ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്
ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്
Sunday, October 11, 2015 11:53 PM IST
കാണ്‍പുര്‍: ട്വിന്റി-20 പരമ്പരയിലെ പരാജയം മറന്ന് പൂര്‍ണ സജ്ജരായ ടീം ഇന്ത്യ, ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ഇറങ്ങുന്നു. ഇന്നു നടക്കുന്ന മത്സരം ഇന്ത്യയെയും ക്യാപ്റ്റന്‍ ധോണിയെയും വന്‍സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. വെടിക്കെട്ടു ബാറ്റിംഗിലൂടെ കാണികളെ ത്രസിപ്പിക്കുന്ന എബി ഡിവില്യേഴ്സാണ് ദക്ഷിണാഫ്രിക്കയുടെ നായകന്‍. ഇന്ത്യന്‍ പിച്ചുകളില്‍ സ്പിന്നര്‍മാര്‍ക്കെതിരേ പരാജയപ്പെട്ടിരുന്ന ദക്ഷിണാഫ്രിക്കയെയല്ല ട്വന്റി-20 പരമ്പരയില്‍ കണ്ടത്. ട്വന്റി-20 പരമ്പരയില്‍ ഇന്ത്യയെ തച്ചുതകര്‍ത്താണ് ദക്ഷിണാഫ്രിക്ക വിജയം പിടിച്ചെടുത്തത്. ആദ്യ രണ്ടു മത്സരങ്ങളിലും ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തകര്‍ന്നടിഞ്ഞപ്പോള്‍ മൂന്നാം ട്വന്റി-20 മഴ കൊണ്ടുപോയി.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തുല്യ ശക്തരാണെങ്കിലും ബംഗ്ളാദേശിനോട് ഇരു രാജ്യങ്ങളും തകരുന്നത് കണ്ടതാണ്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും ആദ്യമായി ബംഗ്ളാദേശിനു മുന്നില്‍ പരമ്പര പരാജയവും സമ്മതിച്ചു. ആ പരാജയത്തില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് സിംബാബ്വേയെയും ന്യൂസിലന്‍ഡിനെയും പരാജയപ്പെടുത്താന്‍ ഇരു രാജ്യങ്ങള്‍ക്കുമായി. ട്വന്റി-20യിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കാണ് മുന്‍തൂക്കം എന്നുപറയേണ്ടിവരും. കാണ്‍പൂരിലെ പിച്ചില്‍ ഒരിക്കലും ടീം സ്കോര്‍ 300 കടന്നിട്ടില്ല. പാക്കിസ്ഥാനെതിരേ ഇന്ത്യ നേടിയ 294 റണ്‍സാണ് കാണ്‍പൂരിലെ ഉയര്‍ന്ന സ്കോര്‍. ഈ വര്‍ഷം മൂന്നു തവണ 400 റണ്‍സിലധികം സ്കോര്‍ ചെയ്യാന്‍ ദക്ഷിണാഫ്രിക്കയ്ക്കായിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയ്ക്ക് 10000 റണ്‍സ് തികയ്ക്കാന്‍ 27 റണ്‍സ് കൂടി മതി.

അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ രണ്ടാമത്തെ മത്സരം പതിന്നാലിന് ഇന്‍ഡോറിലും മൂന്നാം മത്സരം രാജ്കോട്ടിലും, നാലാം മത്സരം ചെന്നൈയിലും അവസാന മത്സരം മുബൈയിലുമാണ്. അടുത്തമാസം അഞ്ചിനാണ് ടെസ്റ്റ് മത്സരങ്ങള്‍ തുടങ്ങുക. ഏകദിനത്തില്‍ മികച്ച വിജയം നേടി ടെസ്റ് പരമ്പരയ്ക്കായി ഒരുങ്ങാനാണ് ധോണിയുടെയും ടീമിന്റെയും ലക്ഷ്യം.

