‍ഹി: കാരണവര്‍ കാര്‍ലോസ് കരയ്ക്കിരുന്നു കണ്ട കളിയില്‍ ഡല്‍ഹിയുടെ ചെക്കന്‍മാര്‍ ചെന്നൈയിന്‍ എഫ്സിയെ കളത്തില്‍ ഒരു ഗോളിനു മുട്ടു കുത്തിച്ചു. ആദ്യകളിയില്‍ പരാജയമറിയച്ച പ്രതിരോധത്തിലെ പാളിച്ച വീണ്െടടുത്താണ് ഇന്നലെ ഡല്‍ഹി ഡൈനാമോസ് സ്വന്തം തട്ടകത്തില്‍ വിജയം കാല്‍ച്ചുവട്ടിലെത്തിച്ചത്. എട്ടാം മിനിട്ടില്‍ ബ്രസീലിയന്‍ മധ്യനിര താരം ആന്‍ഡേഴ്സന്‍ കാര്‍ഡോസ പെനാല്‍റ്റിയിലൂടെ നേടിയ ഗോളാണ് ഡല്‍ഹിയെ വിജയിപ്പിച്ചത്.

നാല്‍പ്പത്തി രണ്ടാം വയസിലെ റോബര്‍ട്ടോ കാര്‍ലോസിന്റെ കാല്‍ക്കരുത്ത് എങ്ങനെയിരിക്കുമെന്നു കാണാന്‍ ആകാംക്ഷയോടെ കാത്തിരുന്ന ആരാധകര്‍ക്കു നിരാശയായിരുന്നു ഫലം. അടവുകള്‍ പിഴയ്ക്കാതിരിക്കാന്‍ കര്‍ശന നിര്‍ദേശങ്ങളും ആശങ്കയൊഴിഞ്ഞ മുഖവുമായി കാര്‍ലോസ് പരിശീലകന്റെ പടച്ചട്ടയണിഞ്ഞ് കളത്തിനു പുറത്തു നിന്നു. ചെന്നൈയിന്‍ എഫ്സിയുടെ പരിശീലകന്‍ കര്‍ക്കശക്കാരന്‍ മറ്റെരാസിയും പരിശീലക വേഷത്തില്‍ ഡല്‍ഹിയിലെത്തി.

ഡൈനാമോസിന്റെ ഈ സൂപ്പര്‍ലീഗ് സീസണിലെ ആദ്യ ജയമാണിത്. മറ്റൊരു ബ്രസീലിയന്‍ താരമായ ഗുസ്താവോ ഡോസ് സാന്റോസ് ആണ് കാര്‍ഡോസ തൊടുത്ത ഗോളിന് അടിത്തറയിട്ടത്. ചെന്നൈയുടെ പ്രതിരോധം ഭേദിച്ച് സാന്റോസ് കൊണ്ടു വന്ന പന്ത് ഡൈനാമോസ് ക്യാപ്റ്റന്‍ ഹാന്‍സ് മുള്‍ഡര്‍ വലം കാലില്‍ കൊരുത്തു തൊടുത്ത ഷോട്ട് ചെന്നൈയിന്‍സിന്റെ മാനുവല്‍ ബ്ളാസിയുടെ കൈയില്‍ തട്ടി. റഫറി തേജസ് നാഗവേങ്കര്‍ ഇതു ഹാന്‍ഡ് ബോളെന്നു വിധിച്ചതോടെ ഡല്‍ഹിയുടെ വിജയ ഗോളിനു വഴിയൊരുങ്ങി. സ്പോട്ട് കിക്കെടുത്ത ആന്‍ഡേഴ്സന്‍ കാര്‍ഡോസ വലയ്ക്കുള്ളിലേക്കു പന്ത് തൊടുത്തു.

ഇതോടെ രണ്ടു കളികളില്‍നിന്നു ഡല്‍ഹിക്ക് മൂന്നു പോയിന്റുകളായി. രണ്ടു കളികളും തോറ്റ ചെന്നൈയിന്‍ പോയിന്റുകളൊന്നുമില്ലാതെ പൂജ്യത്തിലൊതുങ്ങി നില്‍ക്കുന്നു. ഡല്‍ഹിയുടെ പ്രതിരോധ നിരയില്‍ മലയാളി താരം അനസ് എടത്തൊടിക മുഴുവന്‍ സമയം കളത്തിലുണ്ടായിരുന്നു. പകച്ചുപോയ ചെന്നൈയുടെ പ്രതിരോധം തിരിച്ചടിക്കു കളമൊരുക്കിയപ്പോള്‍ ഭാഗ്യം ആദ്യ തവണ ബാറില്‍ തട്ടി താഴേക്കും രണ്ടാം തവണ പോസ്റ്റിനു മുകളിലൂടെ പുറത്തേക്കും പോയി. കളിക്കളത്തിലെ മുട്ടനായ മറ്റെരാസി പരിശീലിപ്പിക്കുന്ന ചെന്നൈയിനെ മുട്ടു കുത്തിക്കാന്‍ റോബര്‍ട്ടോ കാര്‍ലോസിന്റെ ഡല്‍ഹി താരങ്ങള്‍ പലപ്പോഴും മുരടന്‍ ശൈലിയാണു പുറത്തെടുത്തത്. പിഴവുകളില്ലാത്ത പ്രതിരോധനിരയൊരുക്കി ഇരു ടീമുകളും പോരാട്ടത്തില്‍ മികച്ചു നിന്നു. ആദ്യമത്സരത്തില്‍ മികച്ച ആക്രമണത്തോടെ കളം നിറഞ്ഞ ചെന്നൈയിന്‍ ഡല്‍ഹിക്കെതിരേ പ്രതിരോധത്തിലേക്കു ചുരുങ്ങിയത് അവര്‍ക്കു തിരിച്ചടിയായി.


