പ്ളറ്റീനിക്കും 90 ദിവസം സസ്പെന്‍ഷന്‍
പ്ളറ്റീനിക്കും 90 ദിവസം സസ്പെന്‍ഷന്‍
Friday, October 9, 2015 11:33 PM IST
സൂറിച്ച്: ഫിഫ പ്രസിഡന്റ് സെപ് ബ്ളാറ്റര്‍ക്കു പുറമേ യുവേഫ അധ്യക്ഷന്‍ മിഷേല്‍ പ്ളറ്റീനിക്കും 90 ദിവസത്തെ സസ്പെന്‍ഷന്‍. ഫിഫ ആസ്ഥാനമായ സൂറിച്ചില്‍ ചേര്‍ന്ന ഫിഫയുടെ എത്തിക്സ് കമ്മിറ്റിയാണ് സസ്പെന്‍ഷന്‍ പ്രഖ്യാപിച്ചത്. ഇക്കാലയളവില്‍ ദേശീയവും അന്തര്‍ദേശീയവുമായ ഫുട്ബോള്‍ പ്രവര്‍ത്തനങ്ങളില്‍ ഇരുവര്‍ക്കും പങ്കെടുക്കാനാകില്ല. ജനുവരിയില്‍ നടക്കുന്ന ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പ്ളറ്റീനി കഴിഞ്ഞദിവസമാണ് നേമിനേഷന്‍ നല്കിയത്. വിലക്കുവന്ന സാഹചര്യത്തില്‍ പ്ളറ്റീനിക്കു മത്സരിക്കാനാകുമോ എന്ന കാര്യം സംശയത്തിലാണ്.

ഇന്ത്യയടക്കമുള്ള അംഗരാജ്യങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജെറോം വാല്‍ക്കേയ്ക്കും സമാനമായ വിലക്കുണ്ട്. ഫിഫ വൈസ ്പ്രസിഡന്റ് ചുംഗ് മോംഗ് ജൂനിനു ആറുവര്‍ഷ വിലക്കും 103000 ഡോളര്‍ പിഴയും ചുമത്തിയിട്ടുണ്ട്. ഫിഫയുമായി ബന്ധപ്പെട്ട നിരവധി അഴിമതിക്കേസുകളിലാണ് വിലക്ക്.

ബ്ളാറ്ററെ സസ്പെന്‍ഡ് ചെയ്ത സാഹചര്യത്തില്‍ ആഫ്രിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഇസ ഹയാതുവിനു ഫിഫ പ്രസിഡന്റിന്റെ ചുമതല നല്‍കി. കാമറൂണ്‍ സ്വദേശിയായ അദ്ദേഹം ഇപ്പോള്‍ ഫിഫയില്‍ സീനിയര്‍ വൈസ് പ്രസിഡന്റാണ്. 1988ല്‍ ആഫ്രിക്കന്‍ ഫെഡറേഷന്റെ തലപ്പത്തെത്തിയ അദ്ദേഹം 1990 മുതല്‍ ഫിഫ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ അംഗമാണ്. ദക്ഷിണാഫ്രിക്കയ്ക്കു ലോകകപ്പ് ലഭിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയത് ഹയാതുവാണ്. എന്നാല്‍, അതില്‍ അഴിമതി ആരോപണം നേരിട്ടയാളാണ് ഹയാതു. നിരവധി അഴിമതിക്കേസുകളില്‍ കുറ്റാരോപിതന്‍ കൂടിയാണ് ഹയാതു.


ഫിഫ പ്രസിഡന്റ് സ്ഥാനത്തു നിന്നു രാജി പ്രഖ്യാപിച്ച ബ്ളാറ്റര്‍ തുടര്‍ന്നും സ്ഥാനത്തു തുടരുകയായിരുന്നു. സ്വിറ്റ്സര്‍ലന്‍ഡിലും അമേരിക്കയിലുമായി അദ്ദേഹത്തിനെതിരേ നിരവധി കേസുകളില്‍ അന്വേഷണം നടക്കുന്നുണ്ട്. കരീബിയന്‍ രാജ്യങ്ങളില്‍ ലോകകപ്പ് സംപ്രേക്ഷണ കരാറുമായി ബന്ധപ്പെട്ട് ബ്ളാറ്റര്‍ക്കെതിരേ വിചാരണ ആരംഭിച്ചിരുന്നു. 2.7 ദശലക്ഷം ഡോളറിന്റെ ക്രമക്കേടാണ് പ്ളറ്റീനിക്കെതിരേയുള്ളത്. ബ്ളാറ്റര്‍ക്കുശേഷം പ്രസിഡന്റാകുമെന്നു കരുതിയിരുന്ന പ്ളറ്റീനിക്കു കനത്ത തിരിച്ചടിയാണ് പുതിയ സംഭവവികാസങ്ങള്‍. തന്നെ പ്രസിഡന്റ് സ്ഥാനത്തേക്കു തെരഞ്ഞെടുക്കാന്‍ പ്ളറ്റീനിക്ക് ബ്ളാറ്റര്‍ കോടിക്കണക്കിനു ഡോളര്‍ കൈക്കൂലിയായി നല്‍കിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഫിഫ ടെക്നിക്കല്‍ ഡയറക്ടറായി പ്രവര്‍ത്തനമാരംഭിച്ച ബ്ളാറ്റര്‍ 1988ലാണ് പ്രസിഡന്റാകുന്നത്. യൂറോപ്പിനും ലാറ്റിനമേരിക്കയ്ക്കും പുറത്ത് ലോകകപ്പ് സംഘടിപ്പിക്കപ്പെട്ടത് ബ്ളാറ്ററുടെ ശ്രമഫലമായിട്ടായിരുന്നു. അക്കാലത്ത് ഏറെ പ്രശംസ നേടിക്കൊടുക്കാന്‍ ഈ നടപടി സഹായിച്ചിരുന്നു. എന്നാല്‍ സ്പോണ്‍സര്‍മാരുടെ താത്പര്യമാണ് ലോകകപ്പ് വേദികള്‍ തീരുമാനിക്കുന്നതിന്റെ മാനദണ്ഡമാക്കിയിരുന്നെന്ന വെളിപ്പെടുത്തല്‍ ബ്ളാറ്ററുടെ പ്രതിഛായ ഇടിച്ചു. കൂടാതെ നിരവധി ആരോപണങ്ങളും ഉയര്‍ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.