മലയാളിത്തിളക്കം
മലയാളിത്തിളക്കം
Monday, February 8, 2016 12:34 AM IST
ഗോഹട്ടി: ദക്ഷിണേഷ്യന്‍ ഗെയിംസില്‍(സാഗ്) മലയാളിത്തിളക്കം. സൈക്ളിംഗിലും നീന്തലിലും മലയാളത്തിന്റെ അഭിമാനതാരങ്ങളായ ലിഡിയാമോള്‍ സണ്ണിയും നീന്തലില്‍ മലയാളി ഫെല്‍പ്സ് സജന്‍ പ്രകാശുമാണ് സ്വര്‍ണം നേടിയത്. ഇരുവരുടെയും നേട്ടത്തിനു തിളക്കമായി ഇന്ത്യയുടെ മുന്നേറ്റവും കൂടിയായപ്പോള്‍ ഇരട്ടിമധുരമായി. ഗെയിംസ് രണ്ടു ദിനം പിന്നിട്ടപ്പോള്‍ 30 സ്വര്‍ണവും 12 വെള്ളിയും മൂന്നു വെങ്കലവുമടക്കം 45 മെഡലുകളാണ് ഇന്ത്യക്ക് ഇപ്പോള്‍. രണ്ടാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്ക് എട്ടു സ്വര്‍ണവും 18 വെള്ളിയും 14 വെങ്കലവുമടക്കം 40 മെഡലുകളുണ്ട്. രണ്ടു സ്വര്‍ണമുള്ള പാക്കിസ്ഥാനാണ് മൂന്നാം സ്ഥാനത്ത്. ഇന്നലെ മാത്രം ഇന്ത്യ 16 സ്വര്‍ണം സ്വന്തമാക്കി.

സൈക്ളിംഗില്‍ വനിതകളുടെ 40 കിലോമീറ്റര്‍ ക്രൈറ്റീരിയം വിഭാഗത്തിലാണ് മലയാളികളുടെ പ്രിയതാരം ലിഡിയ മോള്‍ സ്വര്‍ണം നേടിയത്. 30 പോയിന്റോടെയാണ് ലിഡിയ ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യയുടെ തന്നെ മനോരമാ ദേവി തോംഗ്ബ്രാമിന് 26 പോയിന്റാണു ലഭിച്ചത്. കേവലം ഒമ്പതു പോയിന്റ് നേടിയ ശ്രീലങ്കയുടെ സുദാരിക പ്രിയദര്‍ശിനിയാണ് മൂന്നാമതെത്തിയത്. കോട്ടയം സ്വദേശിനിയാണ് ലിഡിയ.

പുരുഷന്മാരുടെ 1500 മീറ്റര്‍ ഫ്രീസ്റൈല്‍ നീന്തലില്‍ മീറ്റ് റിക്കാര്‍ഡോടെയാണ് മലയാളികളുടെ സുവര്‍ണമ ത്സ്യം സജന്‍ പ്രകാശ് സ്വര്‍ണമണിഞ്ഞത്. സമയം: 15: 55.34. സൌരഭ് സംഗ് വേകറിലൂടെ വെള്ളിയും ഇന്ത്യക്കാണ്. ബംഗ്ളാദേശിന്റെ മഹ്ഭിസുര്‍ റഹ്മാനാണു വെങ്കലം.


ദേശീയ ഗെയിംസില്‍ ഉദിച്ച താരകം

കേരളത്തില്‍ നടന്ന ദേശീയ ഗെയിംസിലെ സുവര്‍ണതാരമായിരുന്നു സജന്‍ പ്രകാശ്. വര്‍ഷങ്ങളായി പിന്നോക്കം പോയ നീന്തല്‍ക്കുളത്തിലെ ആധിപ്യമാണ് സാജനിലൂടെ കേരളം അന്നു വീണ്െടടുത്തത്. മൂന്നാം വയസില്‍ മാതാവ് ശാന്തി ജോലിക്കായി തമിഴ്നാട് നെയ്്വേലി ലിഗ്നൈറ്റിലേക്കു പോയതോടെ സാജനേയും കൊണ്ടുപോയി. അഞ്ചാം വയുമുതല്‍ നീന്തലില്‍ പരിശീലനം തുടങ്ങി. ഇടുക്കി തൊടുപുഴയിലാണ് കുടുംബവീട്.

