യുഎന്‍ ട്രോഫി: ഫൈനല്‍ നാലിന്
Tuesday, December 1, 2015 12:00 AM IST
കൊച്ചി: യുഎന്‍ ട്രോഫിക്കുവേണ്ടിയുള്ള സംസ്ഥാന ഇന്റര്‍സ്കൂള്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരങ്ങള്‍ നാലിന് കോഴിക്കോട് കോര്‍പറേഷന്‍ സ്റേഡിയത്തില്‍ നടക്കും. വിജയികള്‍ക്കുള്ള പ്രത്യേക ട്രോഫികള്‍ കൊച്ചി രാജ്യാന്തര സ്റേഡിയം ഹാളില്‍ നടന്ന ചടങ്ങില്‍ എറണാകുളം കളക്ടര്‍ എം.ജി. രാജമാണിക്യം പ്രകാശനം ചെയ്തു. കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍, ജനറല്‍ സെക്രട്ടറി പി. അനില്‍കുമാര്‍, ഇറാം ഗ്രൂപ്പ് പ്രതിനിധി ബിജോയ് ദാസ്, ഫെഡറല്‍ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ കെ.ഐ. വര്‍ഗീസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഐക്യരാഷ്ട്ര സഭയുടെ 70-ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ചാണ് യുഎന്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ സഹായത്തോടെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കെഎഫ്എ മത്സരം സംഘടിപ്പിക്കുന്നത്. വിവിധ ജില്ലകളില്‍നിന്ന് ചാമ്പ്യന്മാരായ സ്കൂളുകളാണ് ഫൈനല്‍ റൌണ്ടില്‍ മാറ്റുരയ്ക്കുക. 29നു തുടങ്ങിയ നോക്കൌട്ട് മത്സരങ്ങളുടെ സെമിഫൈനലുകള്‍ മൂന്നിന് വൈകുന്നേരം നടക്കും. നാലിന് വൈകുന്നേരം നാലിനാണു ഫൈനല്‍. ഫൈനല്‍ കാണാന്‍ ഇംഗ്ളണ്ടിന്റെ മുന്‍ ലോകകപ്പ് ഫുട്ബോള്‍ ടീം ഗോള്‍കീപ്പറും യു.എന്‍ 70 കപ്പ് ബ്രാന്‍ഡ് അംബാസഡറുമായ പീറ്റര്‍ ഷില്‍ട്ടണും എത്തും.


ട്രോഫിക്ക് പുറമേ ഒന്നാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 25,000 രൂപയും ടൂര്‍ണമെന്റിന്റെ പ്രധാന സ്പോണ്‍സര്‍മാരായ ഇറാം ഗ്രൂപ്പ് സമ്മാനിക്കും. 2017 അണ്ടര്‍-17 ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കായി കേരളത്തില്‍ നിന്നുള്ള താരങ്ങളെ കണ്െടത്തുന്നതിനുളള സെലക്ഷന്‍ ട്രയലും നാലിന് കോഴിക്കോട്ടു നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.