ധോണി സമ്മര്‍ദത്തില്‍

ട്വന്റി-20 പരമ്പരയിലെ പരാജയം ക്യാപ്റ്റന്‍ ധോണി സമ്മര്‍ദത്തിലാക്കിയിരിക്കുന്നു എന്നത് വ്യക്തം. അത് ആദ്യ മത്സരത്തിലെ പരാജയത്തിനു ശേഷമുള്ള അദ്ദേഹത്തിന്റെ ശരീര ഭാഷയിലും പ്രകടമായിരുന്നു. രണ്ടാം മത്സരത്തില്‍ ടീമിനെ ഉത്തേജിപ്പിക്കുന്നതില്‍ ക്യാപ്റ്റന്‍ കൂളായ ധോണി അമ്പേ പരാജയപ്പെടുകയും ചെയ്തു. നായകനെന്ന നിലയിലും ധോണി പരാജയമായി. ഏകദിന പരമ്പര കൂടി അടിയറ വയ്ക്കേണ്ടിവന്നാല്‍ ധോണിയുടെ ക്യാപ്റ്റന്‍ പദവി തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.

കോഹ്ലിയുടെ ഫോമില്ലായ്മ

ഇന്ത്യ നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്ന് മുന്‍നിര ബാറ്റ്സ്മാനും ടെസ്റ് ക്യാപ്റ്റനുമായ വിരാട് കോഹ്ലിയുടെ മോശം ഫോമാണ്. അവസാനത്തെ 10 ഇന്നിംഗ്സുകളില്‍ ഒരിക്കല്‍ പോലും അദ്ദേഹത്തിന് അര്‍ധസെഞ്ചുറി നേടാനായിട്ടില്ല. മാത്രവുമല്ല ട്വന്റി20 പരമ്പരയിലും അദ്ദേഹത്തിന്റെ പ്രകടനം നിരാശാജനകമായിരുന്നു. ആദ്യ മത്സരത്തില്‍ 43 റണ്‍സ് നേടാനായെങ്കില്‍ രണ്ടാമത്തെ മത്സരത്തില്‍ സ്കോര്‍ബോര്‍ഡ് തുറക്കാന്‍ പോലും അദ്ദേഹത്തിനായില്ല. കോഹ്ലി പരീക്ഷിക്കപ്പെട്ട ബംഗ്ളാദേശില്‍ 1, 23, 25 എന്നിങ്ങനെയായിരുന്നു സ്കോറുകള്‍.

രഹാനെയ്ക്കു സ്പേസില്ല


ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലും അജിങ്ക്യ രഹാനെയ്ക്ക് ഇന്ത്യന്‍ ഏകദിന ടീമില്‍ സ്ഥാനമുണ്ടാവില്ലെന്നു സൂചന. ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. രഹാനെയ്ക്ക് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുന്നതാണ് കൂടുതല്‍ ചേരുന്നതെന്നാണ് ധോണിയുടെ നിലപാട്. ഓപ്പണിംഗ് ബാറ്റ്സ്മാന്‍ എന്ന നിലയിലാണ് രഹാനെ തിളങ്ങുക. എന്നാല്‍ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി എന്നിവരാണ് ബാറ്റിംഗ് ഓര്‍ഡറില്‍ ആദ്യമൂന്ന് സ്ഥാനങ്ങളിലിറങ്ങുന്നവര്‍. നാലാമത് രഹാനെയെ കളിപ്പിക്കുക ബുദ്ധിമുട്ടാണ്. അമ്പാട്ടി റായുഡുവും സുരേഷ് റെയ്നയും ഫോമിലാണെന്നതാണ് രഹാനയ്ക്കു വിനയാകുന്നത്. എന്നാല്‍, സിംബാബ്വെ പര്യടനത്തില്‍ പ്രമുഖര്‍ക്ക് വിശ്രമം നല്‍കിയപ്പോള്‍ രഹാനെയെയാണ് സെലക്ടര്‍മാര്‍ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. ഇപ്പോഴിതാ ധോണി വന്നപ്പോള്‍ രഹാനെയ്ക്ക് ഇടമില്ലാത്ത അവസ്ഥയും. സ്പിന്നര്‍ അമിത് മിശ്രയ്ക്കും ടീമില്‍ ഇടമുണ്ടാവാന്‍ സാധ്യതയില്ല. ആര്‍. അശ്വനും അക്ഷര്‍ പട്ടേലുമായിരിക്കും സ്പിന്‍ വിഭാഗം കൈകാര്യം ചെയ്യുന്നത്.