സജനിലെ കായിക പ്രതിഭയെ കുട്ടിക്കാലത്ത് കണ്െടത്തിയത് ജോയ് ജോസഫ് എന്ന പരിശീലകനാണ്. 2011 റാഞ്ചി മീറ്റില്‍ 200 മീറ്റര്‍ ഫ്രീ സ്റൈലില്‍ വെങ്കലമെഡല്‍ നേടിയിരുന്നു. തുടര്‍ന്നു നാലുവര്‍ഷത്തിനുള്ളില്‍ നീന്തല്‍ക്കുളത്തില്‍ നിന്നും മിന്നും പ്രകടനമികവാണ് സാജന്‍നടത്തിയത്.

2014ല്‍ തിരുവനന്തപുരത്ത് നടന്ന ദേശീയ മീറ്റില്‍ 1500 മീറ്റര്‍ ഫ്രീസ്റൈലില്‍ റിക്കാര്‍ഡ് ഉള്‍പ്പെടെ മൂന്നു സ്വര്‍ണം സ്വന്തമാക്കിയാണ് ദേശീയ തലത്തില്‍ ശ്രദ്ധേയനായത്. കഴിഞ്ഞ ജൂലൈയില്‍ നടന്ന വേള്‍ഡ് മീറ്റില്‍ 1500 മീറ്ററില്‍ മത്സരിക്കാനുള്ള അര്‍ഹതയും നേടിയിരുന്നു.

ഇപ്പോഴിതാ സൌത്ത് ഏഷ്യന്‍ ഗെയിംസില്‍ സജന്‍ നീന്തിത്തുടിക്കുകയാണ്. അഞ്ച് ഇനങ്ങളില്‍ സാജന്‍ പങ്കെടുക്കുന്നുണ്ട്.

നീന്തലില്‍നിന്നു മാത്രം ഇന്ത്യ ഇന്നലെ ഏഴു സ്വര്‍ണമാണ് വാരിയത്. ഇന്നലെ ആദ്യം നടന്ന പുരുഷന്മാരുടെ 50 മീറ്റര്‍ ഫ്രീസ്റൈലില്‍ ലങ്കയുടെ സൂപ്പര്‍ താരം മാത്യു അഭയസിംഗെ സ്വര്‍ണം നേടിയപ്പോള്‍ ഇന്ത്യയുടെ വീര്‍ധവാല്‍ ഖഡെയെക്കു വെങ്കലം മാത്രമാണ് ലഭിച്ചത്.

എന്നാല്‍, പിന്നീടങ്ങോട്ട് ഇന്ത്യ നീന്തിത്തുടിച്ചു. പുരുഷന്മാരുടെ 100 മീറ്റര്‍ ബ്രെസ്റ് സ്ട്രോക്കില്‍ സന്ദീപ് സേജ്വാല്‍ സ്വര്‍ണം സ്വന്തമാക്കിയ സേജ് വാളിന്റെ രണ്ടാം വ്യക്തിഗത സ്വര്‍ണമാണിത്. സമയം: 1:03.14. ഇന്ത്യയുടെ പുനീത് റാണയ്ക്കാണ് വെള്ളി. പുരുഷന്മാരുടെ 200 മീറ്റര്‍ ബാക്സ്ട്രോക്കില്‍ ഇന്ത്യയുടെ എം. അരവിന്ദ്(2:08.00) സ്വര്‍ണം നേടി.

