സ്പോര്‍ട്സ് കൌണ്‍സില്‍ പുനഃസംഘടിപ്പിച്ചു: അഞ്ജു ബോബി ജോര്‍ജ് അധ്യക്ഷ
സ്പോര്‍ട്സ് കൌണ്‍സില്‍ പുനഃസംഘടിപ്പിച്ചു: അഞ്ജു ബോബി ജോര്‍ജ് അധ്യക്ഷ
Saturday, November 28, 2015 10:49 PM IST
തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സിലിന്റെ പുതിയ പ്രസിഡന്റായി അഞ്ജു ബോബി ജോര്‍ജിനെ നിയമിച്ചു. ഏറെ ദിവസത്തെ കാത്തിരിപ്പിനും വിവാദങ്ങള്‍ക്കുമൊടുവില്‍ ഇന്നലെയാണ് ഇതുസംബന്ധിച്ച ഉത്തരവ് കായികമന്ത്രാലയം പുറത്തിറക്കിയത്.

ലോംഗ് ജംപില്‍ ലോക മെഡല്‍ ജേതാവുകൂടിയായ ചങ്ങനാശേരി സ്വദേശിനിയായ അഞ്ജുവിനെ നിലവിലുള്ള പ്രസിഡന്റ് പദ് മിനി തോമസിനു പകരമായാണ് നിയമിച്ചിട്ടുള്ളത്. സ്പോര്‍ട്സ് കൌണ്‍സില്‍ പുനഃസംഘടിപ്പിക്കുന്നതിനായി ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. എന്നാല്‍, പ്രസിഡന്റ് സ്ഥാനത്തേക്ക് ആരെ നിയമിക്കുമെന്നതു സംബന്ധിച്ചുള്ള അഭിപ്രായരൂപീകരണത്തിനു കാലതാമസം നേരിട്ടതോടെയാണ് നിയമനം വൈകിയത്. ബംഗളൂരുവില്‍ താമസമാക്കിയ അഞ്ജു അവിടെ കായിക അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള തയാറെടുപ്പിലുമാണ്. വീണ്ടും പ്രസിഡന്റ് സ്ഥാനത്തെത്താനുള്ള പദ്മിനി തോമസിന്റെ ശ്രമത്തിനു കാര്യമായ പിന്തുണ ലഭിച്ചില്ല. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.സി. മാത്യുവിനെ പ്രസിഡന്റാക്കാനും നീക്കം നടന്നിരുന്നു. എന്നാല്‍, വ്യക്തിപരമായ കാര്യങ്ങളാല്‍ താന്‍ പിന്മാറുകയായെന്ന് അദ്ദേഹം കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അറിയിച്ചു.

വൈസ് പ്രസിഡന്റായി ടി.കെ. ഇബ്രാഹിമിനെ നിയമിച്ചു. സ്പോര്‍ട്സ് കൌണ്‍സിലില്‍ അംഗീകാരമുള്ള അസോസിയേഷനുകളുടെ തെരഞ്ഞെടുക്കപ്പെട്ട 38 പേരും സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സിലില്‍ അംഗങ്ങളായിരിക്കും. ഫുട്ബോള്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് മന്ത്രി കെ. ബാബുവും ഫെന്‍സിംഗ് അസോസിയേഷനെ പ്രതിനിധീകരിച്ച് നിലവിലെ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസും കേരള ഒളിമ്പിക് അസോസിയേഷനെ പ്രതിനിധീകരിച്ച് പി.എ. ഹംസയും ബേസ്ബോള്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് ടി.സി. മാത്യുവും കൌണ്‍സിലില്‍ ഉള്‍പ്പെടുന്നു. ഷാഫി പറമ്പില്‍, റോഷി അഗസ്റിന്‍, പി. ഉബൈദുള്ള എന്നിവരാണ് എംഎല്‍എമാരുടെ പ്രതിനിധികള്‍.


കൊച്ചി കോര്‍പറേഷന്‍ മേയര്‍ സൌമിനി ജെയിനിനെ മേയര്‍മാരുടെ പ്രതിനിധിയായും കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്ദു ജോസിനെ മുനിസിപ്പല്‍ ചെയര്‍മാന്മാരുടെ പ്രതിനിധിയായും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെ പ്രതിനിധിയായും പനമരം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ദിലീപ് കുമാറിനെ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ പ്രതിനിധിയായും ചാലിശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സനില്‍കുമാറിനെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ പ്രതിനിധിയായും നാമനിര്‍ദേശം ചെയ്തു. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി (കുസാറ്റ്), മഹാത്മാഗാന്ധി സര്‍വകലാശാലകളിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍മാര്‍, ദ്രോണാചാര്യ അവാര്‍ഡ് ജേതാവായ പ്രഫ. സണ്ണി തോമസ്, എം.സുന്ദരേശന്‍ പിള്ള എന്നിവരും അര്‍ജുന അവാര്‍ഡ് ജേതാക്കളായ ടോം ജോസഫ്, പി.ആര്‍.ശ്രീജേഷ്, പ്രീജ ശ്രീധരന്‍, പദ്മശ്രീ കെ.എം.ബീനാമോള്‍ എന്നിവരും കൌണ്‍സിലിലെ അംഗങ്ങളായിരിക്കും.

കായിക, ധനകാര്യ എക്സ്പെന്‍ഡിച്ചര്‍ വിഭാഗം സെക്രട്ടറിമാര്‍, സംസ്ഥാന പോലീസ് മേധാവി, കായിക, പൊതുവിദ്യാഭ്യാസം, കോളജ് വിദ്യാഭ്യാസം, ഹയര്‍ സെക്കന്‍ഡറി, വിദ്യാഭ്യാസം, ആരോഗ്യ വകുപ്പു ഡയറക്ടര്‍മാര്‍, ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് ഡയറക്ടര്‍ എന്നിവര്‍ കൌണ്‍സിലിന്റെ എക്സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും. .

ജില്ലാ സ്പോര്‍ട്സ് കൌണ്‍സിലുകള്‍ കോടതി വിധിക്ക് വിധേയമായി പുനഃസംഘടിപ്പിക്കുന്നതാണെന്നും കായിക വകുപ്പ് മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.