നാഗ്ജി കപ്പില്‍ ആദ്യജയം ബ്രസീലിന്
നാഗ്ജി കപ്പില്‍ ആദ്യജയം ബ്രസീലിന്
Saturday, February 6, 2016 11:29 PM IST
ജോസഫ് പ്രിയന്‍

കോഴിക്കോട്: ബ്രസീലിന്റെ പുത്രന്‍ റൊണാള്‍ഡീഞ്ഞോ നാടിനു സമര്‍പ്പിച്ച സേട്ട് നാഗ്ജി ഫുട്ബോളിന്റെ ആദ്യ മത്സരം ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ബ്രസീല്‍ ടീം തൂത്തുവാരി. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിന്റെ പാരമ്പര്യവുമായെത്തിയ ഇംഗ്ളണ്ടിന്റെ വാറ്റ്ഫോര്‍ഡ് എഫ്സിയെയാണ് ബ്രസീലിയന്‍ ടീമായ ക്ളബ് അത്ലറ്റിക്കോ പാരനെന്‍സ് കന്നിയങ്കത്തില്‍ തോല്‍പ്പിച്ചത്. കളിതുടങ്ങുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പേ ഗാലറിയില്‍ ആരാധകര്‍ തിങ്ങിനിറഞ്ഞിരുന്നു.

അവര്‍ക്കിടയിലേക്ക് കറുപ്പില്‍ ചുവന്ന വരകളുള്ള ജേഴ്സിയണിഞ്ഞ് ബ്രസീലിയന്‍ ടീമെത്തി. മഞ്ഞക്കുപ്പായമണിഞ്ഞ് ഇംഗ്ളണ്ടിന്റെ ചുണക്കുട്ടികളും. 21 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ നാഗ്ജി അന്താരാഷ്ട്ര ക്ളബ് ഫുട്ബോളിന് കൃത്യം ഏഴ് മണിക്കുതന്നെ ആദ്യവിസില്‍ മുഴങ്ങി. തുടക്കം മുതല്‍ തന്നെ പന്ത് ബ്രസീലിന്റെ നിയന്ത്രണത്തിലായിരുന്നു. ആദ്യ മിനിറ്റില്‍തന്നെ ബ്രസീലിന്റെ നിക്കോളസ് പന്തുമായി ഇംഗ്ളണ്ടിന്റെ ഗോള്‍ മുഖത്തേക്ക് പാഞ്ഞുകയറി. പെനാല്‍റ്റി ബോക്സിനടുത്തുവച്ച് ആന്ദ്രേ ലൂയിസിന് പാസ് നല്‍കിയെങ്കിലും ഭാഗ്യം തുണച്ചില്ല. പിന്നീട് ബ്രസീലിന്റെ തുടര്‍ച്ചയായ മുന്നേറ്റങ്ങളാണ് കാണാന്‍സാധിച്ചത്. ആദ്യ പകുതി അവസാനിക്കുന്നതുവരെ ഇംഗ്ളണ്ട് മികച്ച പ്രതിരോധമാണ് കാഴ്ചവച്ചത്. ഒന്നോരണ്േടാ മുന്നേറ്റങ്ങള്‍ നടത്തിയതൊഴിച്ചാല്‍ ആദ്യ പകുതിയില്‍ ബ്രസീല്‍ നടത്തിയ മുന്നേറ്റങ്ങളെ ചെറുക്കുകമാത്രമായിരുന്നു ഇംഗ്ളണ്ട് ചെയ്തത്.