ഇന്ത്യയുടെ സുവര്‍ണ മത്സ്യങ്ങളായി സയാനി ഘോഷും ശിവാനി ഖട്ടാറയും മാറുന്ന കാഴ്ചയാണു പിന്നീട് കണ്ടത്. വനിതകളുടെ വ്യക്തിഗത മെഡ്ലേയില്‍ സയാനി പൊന്നണിഞ്ഞപ്പോള്‍ വനിതകളുടെ 200 മീറ്റര്‍ ഫ്രീസ്റൈലിലാണ് സയാനി ഖട്ടാരിയ സ്വര്‍ണം നേടിയത്. വനിതകളുടെ 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കില്‍ ദാമിനി ഗൌഡയും പുരുഷന്മാരുടെ 200 മീറ്റര്‍ ബ്രെസ്റ് സ്ട്രോക്കില്‍ സന്ദീപ് സേജ് വാളും സ്വര്‍ണം നേടി. സന്ദീപിന്റെ മൂന്നാം സ്വര്‍ണമാണിത്.


വനിതകളുടെ ഫ്രീസ്റൈല്‍ റിലേയില്‍(4-100) ഇന്ത്യക്കാണ് സ്വര്‍ണം. അവന്തിക ചവാന്‍, വി. മാളവിക, മാന പട്ടേല്‍, ശിവാനി ഖട്ടാരിയ എന്നിവരുടെ സംഘമാണ് സ്വര്‍ണം സ്വന്തമാക്കിയത്.

സൈക്ളിംഗില്‍ ലിഡിയ മോള്‍ക്കു പുറമേ, പുരുഷന്മാരുടെ 40 കിലോമീറ്റര്‍ ടൈം ട്രയലില്‍ അരവിന്ദ് പന്‍വാറും സ്വര്‍ണം നേടി. മന്‍ജിത് സിംഗിനാണ് വെള്ളി. വനിതകളുടെ 30 കിലോമീറ്റര്‍ വ്യക്തിഗത ടൈം ട്രയലില്‍ വിദ്യാലക്ഷ്മി സ്വര്‍ണം നേടി.

ഭാരോദ്വഹനത്തില്‍ ഇന്നലെയും ഇന്ത്യ സ്വര്‍ണം വാരി. പുരുഷന്മാരുടെ 77 കിലോഗ്രാം വിഭാഗത്തില്‍ അജയ് സിംഗ് സ്വര്‍ണം സ്വന്തമാക്കി.

പുരുഷന്മാരുടെ 69 കിലോഗ്രാം വിഭാഗത്തില്‍ സാംപോ ലാപുംഗും വനിതകളുടെ 58 കിലോഗ്രാം വിഭാഗത്തില്‍ സരസ്വതി റൌട്ടും 56 കിലോഗ്രാം വിഭാഗത്തില്‍ ഗുരു രാജയും സ്വര്‍ണം നേടി.

ഇന്ദര്‍ജിത് പിന്മാറി

സ്പോര്‍ട്സ് ലേഖകന്‍

കോട്ടയം: ഇന്ത്യയുടെ ഷോട്ട്പുട്ട് ത്രോ ചാമ്പ്യന്‍ ഇന്ദര്‍ജിത് സിംഗ് ദക്ഷിണേഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കില്ല. കടുത്ത പുറംവേദനയെത്തുടര്‍ന്നാണ് തനിക്ക് പങ്കെടുക്കാനാവാതെപോകുന്നതെന്ന് ഇന്ദര്‍ജിത് ദീപികയോടു പറഞ്ഞു. ഇന്ത്യയെ പ്രതിനിധീകരിക്കുന്നതില്‍ ഏറ്റവും അഭിമാനമുള്ള അത്ലറ്റാണ് ഞാന്‍. എന്നാല്‍, വളരെ വേദനയോടെ പറയട്ടെ, ഗെയിംസില്‍ പങ്കെടുക്കാനാവില്ല -ഇന്ദര്‍ജിത് പറഞ്ഞു. അമേരിക്കയില്‍ പരിശീലനം നടത്തവേയാണ് ഇന്ദര്‍ജിത്തിനു പരിക്കേറ്റത്. ഒളിമ്പിക്സിനായുള്ള തയാറെടുപ്പിലാണ് ജിതേന്ദര്‍ ഇപ്പോള്‍. ഏഷ്യയില്‍ ഒന്നാം സ്ഥാനത്തുള്ള ജിതേന്ദറില്‍നിന്ന് ഒളിമ്പിക്സില്‍, ഇന്ത്യ ഒരു മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്്. അടുത്ത മീറ്റില്‍ താന്‍ പൂര്‍വാധികം ശക്തമായി തിരിച്ചെത്തുമെന്ന് ഇന്ദര്‍ജിത് ഉറപ്പുനല്‍കി. ഓപ്പണിംഗ് സെറിമണിയില്‍ ഇന്ത്യയുടെ പതാകയേന്തുന്നത് ഇന്ദര്‍ജിത് ആണെന്നു നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഒമ്പതിനാണ് സൌത്ത് ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.


