ദക്ഷിണേഷ്യന്‍ ഗെയിംസിനു വര്‍ണാഭമായ തുടക്കം
ദക്ഷിണേഷ്യന്‍ ഗെയിംസിനു വര്‍ണാഭമായ തുടക്കം
Saturday, February 6, 2016 11:24 PM IST
ഗോഹട്ടി: വടക്കുകിഴക്കന്‍ സാംസ്കാരിക, കായിക പ്രൌഢിയില്‍ 12-ാമത് ദക്ഷിണേഷ്യന്‍ ഗെയിംസിന് തിരിതെളിഞ്ഞു. ആഘോഷം തിമിര്‍ത്തു പെയ്ത സന്ധ്യയില്‍ ഗോഹട്ടി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ദക്ഷിണേഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഇനിയുള്ള 12 നാളുകള്‍ ദക്ഷിണേഷ്യന്‍ കായികപ്പെരുമയുടെ പെരുങ്കളിയാട്ടം.

12-ാമത് ദക്ഷിണേഷ്യന്‍ ഗെയിംസ് ഉദ്ഘാടനം ചെയ്തതായി ഞാന്‍ പ്രഖ്യാപിക്കുന്നു- പ്രധാനമന്ത്രി മോദി ഇതു പറഞ്ഞതോടെയാണ് ഗെയിംസിന് ഔദ്യോഗിക തുടക്കമായത്. ആസാം, മേഘാലയ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ മുഖ്യമന്ത്രിമാര്‍, കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സോണോവാള്‍, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് എന്‍. രാമചന്ദ്രന്‍ തുടങ്ങിയ വിശിഷ്ട വ്യക്തികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. സമാധാനവും ഐശ്വര്യവും നിറയ്ക്കാന്‍ ഇത്തരം വേദികള്‍ സഹായകരമാകട്ടെയെന്നു മോദി പറഞ്ഞു. പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശമാണ് ഇത്തരത്തിലുള്ള കായികമേളകള്‍ പകരുന്നത്. അതുവഴി രാജ്യങ്ങളുടെ വികസനവും സാധ്യമാകട്ടെയെന്ന് മോദി ആശംസിച്ചു. വികസനത്തിന് നാം ഒറ്റക്കെട്ടായിരിക്കണമെന്നും മോദി ഓര്‍മിപ്പിച്ചു.

കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഗെയിംസിന്റെ ഭാഗ്യചിഹ്നം ടിക്കോറിന്റെ പിന്നാലെയായിരുന്നു മാര്‍ച്ച് പാസ്റ് സ്റേഡിയത്തില്‍ പ്രവേശിച്ചത്.

അഫ്ഗാനിസ്ഥാന്‍നിലെ കാബൂള്‍ നദി, പാക്കിസ്ഥാനിലെ സിന്ധു, ഇന്ത്യന്‍ മഹാസമുദ്രം, ശ്രീലങ്കയിലെ മഹാവേലി, ബംഗ്ളാദേശിലെ പദ്മ, നേപ്പാളിലെ കോസി, ഭൂട്ടാനിലെ മനാസ്സ, ഇന്ത്യയിലെ ബ്രഹ്മപുത്ര തുടങ്ങിയ നദികളിലെ ജലം ഒന്നിപ്പിച്ചുകൊണ്ട് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ ഒന്നാണെന്ന സന്ദേശം നല്‍കുന്ന ചടങ്ങ് വലിയ കരഘോഷത്തോടെയാണ് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങള്‍ കണ്ടത്.


മാര്‍ച്ച് പാസ്റില്‍ ഇന്ത്യന്‍ സംഘത്തിന്റെ പതാകയേന്തിയത് സ്ക്വാഷ് താരം സൌരഭ് ഘോഷാലായിരുന്നു. താരങ്ങള്‍ സ്റേഡിയത്തില്‍ പ്രവേശിച്ചപ്പോള്‍ നിറഞ്ഞ കൈയടിയായിരുന്നു. പാക്കിസ്ഥാന്‍, നേപ്പാള്‍ ടീമുകള്‍ക്കും കൈയടി ലഭിച്ചു.

ഘോഷാല്‍ തന്നെയാണ് ഗെയിംസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ബൈച്ചുംഗ് ബൂട്ടിയയാണ് ഗെയിംസ് ദീപം തെളിയിച്ചത്. ഗഗന്‍ നരംഗ്, മൊണാലിസ ഭരാരുഹ്, ഭോഗേശ്വര്‍ ബറുവ, അഞ്ജു ബോബി ജോര്‍ജ്, റാണി രാംപാല്‍, കൃഷ്ണ പൂണിയ എന്നിവരില്‍നിന്നാണ് ബൂട്ടിയ ദീപശിഖ വാങ്ങിച്ചത്.

തുടര്‍ന്നു നടന്ന കലാപരിപാടികളില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സാംസ്കാരിക തനിമ വെളിവാക്കുന്ന പ്രകടനങ്ങള്‍ നടന്നു. പാവകളിയും കഥക്കും നാടോടിനൃത്തവുമൊക്കെ ഗാലറിയെ ത്രസിപ്പിച്ചു.

എട്ടു രാജ്യങ്ങളില്‍നിന്നായി 2600-ലേറെ അത്ലറ്റുകള്‍ പങ്കെടുക്കുന്ന കായികമാമാങ്കത്തില്‍ കഴിഞ്ഞ 11 തവണയും ഇന്ത്യയായിരുന്നു ചാമ്പ്യന്മാര്‍. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ബംഗ്ളാദേശ്, മാലദ്വീപ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍നിന്നുള്ള അത്ലറ്റുകളാണ് ദക്ഷിണേഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നത്. ഷില്ലോംഗിലും ഗോഹട്ടിയിലുമായി നടക്കുന്ന ഗെയിംസില്‍ 23 കായിക ഇനങ്ങളിലെ 228 മത്സരങ്ങളുടെ ഫലമാണ് നിര്‍ണയിക്കുന്നത്.

12 ദിവസമായി നടക്കുന്ന കായികോത്സവത്തില്‍ 228 സ്വര്‍ണം 228 വെള്ളി, 308 വെങ്കലം എന്നിവ നല്‍കപ്പെടും. ഏറ്റവും കൂടുതല്‍ അത്ലറ്റുകള്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തിന്റെ അംഗബലം 521 ആണ്. ഇതില്‍ 245 വനിതാ അത്ലറ്റുകളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.