ലിവര്‍പൂള്‍ നോക്കൌട്ടില്‍
Saturday, November 28, 2015 10:51 PM IST
ലിവര്‍പൂള്‍: ഇംഗ്ളീഷ് ക്ളബ്ബുകളായ ലിവര്‍പൂളും ടോട്ടനം ഹോട്സ്പറും യൂറോപ്പ ലീഗില്‍ അവസാന 32ല്‍ കടന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലിവര്‍പൂള്‍ ബോര്‍ഡക്സിനെ ഒന്നിനെതിരേ രണ്ടു ഗോളിനു പരാജയപ്പെടുത്തി ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്തോടെ നോക്കൌട്ടിലെത്തി. അഞ്ചു കളികളില്‍നിന്ന് ഒമ്പതു പോയിന്റാണ് ലിവര്‍പൂള്‍ സ്വന്തമാക്കിയത്. 33-ാം മിനിറ്റില്‍ ഹെന്റി സായിവെറ്റിലൂടെ ബോര്‍ഡക്സാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍, ബോര്‍ഡക്സ് ഗോളി അധികസമയം പന്തു കൈവശം വച്ചതിനു ലഭിച്ച പെനാല്‍റ്റിയിലൂടെ ലിവര്‍പൂള്‍ സമനില സ്വന്തമാക്കി. 45-ാം മിനിറ്റില്‍ ക്രിസ്റ്യന്‍ ബെന്റക്കെയിലൂടെ ലിവര്‍പൂള്‍ വിജയം സ്വന്തമാക്കി. മറ്റൊരു മത്സരത്തില്‍ ടോട്ടനം ഹോട്സ്പര്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഖരാബാഗിനെ പരാജയപ്പെടുത്തി. 78-ാം മിനിറ്റില്‍ ഹാരി കെയ്നാണ് ടോട്ടനത്തിന്റെ വിജയഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ ക്രാസ്നോഡല്‍ ഡോര്‍ട്ട്മുണ്ടിനെയും എഫ്കെ റൂബിന്‍ ഏകപക്ഷീയമായ രണ്ടു ഗോളിന് സിയോമിനെയും പരാജയപ്പെടുത്തി. ആന്‍ഡര്‍ലെച്ച്റ്റ്, മോണക്കോയെ ഏകപക്ഷീയമായ രണ്ടു ഗോളിനു പരാജയപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.