ഇന്ന് ഗോവ- ചെന്നൈയിന്‍
Sunday, October 11, 2015 11:56 PM IST
പനാജി: തോല്‍വി അറിയാത്ത ഗോവയും ജയമറിയാത്ത ചെന്നൈയിനും ഇന്നു മുഖാമുഖം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഒമ്പതാം മത്സരത്തില്‍ ഗോവയുടെ തട്ടകത്തില്‍ ചെന്നൈയിന്‍ ആദ്യജയം തേടിയിറങ്ങും. ആദ്യ മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെ 2-0നു പരാജയപ്പെടുത്തിയ ഗോവ എഫ്സി രണ്ടാം മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ കരുത്തരായ അത്ലറ്റിക്കോ ഡി കോല്‍ക്കത്തയുമായി സമനില പാലിച്ചു. രണ്ടു മത്സരങ്ങളില്‍നിന്ന് നാലു പോയിന്റുള്ള ഗോവ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. പരാജയമറിയാതെയുള്ള ഗോവയുടെ കുതിപ്പിനു തടയിടാന്‍ ചെന്നൈയിന്‍ ഇറങ്ങുമ്പോള്‍ പോരാട്ടം കനക്കുമെന്നുറപ്പ്.

ഇരു ടീമിന്റെയും പ്രധാന ശക്തി ബ്രസീലിയന്‍ താരങ്ങളാണ് എന്നതുകൊണ്ടുതന്നെ ഒരു ബ്രസീല്‍ മത്സരമാകും ആരാധകര്‍ക്കു ലഭിക്കുന്നത്. ചെന്നൈയിന്‍ ആദ്യ മത്സരത്തില്‍ അത്ലറ്റിക്കോയോടു പരാജയപ്പെട്ടപ്പോള്‍ രണ്ടാം മത്സരത്തില്‍ ഡല്‍ഹിയോട് തോറ്റു. മികച്ച ടീമായിരുന്നിട്ടും ഫിനിഷിംഗിലെ പിഴവുകള്‍ ചെന്നൈയിനു വിനയായി. രണ്ടാം മത്സരത്തില്‍ അത്ലറ്റിക്കോയ്ക്കെതിരേ സംഭവിച്ച പിഴവുകള്‍ ഈ മത്സരത്തില്‍ ആവര്‍ത്തിക്കില്ലെന്ന് ഗോവന്‍ പരിശീലകന്‍ സീക്കോ പറഞ്ഞു.


രണ്ടാം മത്സരത്തില്‍ ആദ്യഇലവനില്‍ കളിക്കാതിരുന്ന എത്യോപ്യന്‍ സ്ട്രൈക്കര്‍ ഫിക്രു ടഫേര ഇന്നത്തെ മത്സരത്തില്‍ കളിക്കുമെന്ന് ചെന്നൈയിന്‍ മാനേജര്‍ മാര്‍ക്കോ മറ്റെരാസിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.