42ാം മിനിട്ടില്‍ ബ്രസീലിന് ഇംഗ്ളണ്ടിന്റെ ഗോള്‍മുഖത്തുവച്ച് ഫ്രീകിക്ക് ലഭിച്ചെങ്കിലും നിക്കോളസിന്റെ ഷോട്ട് ഹെഡ്ഡറിലൂടെ ഗോളാക്കിമാറ്റാന്‍ ജേഴ്സണ്‍ ഗാല്‍ഡിനോയ്ക്കായില്ല. ഗോള്‍രഹിതമായാണ് ആദ്യപകുതി സമാപിച്ചത്. രണ്ടാം പകുതി ആരംഭിച്ചതോടെ ബ്രസീലിയന്‍ താരങ്ങള്‍ പടക്കുതിരകളെപ്പോലെ ഇംഗ്ളണ്ടിന്റെ ഗോള്‍മുഖത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. ഇംഗ്ളണ്ടിന്റെ പ്രതിരോധനിര കിണഞ്ഞു ശ്രമിച്ചെങ്കിലും 59ാം മിനിട്ടില്‍ ബ്രസീലിന്റെ ലൂയിസ് ഫിലിപ്പിയുടെ ശരവേഗത്തിലുള്ള കിക്ക് ഇംഗ്ളണ്ടിന്റെ ഗോള്‍വല വിറപ്പിച്ചു. ബ്രസീലിന്റെ ഗുസ്താവോ കാസ്കാഡോ വെസ്ളിക്കു നല്‍കിയ പാസ് ഇംഗ്ളണ്ടിന്റെ ആന്‍ഡ്രൂ തട്ടിയകറ്റി. എന്നാല്‍ പെനാല്‍റ്റിബോക്സിനടുത്തുവച്ച് റീബോണ്ട് ചെയ്ത പന്ത് ലൂയിസ് ഫിലിപ്പി പോസ്റ്റിന്റെ വലതുമൂലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. ആദ്യ ഗോള്‍ വഴങ്ങിയതിന്റെ ആലസ്യം വിട്ടുമാറുന്നതിനു മുമ്പേ 62-ാം മിനിട്ടില്‍ ബ്രസീല്‍ രണ്ടാമതും ഇംഗ്ളണ്ടിന്റെ വലകുലുക്കി. ഫുട്ബോള്‍ മാന്ത്രികന്‍ മാറഡോണയുടെ കളിയെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു രണ്ടാം ഗോള്‍ നേടിയ ജാവോ പെഡ്രോയുടെ പ്രകടനം. മികച്ച ഒരു ഫുട്ബോളറുടെ തന്‍മയത്വത്തോടെയായിരുന്നു പെഡ്രോ പെനാല്‍റ്റി ബോക്സിലേക്ക് പാഞ്ഞടുത്തത്. വെസ്ളി നല്‍കിയ പാസ് പെഡ്രോ മൈതാനത്തിന്റെ മധ്യഭാഗത്തുനിന്നും സ്വീകരിച്ച് മൂന്ന് പ്രതിരോധ നിരക്കാരെ വെട്ടിച്ചാണ് മുന്നേറിയത്.


ഒടുവില്‍ ഗോളിയേയും കബളിപ്പിച്ച് പന്ത് പതിയെ വലയിലേക്ക് തട്ടിയിട്ടു. ഒരു നിമിഷം ആര്‍ക്കും ഒന്നും മനസിലായില്ല. വലകുലുങ്ങിയപ്പോഴാണ് അത് ഗോളായിരുന്നുവെന്ന് മനസിലായത്. സ്റ്റേഡിയത്തില്‍ തിങ്ങിക്കൂടിയ പതിനായിരങ്ങള്‍ ഇതോടെ ഉച്ചത്തില്‍ ആര്‍പ്പുവിളിച്ചു.

ഗാലറിയെ ഒന്നടങ്കം ആവേശത്തില്‍ ആറാടിച്ചായിരുന്നു പെഡ്രോയുടെ രണ്ടാം ഗോള്‍. രണ്ടു ഗോളുകള്‍ക്കും വഴികാട്ടിയായത് എട്ടാം നമ്പര്‍ താരം വെസ്ളിയായിരുന്നു. ബ്രസീല്‍ നടത്തിയ എല്ലാ മുന്നേറ്റങ്ങളിലും വെസ്ളിയുടെ സാന്നിധ്യമുണ്ടായിരുന്നു. രണ്ട് ഗോളുകള്‍ വഴങ്ങിയ ശേഷം ഇംഗ്ളണ്ട് പൊരുതി കളിച്ചെങ്കിലും ഗോള്‍ നേടാനായില്ല. എക്സ്ട്രാ ടൈമില്‍ ബ്രസീല്‍ നടത്തിയ മറ്റൊരു മുന്നേറ്റം ഗോളാകുമെന്ന് ഉറപ്പിച്ചെങ്കിലും ഭാഗ്യം കടാക്ഷിച്ചില്ല. 91ാം മിനിട്ടില്‍ ഇംഗ്ളണ്ടിന്റെ ഗോളിയെമാത്രം മുന്നിലാക്കി പകരക്കാരനായിറങ്ങിയ ഓസ്കര്‍ മികച്ചൊരു ഷോട്ട് തൊടുത്തെങ്കിലും ഗോളിയുടെ ദേഹത്ത് തട്ടി അകലുകയായിരുന്നു.

പെഡ്രോയെ ഫൌള്‍ ചെയ്തതിന് വാട്ട്ഫോര്‍ഡ് എഫ്സി ഡിഫന്റര്‍ ജോറെല്‍ ജോണ്‍സണ്‍ മഞ്ഞക്കാര്‍ഡ് കണ്ടതൊഴിച്ചാല്‍ നല്ലൊരു മത്സരമാണ് കോര്‍പറേഷന്‍ സ്റേഡിയത്തില്‍ അരങ്ങേറിയത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീനയുടെ അണ്ടര്‍ 23 ടീം ടിഎസ്വി 1860 മ്യൂണിക്കിനെ നേരിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.