സംസ്ഥാനതല അമ്പെയ്ത്ത് മത്സരത്തിനു തുടക്കം
സംസ്ഥാനതല അമ്പെയ്ത്ത് മത്സരത്തിനു തുടക്കം
Sunday, February 7, 2016 1:31 AM IST
മാന്നാര്‍: തലയ്ക്കല്‍ ചന്തുസ്മാരക സംസ്ഥാനതല അമ്പെയ്ത്ത് മത്സരം ചെന്നിത്തലയില്‍ ആരംഭിച്ചു. ചെന്നിത്തല മഹാത്മാ ബോയ്സ് സ്കൂള്‍ ഗ്രൌണ്ടില്‍ ആരംഭിച്ച മത്സരങ്ങള്‍ പി.സി. വിഷ്ണുനാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.എന്‍.നാരായണന്‍ അധ്യക്ഷനായിരുന്നു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഘുപ്രസാദ്, ജേക്കബ് ഉമ്മന്‍, ജയകുമാരി, പി.ബി. സൂരജ്, അഭിലാഷ് തൂമ്പിനാത്ത്, ഡോ. സുധാകരകുറുപ്പ്, ബിനു സി. വര്‍ഗീസ്, തോമസ്കുട്ടി കടവില്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു മത്സരങ്ങള്‍ ആരംഭിച്ചു.ഒരു ബാച്ചില്‍ നാലുപേര്‍ വീതം 31 ടീം പുരുഷ വിഭാഗത്തിലും 10 ടീം വനിതാ വിഭാഗത്തിലും മത്സരിക്കാന്‍ എത്തിയിരുന്നു.

മാന്നാറില്‍ നടക്കുന്ന ദേശീയഗോത്ര കലാമേളയുടെ ഭാഗമായിട്ടാണു ചെന്നിത്തലയില്‍ അമ്പെയ്ത്തു മത്സരം സംഘടിപ്പിച്ചത്. ഇന്നലെ സെമി ഫൈനല്‍ വരെയുള്ള മത്സരങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് ഫൈനല്‍ മത്സരങ്ങള്‍ നടക്കും വൈകുന്നേരം ആറിനു മാന്നാറില്‍ നടക്കുന്ന ഗോത്രായനത്തിന്റെ സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സമ്മാനങ്ങള്‍ വിതരണം ചെയ്യും.


അമ്പെയ്ത്ത് മത്സരത്തില്‍ പങ്കെടുക്കാന്‍ പട്ടികവര്‍ഗ മന്ത്രി പി.കെ.ജയലക്ഷ്മിയുടെ സഹോദരന്‍മാരും എത്തിയിരുന്നു. മന്ത്രിയുടെ ഇളയ സഹോദരന്‍മാരായ പി.കെ. ജയരാജ്, പി.കെ. ജയകുമാര്‍എന്നിവരാണ് അമ്പെയ്ത്തു മത്സരത്തിനായി എത്തിയത്.

ഇന്റര്‍ യൂണിവേഴ്സിറ്റി മത്സരങ്ങളില്‍ പല തവണ ഇരുവരും വിജയികളായിട്ടുണ്ട്. വയനാട് മാനന്തവാടി കാട്ടിമല മാമ്പേ പാലോട് വീട്ടില്‍ താമസിക്കുന്ന ഇരുവരും വീട്ടു പേരില്‍ തന്നെയുള്ള ഒരു ക്ളബിനെ പ്രതിനിധാനം ചെയ്താണു മത്സരത്തിന് എത്തുന്നത്. ഇവര്‍ കൂടാതെ ഇവരുടെ ബന്ധത്തില്‍ തന്നെയുള്ള രണ്ടുപേര്‍ കൂടി ചേരുന്ന ടീമാണ് ഇവിടെ മത്സരിക്കുന്നത്. ജയരാജ് കോഴിക്കോട് എല്‍എല്‍ബി ക്കും ജയകുമാര്‍ തിരുവന്തപുരത്ത് ബിടെക്കിനും പഠിക്കുകയാണ്. പഠിക്കാന്‍ ഒത്തിരിയുള്ളതിനാല്‍ അടുത്ത കാലത്ത് പരിശീലനം കുറവായിരുന്നുവെന്നും ഇരുവരും പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.