കോല്‍ക്കത്ത സെമിയില്‍
Saturday, November 28, 2015 10:48 PM IST
കോല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം എഡിഷനില്‍ സെമിയിലെത്തുന്ന ആദ്യടീം എന്ന ഖ്യാതി നിലവിലെ ചാമ്പ്യന്‍ അത്ലറ്റിക്കോ ഡി കോല്‍ക്കത്തയ്ക്ക്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സത്തില്‍ ഇയാന്‍ ഹ്യൂമിന്റെ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് പൂന സിറ്റി എഫ്സിയെ മലര്‍ത്തിയടിച്ചാണ് കോല്‍ക്കത്ത സെമി ബെര്‍ത്ത് ഉറപ്പിച്ചത്. 13 മത്സരങ്ങളില്‍നിന്ന് ഏഴു വിജയവും രണ്ടു സമനിലയും നാലു തോല്‍വിയുമടക്കം 23 പോയിന്റുമായാണ് കോല്‍ക്കത്ത സെമിയിലെത്തിയത്. അതേസമയം, 12 മത്സരങ്ങളില്‍നിന്ന് 15 പോയിന്റുള്ള പൂന ആറാം സ്ഥാനത്തായി. പകുതി സമയത്ത് കോല്‍ക്കത്ത 1-0നു മുന്നിലായിരുന്നു. ഒമ്പതാം മിനിറ്റില്‍ ഹ്യൂമിലൂടെയാണ് കോല്‍ക്കത്ത മുന്നിലെത്തിയത്. 47, 83 മിനിറ്റുകളിലും ഗോള്‍ നേടിക്കൊണ്ട് ഹ്യൂം സീസണിലെ രണ്ടാം ഹാട്രിക് സ്വന്തമാക്കി. കഴിഞ്ഞ സീസണിലെ ടോപ് സ്കോററാണ് ഹ്യൂം. ഗോള്‍ വേട്ടയില്‍ നിലവില്‍ സ്റീവന്‍ മെന്‍ഡോസയ്ക്കു പിന്നില്‍ രണ്ടാമതാണു ഹ്യൂം. ഹ്യൂമിന് ഒമ്പതു ഗോളും മെന്‍ഡോസയ്ക്കു 10 ഗോളുമാണുള്ളത്.


മത്സരമവസാനിക്കുമ്പോള്‍ ഡെജന്‍ ലോക്കിക്കാണ് അത്ലറ്റിക്കോയുടെ നാലാം ഗോള്‍ നേടിയത്. മാര്‍ക്കീ താരം അഡ്രിയന്‍ മുട്ടുവകയാണ് പൂനയുടെ ആശ്വാസ ഗോള്‍. പൂനയുടെ പ്രതിരോധപ്പിഴവുകളാണ് അത്ലറ്റിക്കോയുടെ വിജയത്തില്‍ കലാശിച്ചത്. അത്ലറ്റിക്കോയ്ക്ക് ഇനി ഒരു മത്സരവും പൂനയ്ക്ക് രണ്ടു മത്സരവും അവശേഷിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.