്ഗുജറാത്തിന്റെ ഓട്ടത്തിനു മലയാളി പാഠം
്ഗുജറാത്തിന്റെ ഓട്ടത്തിനു മലയാളി പാഠം
Friday, November 27, 2015 11:15 PM IST
സി.കെ. രാജേഷ്കുമാര്‍

കോട്ടയം: ദേശീയ കായികരംഗത്ത്, പ്രത്യേകിച്ച് അത്ലറ്റിക്സില്‍ കാര്യമായൊന്നും അവകാശപ്പെടാനില്ലാത്ത ടീമാണ് ഗുജറാത്ത്. എന്നാല്‍, തങ്ങള്‍ക്കും എന്തെങ്കിലുമൊക്കെ ചെയ്യാനാകുമെന്ന് മലയാളികളിലൂടെ ഗുജറാത്ത് തെളിയിക്കുകയാണ്. ഗുജറാത്തിലെ വളര്‍ന്നു വരുന്ന കായിക താരങ്ങള്‍ക്ക് പരിശീലനത്തിന്റെ പുതിയ മാതൃക സമ്മാനിക്കുന്നത് മറ്റാരുമല്ല, ഇന്ത്യയുടെ അഭിമാനം പയ്യോളി എക്സ്പ്രസ് പി.ടി. ഉഷയാണ്. കൂടാതെ സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ മുന്‍ അത്ലറ്റിക് കോച്ച് അജിമോനും. ഇരുവരുടെയും പരിശ്രമം ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. ദേശീയ അത്ലറ്റിക്സില്‍ മെഡല്‍പ്പട്ടികയില്‍ പോലും ഇടം നേടാത്തവരായിരുന്നു ഗുജറാത്തുകാര്‍. എന്നാല്‍, കഴിഞ്ഞ ദിവസം റാഞ്ചിയിലെ ബിര്‍സമുണ്ട സ്റ്റേഡിയത്തില്‍ അവസാനിച്ച ദേശീയ ജൂണിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ആറു സ്വര്‍ണവും മൂന്നു വെങ്കലവും നേടാന്‍ ഗുജറാത്തിലെ അത്ലറ്റുകള്‍ക്കായി. ഇതില്‍ മൂന്നു സ്വര്‍ണവും ഇവര്‍ പരിശീലിപ്പിക്കുന്ന കുട്ടികള്‍ക്കാണ്. അണ്ടര്‍ 14 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചാമ്പ്യന്മാരായതും ഗുജറാത്ത് തന്നെ. ഈ മികവിന് അടിസ്ഥാനം ഈ രണ്ടു പരിശീലകരുടെ ആത്മസമര്‍പ്പണവും മികവുമാണ്.

കഴിഞ്ഞ ജൂണില്‍ ആണ് പി.ടി. ഉഷയുടെ അക്കാഡമി വഡോദരയില്‍ ആരംഭിക്കുന്നത്. രണ്ട് അത്ലറ്റുകളാണ് ഇവിടെനിന്നു പങ്കെടുത്തത്. അതില്‍ അണ്ടര്‍ 14 ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ യു. അനില്‍ സ്വര്‍ണം നേടി മികവു തെളിയിച്ചു. വിവേകാനന്ദ അത്ലറ്റിക് അക്കാഡമിയിലെ കുട്ടികളെയാണ് പി.ടി. ഉഷ പരിശീലിപ്പിക്കുന്നത്. 11 ആണ്‍കുട്ടികളും നാലു പെണ്‍കുട്ടികളുമുള്ള അക്കാഡമിയാണിത്.


സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഗുജറാത്തിന്റെ കീഴിലുള്ള നഡിയാദ് അത്ലറ്റിക് അക്കാഡമിയില്‍ ചീഫ് കോച്ചാണ് പൂഞ്ഞാര്‍ സ്വദേശി അജിമോന്‍. ദേശീയ ടീമിനു നിരവധി മെഡല്‍ നേടിക്കൊടുത്ത പരിശീലകന്‍ എന്ന മികവാണ് അജിമോനെ ഗുജറാത്തിലെത്തിച്ചത്. ജൂണിയര്‍ അത്ലറ്റിക്സില്‍ രണ്ടു സ്വര്‍ണവും ഒരു വെങ്കലവും നേടാന്‍ നഡിയാദ് അക്കാഡമിക്കായി. അണ്ടര്‍ 16 വിഭാഗം 600 മീറ്ററില്‍ ദേശീയ റിക്കാര്‍ഡോടെ കഷ്വീര്‍ വസാനെ സ്വര്‍ണം നേടിയപ്പോള്‍ അത് അജിമോന്റെ കൂടി നേട്ടമായി. ഈ വിഭാഗത്തില്‍ മീറ്റിലെ മികച്ച താരവും കഷ്വീറാണ്. കൂടാതെ അണ്ടര്‍ 16 ആണ്‍കുട്ടികളുടെ 2000 മീറ്ററില്‍ അനില്‍ ബാമിയയും സ്വര്‍ണം നേടി. അജിമോന്റെ അക്കാഡമിയിലെ എട്ടു കുട്ടികള്‍ മീറ്റില്‍ പങ്കെടുത്തു. ജൂണിലാണ് അജിമോന്‍ ഇവിടെ സ്ഥാനമേറ്റെടുക്കുന്നത്.

ഉഷയും അജിമോനും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കഴിവുള്ളവരെ കണ്െടത്തി പരിശീലനം നല്‍കുകയായിരുന്നു. വരും വര്‍ഷങ്ങളില്‍ ഗുജറാത്തില്‍നിന്ന് നിരവധി താരങ്ങള്‍ ദേശീയ നിലവാരത്തിലേക്കു വരുമെന്ന് പി.ടി. ഉഷ ദീപികയോടു പറഞ്ഞു. മടിയന്മാരായ മിക്കവരും സ്പോര്‍ട്സും തങ്ങള്‍ക്കു വേണെമെന്ന നിലപാടിലേക്ക് എത്തിയിട്ടുണ്ട്. അവിടുത്തെ സര്‍ക്കാരും മികച്ച പിന്തുണയാണ് നല്‍കുന്നതെന്ന് ഉഷ പറഞ്ഞു. സായിയിലെ പരിചയം തനിക്ക് ഇവിടെ ഗുണകരമായെന്ന് അജിമോന്‍ പറഞ്ഞു.

സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യയിലെ ഭരണസമിതിയിലുള്ള സന്ദീപ് പ്രധാനാണ് ഗുജറാത്ത് സ്പോര്‍ട്സ് അഥോറിറ്റിയുടെ തലവന്‍. സന്ദീപിന്റെ ആവശ്യപ്രകാരമാണ് ഇരുവരും ഗുജറാത്തിലെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.