പേസ് ബൌളര്‍മാര്‍ പരാജയം

പേസ് ബൌളര്‍മാരുടെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതാണ് ഇന്ത്യയുടെ മറ്റൊരു പ്രശ്നം. ലോകകപ്പിലെ പ്രകടനത്തിനു ശേഷം ഒരിക്കല്‍ പോലും പേസ് ബൌളര്‍മാര്‍ക്ക് ടീമിനെ വിജയിപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കാനായിട്ടില്ല. പരിക്കിനെത്തുടര്‍ന്ന് ഒന്നാം നമ്പര്‍ ബൌളറായ മുഹമ്മദ് ഷാമി വിശ്രമത്തിലാണ്. ഉമേഷ് യാദവ്, മോഹിത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയവരൊന്നും തന്നെ മാച്ച് വിന്നിംഗ് പ്രകടനം നടത്തുന്നുമില്ല. ഇതാണ് ധോണിയെ വലയ്ക്കുന്ന പ്രധാന പ്രശ്നം.


ഡിവില്യേഴ്സിന്റെ ടീമില്‍ ക്വിന്റണ്‍ ഡി കോക്ക്

ബംഗ്ളാദേശിനെതിരായ പരമ്പരയില്‍ നിന്ന് ഒഴിവാക്കപ്പെട്ട വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ക്വിന്റണ്‍ ഡി കോക്ക് ടീമില്‍ മടങ്ങിയെത്തിയത് ദക്ഷിണാഫ്രിക്കയെ ശക്തരാക്കുന്നു. ഇന്ത്യക്കെതിരേ മൂന്നു സെഞ്ചുറികള്‍ നേടിയിട്ടുള്ള താരമാണ് ഡികോക്ക്. ഈ പ്രകടനം ഡികോക്കിന് ആവര്‍ത്തിക്കാനാവുമെന്നാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ. ഡേവിഡ് മില്ലര്‍ കൂടി ഫോമിലായാല്‍ ദക്ഷിണാഫ്രിക്ക ബാറ്റിംഗില്‍ കരുത്തു കാട്ടും എന്ന കാര്യത്തില്‍ സംശയമില്ല.

ഡെയ്ല്‍ സ്റെയിനും മോര്‍ണി മോര്‍ക്കലും പരാജയം

ദക്ഷിണാഫ്രിയുടെ ബൌളിംഗിന്റെ കുന്തമുനകളായ ഡെയ്ല്‍ സ്റെയ്നും മോര്‍ണി മോര്‍ക്കലും വിക്കറ്റ് നേടുന്നതില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതാണ് ദക്ഷിണാഫ്രിക്ക നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. മൂന്നാം ബൌളറായി പരിഗണിക്കപ്പെടുന്ന കാഗിസോ റബാഡയും കയ്ല്‍ അബോട്ടും ഈ അടുത്ത് മികച്ച പ്രകടനം നടത്തിയിട്ടുമില്ല. കെയ്ല്‍ അബോട്ടിനെക്കാളും റബാടയ്ക്കാണ് സാധ്യത.

സാധ്യതാ ടീം

ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി, എംഎസ് ധോണി, അമ്പാട്ടി റായുഡു, സുരേഷ് റെയ്ന, അക്ഷര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, ഭുവനേശ്വര്‍കുമാര്‍, മോഹിത് ശര്‍മ, ഉമേഷ് യാദവ്.

ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക്, ഹാഷിം അംല, ഫാഫ് ഡുപ്ളസി, എബി ഡിവില്യേഴ്സ്, ജെപി ഡുമിനി, ഡേവിഡ് മില്ലര്‍, ക്രിസ് മോറിസ്, ഡെയ്ല്‍ സ്റെയിന്‍, മോര്‍ണി മോര്‍ക്കല്‍, കാഗിസോ റബാഡ, ഇമ്രാന്‍ താഹിര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.