പരുക്കന്‍ കളി സമനില
പരുക്കന്‍ കളി സമനില
Monday, February 8, 2016 12:35 AM IST
ജോസഫ് പ്രിയന്‍

കോഴിക്കോട്: നാഗ്ജി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ദിവസം റുമാനിയയുടെ എഫ്സി റാപ്പിഡ് ബുക്കാറസ്റും, യുക്രെയിനിന്റെ എഫ്സി വോലിയന്‍ ലുട്സ്കിനും തമ്മില്‍ നടന്ന മത്സരം അടിയും പിടിയുമായി സമനിലയില്‍ കലാശിച്ചു.

കാണികളെ ആദ്യന്തം നിരാശരാക്കിയ മത്സരത്തില്‍ റുമാനിയയുടെ ടുഡോറന്‍ ജോര്‍ജും, യുക്രെയിനിന്റെ മെമ്ഷേവ് റെഡ്വാനുമാണ് ഗോളടിച്ചത്. യുക്രെയിനിന്റെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയതെങ്കിലും പെട്ടെന്നുതന്നെ കളിയുടെ നിയന്ത്രണം റുമാനിയ ഏറ്റെടുത്തു. തുടരെ യുക്രെയിന്റെ ഗോള്‍മുഖത്ത് അക്രമം അഴിച്ചുവിട്ട റുമാനിയ 12-ാം മിനിറ്റില്‍തന്നെ ലക്ഷ്യം കണ്ടു. പെനാല്‍റ്റി ബോക്സിന് തൊട്ടുമുന്നില്‍ നിന്ന് മാര്‍ട്ടിന്‍ മഡാലിന്‍ വലതുവശത്തേക്ക് അളന്നു മുറിച്ചു നല്‍കിയ പാസ് ഡിഫന്‍ഡര്‍മാര്‍ മാര്‍ക്ക്ചെയ്യാതെ ബോക്സിനുള്ളിലേക്ക് ഓടിക്കയറിയ ടുഡോറന്‍ ജോര്‍ജിന്റെ വലതുകാലില്‍ ലഭിച്ചു. പതിയെ പന്ത് വലയ്ക്കുള്ളിലേക്ക് തട്ടിയിടേണ്ട ബാധ്യതയേ ടുഡോറനുണ്ടായിരുന്നുള്ളൂ. 58ാം മിനിറ്റിലാണ് യുക്രെയിന്‍ ഗോള്‍ മടക്കിയത്. യുക്രെയിനിന്റെ നായകന്‍ സെര്‍ജി ക്രാവ്ചെങ്കോ പോസ്റ്റിന് മുപ്പതു മീറ്റര്‍ അകലെ നിന്ന് ഉയര്‍ത്തി നല്‍കിയ പാസ് ഓടിക്കയറിയ മെമ്ഷേവ് റെഡ്വാന്‍ വായുവില്‍ പറന്ന് അത്യുഗ്രന്‍ ഹെഡിലൂടെ വലയ്ക്കുള്ളിലാക്കി. റെഡ്വാന്റെ പൊടിപാറിയ പ്രകടനം കണ്ട് ഗാലറി ഒന്നടങ്കം ആവേശത്തിലാറാടി. പിന്നീട് നിരവധി അവസരങ്ങള്‍ ഇരു ടീമുകള്‍ക്കും ലഭിച്ചെങ്കിലും ആരേയും ഭാഗ്യം തുണച്ചില്ല. പരുക്കന്‍ അടവുകള്‍ കണ്ട മത്സരത്തില്‍ ഇന്ത്യന്‍ റഫറി സി.ആര്‍. ശ്രീകൃഷ്ണയ്ക്ക് മഞ്ഞ കാര്‍ഡ് പലവട്ടം പുറത്തെടുക്കേണ്ടി വന്നു. 