ആദ്യജയം തേടി ഇന്ത്യ
Tuesday, October 13, 2015 11:18 PM IST
മസ്കറ്റ്: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങളില്‍ ഒരു ജയമെങ്കിലും തേടി ഇന്ത്യ ഇന്ന് റാങ്കിംഗില്‍ മുന്നിലുള്ള ഒമാനെതിരേ ഇറങ്ങും. യോഗ്യത പോരാട്ടത്തില്‍ ഒരു കളി പോലും ജയിക്കാത്ത ഇന്ത്യക്ക് അഭിമാനത്തിന്റെ പോരാട്ടമാണിത്. ഇന്നത്തെ മത്സരത്തില്‍ ടീം പരിശീലകന്‍ സ്റീവന്‍ കോണ്‍സ്റ്റന്റൈനും കളിക്കാര്‍ക്കും സമ്മര്‍ദം കൂടുകയും ചെയ്യും. അഞ്ചു ടീമുകളുള്ള ഗ്രൂപ്പില്‍ ഇന്ത്യ ഇതുവരെ ഒരു ജയം നേടിയിട്ടില്ലെങ്കിലും മൂന്നു തവണ എതിര്‍വല കുലുക്കി. റാങ്കിംഗില്‍ താഴെയുള്ള ഗുവാമിനെതിരെ ജയിക്കാമെന്ന വലിയ പ്രതീക്ഷയോടെ അവിടെയെത്തിയ ഇന്ത്യ തോറ്റു. അതുകൊണ്ട് ഫിഫ റാങ്കിംഗില്‍ 102-ാം സ്ഥാനത്തുള്ള ഒമാനെ തോല്‍പ്പിച്ചുകൊണ്ട് ഒരു തകര്‍പ്പന്‍ തിരിച്ചുവരവിനാകും 167-ാം സ്ഥാനത്തുള്ള ഇന്ത്യ ശ്രമിക്കുക.

ഇന്ത്യയില്‍ നടന്ന മത്സരത്തില്‍ ഒമാന്‍ 2-1ന് ഇന്ത്യയെ കീഴടക്കി. അതിനുള്ള മറുപടി അവരുടെ തട്ടകത്തില്‍ നല്‍കാനുള്ള അവസരമാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. ഇന്ത്യ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഗുവാമിന്റെ മുന്നില്‍് 2-1ന് കീഴടങ്ങി. ശക്തരായ ഇറാനെതിരെ സ്വന്തം മണ്ണില്‍ ഇറങ്ങിയപ്പോള്‍ തോല്‍വി എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു. നാലാം മത്സരത്തിലും ഇന്ത്യയെ തോല്‍പ്പിച്ചത് തുര്‍ക്ക്മെനിസ്ഥാനായിരുന്നു. ഒരു ഗോള്‍ അടിച്ച ഇന്ത്യ രണ്ടു ഗോള്‍ വഴങ്ങി തോറ്റു. ഇതുവരെ തോല്‍വി അറിയാത്ത ഒമാന്‍ രണ്ടു ജയവും രണ്ടു സമനിലയും പിടിച്ചു. കഴിഞ്ഞ കളിയില്‍ ഇറാനെ 1-1 സമനിലയില്‍ തളയ്ക്കാനും ഒമാനായി. തുര്‍ക്ക്മെനിസ്ഥാനില്‍ നിന്നെത്താന്‍ വിമാനം താമസിച്ചതുകൊണ്ട് ടീം ഇന്ത്യ പരിശീലനം ചുരുക്കിയാണ് ഒമാനെതിരെ ഇറങ്ങേണ്ടിവരുക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.