പ്രതിരോധമുനയില്‍ ഡല്‍ഹി മൂന്നു പേരെ അണിനിരത്തിയാണ് കഴിഞ്ഞ കളിയിലെ പിഴവു നികത്തിയത്. മധ്യ നിരയില്‍ ക്യാപ്റ്റന്‍ മുള്‍ഡറും സൌവിക് ചക്രവര്‍ത്തിയും പ്രതിരോധത്തിലും ആക്രമണത്തിലും ഒപ്പത്തിനൊപ്പം നിന്നു. ഇടതു വിംഗ് ബാക്കായി കളിച്ച കാര്‍ഡോസോയ പലപ്പോഴും ചെന്നൈയിന്‍ പ്രതിരോധത്തെ ഭേദിച്ചു. ലിവര്‍പൂള്‍ മുന്‍ ഇതിഹാസ താരം ജോണ്‍ ആര്‍നെ റീസെയുടെ കാര്‍ക്കശ്യ പ്രതിരോധം ഡല്‍ഹിയുടെ വിജയം ഉറപ്പിച്ചു. അവസാന നിമിഷം ഇറങ്ങിയ ഡല്‍ഹിയുടെ ആദില്‍ നബിയും കുറഞ്ഞ സമയം മികവുറ്റതാക്കി.

അതേസമയം, ജെജെ ലാല്‍പെഖുലെയുടെയും ഫിക്രു ടെഫേരയുടെയും അസാന്നിധ്യം ചെന്നെയിന്‍ മുന്നേറ്റത്തെ ക്ഷീണിപ്പിച്ചു. മധ്യനിരയാകട്ടെ പണിപ്പെട്ടു കളിക്കുകയുമായിരുന്നു. മാനുവല്‍ ബ്ളാസിയും തോയി സിംഗും പിടിച്ചുനില്‍ക്കാന്‍ ഏറെ പണിപ്പെട്ടു. എലാനോയാകട്ടെ ആദ്യമത്സരത്തേക്കാള്‍ മോശംഫോമിലാണു കളിച്ചതും. വലന്‍സിയുടെ വേഗക്കുതിപ്പുകളായിരുന്നു ചെന്നൈയുടെ താളം പിടിച്ചു നിര്‍ത്താനുതകിയത്. ഫ്രഞ്ച് താരം ബെര്‍ണാഡ് മെന്‍ഡി ചെന്നൈയ്ക്കു വേണ്ടി പ്രതിരോധത്തെ ഉഷാറാക്കുന്നുമുണ്ടായിരുന്നു. രണ്ടാം പകുതിയില്‍ ചെന്നൈ മാര്‍ക്കീ താരം എലാനോയ്ക്കു പകരം ബ്രൂണോ പെല്ലിശ്ശേരിയേയും എണ്‍പതാം മിനിറ്റില്‍ ഫിക്രുവിനേയും കളത്തിലിറക്കിയെങ്കിലും പ്രതിരോധവും പോരാട്ടവും വീണ്െടടുക്കാനായില്ല. ഗോള്‍കീപ്പര്‍ എഡിമ എഡല്‍ ബെറ്റെയുടെ വൈഭവം ചെന്നൈയെ കുറച്ചുന്നുമല്ല സഹായിച്ചത്.

കളിയുടെ ആദ്യ പത്തുമിനിട്ടില്‍ താരതമ്യേന കാണികളുടെ എണ്ണം കുറവായിരുന്ന ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയത്തിലെ ഗാലറിയിലേക്കു മുപ്പതാം മിനിട്ട് പിന്നിട്ടു കഴിഞ്ഞപ്പോഴേക്കും ആരാധകര്‍ ഒഴുകിയെത്തി. പതിവായി അലയടിക്കുന്ന ആവേശത്തിരമാലകര്‍ക്കു പുറമേ മൊബൈല്‍ ഫോണുകളില്‍ ഫ്ളാഷ്ലൈറ്റ് തെളിയിച്ചാണ് ഇന്നലെ ഡല്‍ഹിയിലെ ആരാധകര്‍ കളത്തിലെ താരങ്ങളെ പ്രോത്സാഹിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.