16ാം മിനിറ്റില്‍ യുക്രെയിന്റെ ഷാബനോവിനെ ഫൌള്‍ ചെയ്തിനെത്തുടര്‍ന്ന് ഇരുടീമിലെയും കളിക്കാര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. റഫറി ഇടപെട്ട് താരങ്ങളെ ശാന്തരാക്കി. 67ാം മിനിറ്റില്‍ യുക്രെയിന്‍ താരത്തെ ഫൌള്‍ ചെയ്തതിന് വീണ്ടും കളിക്കാര്‍ തമ്മില്‍ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. ഇത്തവണ റുമാനിയയുടെ ഗോള്‍ കീപ്പര്‍ വിര്‍ജില്‍ ദ്രാഹിയയും, പോപ്പയും മഞ്ഞക്കാര്‍ഡ് ചോദിച്ചുവാങ്ങി. 30ാം മിനിറ്റില്‍ പോപ്പ യുക്രെയിനിന്റെ മെമഷേവ് റെഡ്വാനെ ഫൌള്‍ ചെയ്തിന് പെനാറ്റി ബോക്സിന് തൊട്ടുമുന്നില്‍ ഫ്രീകിക്ക് കിട്ടി. യുക്രെയിന്റെ ഡിഡെങ്കോ എടുത്ത ഗോളെന്നുറച്ച ഫ്രീകിക്ക് റുമാനിയന്‍ ഗോളി ദ്രാഗിയ സമര്‍ത്ഥമായി കൈപ്പിടിയിലൊതുക്കി. ആകെ ഏഴ് മഞ്ഞക്കാര്‍ഡുകളാണ് റഫറി പുറത്തെടുത്തത്. 71ാം മിനിറ്റില്‍ റുമാനിയയുടെ പകരക്കാരനായിറങ്ങിയ മോറര്‍ വ്ളാഡട്ട് വലതുവിംഗില്‍ നിന്നും ഉയര്‍ത്തി നല്‍കിയ പാസ് പോപ്പ അത്യുഗ്രന്‍ ബൈസിക്കിള്‍ ഷോട്ടിലൂടെ ഗോളാക്കാന്‍ ശ്രമിച്ചെങ്കിലും പോസ്റ്റിനരികിലൂടെ പുറത്തേക്ക് പോയി. ഇഞ്ചുറി ടൈമില്‍ ഇരു ടീമുകളും വിജയഗോളിനായി തീപാറിയ പോരാട്ടം കാഴ്ചവച്ചു. റുമാനിയയുടെ കിയാബു, ടുഡോറന്‍ ജോര്‍ജ്, മാര്‍ട്ടിന്‍ മഡാലിന്‍ എന്നീ മുന്‍നിര താരങ്ങള്‍ നിരവധി അവസരങ്ങള്‍ അവസാന നിമിഷം സൃഷ്ടിച്ചെങ്കിലും നിര്‍ഭാഗ്യംകൊണ്ടുമാത്രമാണ് ഗോള്‍ നേടാന്‍ സാധിക്കാതിരുന്നത്. യുക്രെയിനിന്റെ സെര്‍ജി ക്രാവ്ചെങ്കോ, മെമ്ഷേവ് റെഡ്വാന്‍, ഡിഡെങ്കോ എന്നിവരും മികച്ച പ്രകടനമാണ് അവസാന നിമിഷം വരെ കാഴ്ചവച്ചത്.


നാഗ്ജി ചാമ്പ്യന്‍ഷിപ്പില്‍ കഴിഞ്ഞ രണ്ടു മത്സരങ്ങളും ഏകപക്ഷീയമായ ഗോളുകള്‍ക്കാണ് ഇംഗ്ളണ്ടും ജര്‍മനിയും വിജയിച്ചത്. ആദ്യമായാണ് കാണികളെ നിരാശയിലാക്കി ഒരു മത്സരം സമനിലയില്‍ കലാശിച്ചത്. ഇന്ന് വൈകിട്ട് ഏഴിന് അയര്‍ലന്‍ഡ് ടീമായ ഷാംറോക്ക് റോവേഴ്സ് എഫ്സി യുക്രെയിന്‍ ടീമായ എഫ്സി ഡിംപ്രോയെ നേരിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.