ഹോക്കി: ഇന്ത്യക്കു കൂറ്റന്‍ ജയം, സ്ക്വാഷിലും വോളിയിലും ജയിച്ചു

ഗോഹട്ടി: വനിതാ ഹോക്കിയില്‍ ഇന്ത്യക്കു തകര്‍പ്പന്‍ വിജയം. ഏകപക്ഷീയമായ 24 ഗോളുകള്‍ക്ക് നേപ്പാളിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. റിതു റാണിയും മ ന്ദീപ് കൌറും നേഹയും ദീപികയും ഹാട്രിക് നേടിയപ്പോള്‍ യെന്‍ഡേലയും ബെര്‍ലയും നാലു ഗോള്‍ വീതം നേടി. പുരുഷ ഹോക്കിയില്‍ പാക്കിസ്ഥാന്‍ ഏകപക്ഷീയമായ മൂന്നു ഗോളിന് ശ്രീലങ്കയെ പരാജയപ്പെടുത്തി. ഖോഖോയില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ ഇന്ത്യ വിജയിച്ചു. ടേബിള്‍ ടെന്നീസില്‍ വനിതകളുടെയും പുരുഷന്മാരുടെയും ടീം ഇനത്തില്‍ ഇന്ത്യ ആദ്യജയം സ്വന്തമാക്കി. മാലദ്വീപിനെതിരേയായിരുന്നു വിജയം.

വനിതാ വോളിയില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചു. സ്കോര്‍: 25-5, 25-7, 25-6. പുരുഷവിഭാഗത്തില്‍ ഇന്ത്യ പരാജയപ്പെടുത്തിയത് നേപ്പാളിനെയാണ്.

സ്ക്വാഷില്‍ മിന്നും പ്രകടനത്തോടെ വ്യക്തിഗത ഇനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ മുന്നേറി. വനിതാ വിഭാഗത്തില്‍ സൂപ്പര്‍ താരം ജോഷ്ന ചിന്നപ്പ കുറഞ്ഞത് വെള്ളി ഉറപ്പിച്ചു. പാക്കിസ്ഥാന്റെ സാദിയ ഗുള്ളിനെ 11-7, 11-9, 11-7 എന്ന സ്കോറിനു പരാജയപ്പെടുത്തി.

പാക്കിസ്ഥാന്റെ മരിയ വാസിറാണ് ഫൈനലില്‍ ജോഷ്നയുടെ എതിരാളി. പുരുഷവിഭാഗത്തില്‍ ഇന്ത്യയുടെ സൌരവ് ഘോഷാല്‍ സെമിയിലെത്തി. ബംഗ്ളാദേശിന്റെ മുഹമ്മദ് ഷുമോനെ 11-5, 11-1, 11-3നു പരാജയപ്പെടുത്തി.

മെഡല്‍ നില

(രാജ്യം, സ്വര്‍ണം, വെള്ളി, വെങ്കലം, ആകെ എന്ന ക്രമത്തില്‍)

ഇന്ത്യ 30-12-3-45
ശ്രീലങ്ക 8-18-14-40
പാക്കിസ്ഥാന്‍ 2-5-8-15
ബംഗ്ളാദേശ് 2-3-14-19
നേപ്പാള്‍ 0-3-6-9
അഫ്ഗാനിസ്ഥാന്‍ 0-1-3-4
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.